Content | കൊച്ചി: കാരുണ്യവര്‍ഷാചരണത്തിന്റെ ഭാഗമായി കെസിബിസി പ്രൊ-ലൈഫ് സമിതി നേതൃത്വം നല്‍കുന്ന കാരുണ്യ കേരള സന്ദേശ യാത്രയുടെ കോട്ടയം കാഞ്ഞിരപ്പിളളി മേഖലാ പര്യടനം ഏപ്രില്‍ 1,2 തീയതികളില്‍ നടക്കും. ഏപ്രില്‍ 1-ാം തീയതി രാവിലെ പാലാ രൂപതയുടെ ശാലോം പാസ്റ്ററല്‍ സെന്ററില്‍ രാവിലെ 11.30ന് നടക്കുന്ന പാലാ രൂപതാ പ്രൊലൈഫ് സമ്മേളനം മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോട്ടയം അതിരൂപതയിലേയും, പാലാ, വിജയപുരം രൂപതകളിലേയും വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് 5.30 ന് കോട്ടയം നവജീവനില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.
ഏപ്രില്‍ രണ്ടാം തീയതി കാഞ്ഞിരപ്പിളളി പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന കാരുണ്യ പ്രവര്‍ത്തക സംഗമം കാഞ്ഞിരപ്പിളളി രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കന്‍ ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി , പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, വൈസ് പ്രസിഡന്റ് യുഗേഷ് തോമസ്, ജനറല്‍ കണ്‍വീനര്‍ ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ് FCC, പി.യു തോമസ് (നവജീവന്‍), സന്തോഷ് (മരിയസദന്‍), സിസ്റ്റര്‍ പ്രതിഭ തുടങ്ങിയവര്‍ കാരുണ്യ സന്ദേശയാത്രയില്‍ വിവിധ കാരുണ്യ സ്ഥാപനങ്ങളിലും പൊതുസമ്മേളനങ്ങളിലും പ്രസംഗിക്കും. കോട്ടയം മേഖലാ പ്രരിപാടികള്‍ക്ക് ഫാ. ബ്രസ്സന്‍ ഒഴുങ്ങലില്‍ (കോട്ടയം അതിരൂപത), ഫാ ജോര്‍ജ്ജ് പീടികപറമ്പില്‍ (വിജയപുരം രൂപത), ഫാ. ജോണ്‍സണ്‍ പുളളിറ്റ്, (പാലാ രൂപത) ഫാ. തോമസ് വെണ്‍മാന്തറ (കാഞ്ഞിരപ്പിളളി രൂപത) എന്നിവര്‍ നേതൃത്വം നല്‍കും. രണ്ടു ദിവസങ്ങളിലായി ഇരുന്നൂറോളം കാരുണ്യ പ്രവര്‍ത്തകരേയും സ്ഥാപനങ്ങളേയും ആദരിക്കുന്നതാണ്.
വഴിയോരങ്ങളില്‍ കണ്ടെത്തുന്ന അഗതികളെ സംരക്ഷണകേന്ദ്രങ്ങളില്‍ എത്തിക്കുവാന്‍ യാത്രാ സംഘത്തോടൊപ്പം മൊബൈല്‍ ബാത്ത്, മെഡിക്കല്‍ ടീം എന്നിവയും അനുഗമിക്കുന്നു. വൈദീകര്‍, സന്ന്യസ്തര്‍, അല്മായ പ്രേഷിതര്‍ എന്നിവരടങ്ങിയ യാത്രാ സമിതിയില്‍ ഇരുപത്തിയഞ്ചോളം സാമൂഹ്യ പ്രവര്‍ത്തകര്‍ ഉണ്ട്. വൈകുന്നേരങ്ങളില്‍ കാരുണ്യ സംഗമങ്ങളും സംഘടിപ്പിക്കുന്നു. അര്‍ഹതയുളളവര്‍ക്ക് നല്‍കാന്‍ ഭക്ഷണം, വസ്ത്രം, കുടിവെളളം എന്നിവയും കാരുണ്യവാഹനത്തില്‍ ഉണ്ടാകും. ജാതി മതഭേദമെന്യേ, ജീവകാരുണ്യപ്രസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്യും. 'ദൈവത്തിന്റെ മുഖം സ്‌നേഹവും കരം കാരുണ്യവുമാണ്' എന്നതാണ് ഈ യാത്രയുടെ മുഖ്യ സന്ദേശം
കാരുണ്യ വര്‍ഷത്തോടനുബന്ധിച്ച് കെസിബിസി പ്രൊലൈഫ് സമിതി നേതൃത്വം നല്‍കുന്ന കാരുണ്യ സന്ദേശ യാത്ര കഴിഞ്ഞ ഡിസംബര്‍ 10 ന് കെസിബിസി പ്രസിഡന്റ് ക്ലിമീസ് മാര്‍ ബസേലിയോസ് ഉദ്ഘാടനം ചെയ്തു. 11 മാസം കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലേയും മൂവായിരത്തോളം അഗതി സംരക്ഷണകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കാരുണ്യ പ്രവര്‍ത്തേകരെ ആദരിക്കുന്നതാണ്. കെസിബിസി ഫാമിലി കമ്മീഷന്റേയും പ്രൊലൈഫ് സമിതിയുടേയും ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗ്ഗീസ് വളളിക്കാട്ട് എന്നിവര്‍ അടങ്ങുന്ന സമിതിയാണ് കാരുണ്യസന്ദേശയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. 2016 നവംബര്‍ 19ന് എറണാകുളത്ത് മഹാ ജീവകാരുണ്യ സംഗമം നടത്തുന്നതാണ്.
|