Content | കര്‍ത്താവിന്റെ ദിവസത്തില്‍ കായിക പരിശീലനങ്ങളും മത്സരങ്ങളും പാടില്ലെന്ന് അമേരിക്കയിലെ ഡെട്രോയിറ്റ് മെത്രാപ്പോലീത്ത അല്ലെന്‍ എച്ച്. വിനെറോണ്‍. ഡെട്രോയിറ്റ് അതിരൂപതയിലെ കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇനിമുതൽ എല്ലാ ഞായറാഴ്ചകളും വിശ്രമദിനങ്ങളാണ്.
ആർച്ച് ബിഷപ്പ് അല്ലെന്‍ വിനെറോണ്‍ തന്റെ അതിരൂപതാ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച പുതിയ അജപാലക പ്രസ്താവനയനുസരിച്ച് ഇനിമുതല്‍ കര്‍ത്താവിന്റെ ദിവസമായ ഞായറാഴ്ച്ച കര്‍ത്താവിനും, കുടുംബത്തിനും, കാരുണ്യ പ്രവര്‍ത്തികള്‍ക്കുമായി മാറ്റിവയ്ക്കണം. അതിരൂപതയുടെ കീഴിലുള്ള ഹൈസ്കൂളുകളിലും, പ്രൈമറി സ്കൂളുകളിലും ഇനിമുതല്‍ ഞായറാഴ്ചകളില്‍ യാതൊരു വിധ കായിക പരിപാടികളോ, പരിശീലനങ്ങളോ നടത്തുവാന്‍ പാടില്ലെന്നും മെത്രാപ്പോലീത്തയുടെ പ്രസ്താവനയില്‍ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
ആദിമസഭയില്‍ ഞായറാഴ്ചകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നുവെന്നും, ക്രമേണ ഞായറാഴ്ചകളുടെ പ്രാധാന്യം നഷ്ടപ്പെട്ടുവെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാണിക്കുന്നു. ഞായറാഴ്ച എന്നത് ആഴ്ചയിലെ മറ്റ് ദിവസങ്ങളെപ്പോലെയല്ലന്നും; ഓരോ ഞായറും ഒരു ചെറിയ ‘പുനരുത്ഥാന ഞായര്‍’ ആണെന്നും. അതിനാല്‍ ഞായറാഴ്ചകളില്‍ വിശ്വാസികള്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുകയും, കുടുംബത്തോടൊപ്പം ചിലവഴിക്കുകയും, ജീവകാരുണ്യ പ്രവർത്തികളും മറ്റ് ആത്മീയ കാര്യങ്ങളും ചെയ്യുകയുമാണ് വേണ്ടത്. ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കണമെന്ന് അനുശാസിക്കുന്ന കാനോന്‍ നിയമങ്ങളും, സഭാ പ്രബോധനങ്ങളും അദ്ദേഹം തന്റെ പ്രസ്താവനയിൽ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
"ലൗകീക കാര്യങ്ങള്‍ മാറ്റിവെച്ച് നമ്മുടെ കണ്ണുകള്‍ യേശുവിലേക്ക് മാത്രം കേന്ദ്രീകരിക്കുക. ഈ കച്ചവട സംസ്കാരം ഒരു ക്രൈസ്തവ വിശ്വാസിക്കു ചേർന്നതല്ല, ഞായറാഴ്ചകളിലെ ലൗകീക വ്യാപാരങ്ങള്‍ ഉപേക്ഷിക്കണം. പരിശുദ്ധാത്മാവ് യേശുവിന്റെ ശിക്ഷ്യന്‍മാരില്‍ ശക്തി ചൊരിഞ്ഞ ദിവസമാണ് ഞായര്‍. അതിനാല്‍ വിശ്വാസത്തില്‍ വളരുവാന്‍ ഏറ്റവും അനുയോജ്യമായ ദിവസവും ഞായര്‍ തന്നെ." അദ്ദേഹം തന്റെ പ്രസ്താവനയില്‍ പറയുന്നു. ‘കര്‍ത്താവിന്റെ ദിവസത്തെ ആദരിക്കുവാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ല’ എന്നാണ് മെത്രാപ്പോലീത്തയുടെ പ്രസ്താവനയോടുള്ള പൊതുവായ പ്രതികരണം.
ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഞായറാഴയുടെ പ്രാധാന്യത്തെ വിസ്മരിച്ചുകൊണ്ട് അന്നേദിവസം കൂടുതൽ ധന സമ്പാദനത്തിനും, ലൗകിക കാര്യങ്ങൾക്കും, മദ്യപാനം പോലുള്ള തെറ്റായ പ്രവർത്തികൾക്കുമായി മാറ്റിവയ്ക്കുന്ന പ്രവണത ക്രിസ്ത്യാനികൾക്കിടയിൽ വർദ്ധിച്ചു വരുന്നുണ്ട്. ചിലപ്പോഴൊക്കെ ക്രൈസ്തവസ്ഥാപനങ്ങൾ പോലും ഇത്തരം പ്രവർത്തികൾക്കുള്ള വേദിയായി മാറാറുണ്ട്. ഈ സാഹചര്യത്തിൽ ആർച്ച് ബിഷപ്പ് അല്ലെന്‍ വിനെറോനെപ്പോലെ ധീരമായ തീരുമാനങ്ങെളെടുക്കുന്ന മേലധ്യക്ഷന്മാർ ഇന്ന് സഭയ്ക്ക് ആവശ്യമാണ്. |