Content | സിംഗപ്പൂര്‍ സിറ്റി: ആയിരങ്ങളിലേക്ക് കര്‍ത്താവിന്റെ വചനമെത്തിക്കാന്‍ സിംഗപ്പൂരിൽ കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ പ്രവർത്തനമാരംഭിച്ചു. സിംഗപ്പൂർ അതിരൂപതയുടെ നേതൃത്വത്തില്‍ 'ദി കാത്തലിക് സിംഗപ്പൂർ റേഡിയോ' എന്നു പേരു നല്‍കിയിരിക്കുന്ന റേഡിയോ ചാനല്‍ ലോക സാമൂഹ്യ സമ്പർക്ക മാധ്യമദിനമായിരുന്ന ജൂൺ രണ്ടാം തീയതിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. റേഡിയോയിലൂടെ സുവിശേഷം പ്രഘോഷിക്കുന്നതിലേയ്ക്ക് മടങ്ങിപ്പോകുന്നത് ഒരു മനോഹരമായ കാര്യമാണെന്ന് അതിരൂപതയിലെ സമ്പർക്ക മാധ്യമങ്ങളുടെ അധ്യക്ഷനായ ഫാ. ആന്ധ്രേ അച്ചാക്ക് പ്രതികരിച്ചു.
പുതിയ സാങ്കേതികവിദ്യകളിലൂടെ ആളുകളിൽ സുവിശേഷം എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടോക്ക് ഷോകളും ഗാനങ്ങളും, അഭിമുഖങ്ങളും വചന വിചിന്തനങ്ങളും റേഡിയോയിലൂടെ ലഭ്യമാകും. കത്തോലിക്കർക്കും, അകത്തോലിക്കർക്കും ഒരേപോലെ മനസ്സിലാകുന്ന രീതിയിലാണ് പ്രോഗ്രാമുകൾ ക്രമീകരിക്കുന്നത്. അതേസമയം റേഡിയോ സംപ്രേക്ഷണം ആപ്ലിക്കേഷൻ രൂപത്തിലും www.catholic.sg എന്ന വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്. സിംഗപ്പൂരിലെ ആകെ ജനസംഖ്യയുടെ ഒന്‍പത് ശതമാനമാണ് കത്തോലിക്കര്‍. |