Content | വെല്‍ഡണ്‍, നോര്‍ത്ത് കരോലിന: 106 വര്‍ഷങ്ങള്‍ നീണ്ട ദീര്‍ഘായുസ്സ് തനിക്ക് സമ്മാനിച്ചതില്‍ ദൈവത്തോട് നന്ദി പറയുകയാണ് വടക്കന്‍ കരോളിനയിലെ ഹാലിഫാക്സ് കൗണ്ടി സ്വദേശിനിയായ റൂത്ത് ഹില്ല്യാര്‍ഡ്. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു റൂത്തിന്റെ നൂറ്റിയാറാമത് ജന്മദിനം. തനിക്ക് ആയുസ് നല്കിയതിന് പിന്നില്‍ ദൈവമാണെന്നും ജീവിതത്തെ ശക്തിപ്പെടുത്തിയത് വിശുദ്ധ ബൈബിളാണെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
1913 ജൂണ്‍ അഞ്ചിനായിരുന്നു റൂത്ത് ജനിച്ചത്. ഒരു സ്കൂള്‍ ടീച്ചറായിരുന്ന റൂത്ത് ദശകങ്ങളോളം അദ്ധ്യാപനവൃത്തിയില്‍ ചിലവഴിച്ചു. ഇതിനെല്ലാം പുറമേ ദൈവം തനിക്ക് കാണിച്ചു തന്ന ബൈബിളിലെ സത്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന ഒരു മതബോധന അദ്ധ്യാപക കൂടിയായായിരുന്നു അവര്‍. ഈ നൂറ്റിയാറാം വയസ്സിലും വിശുദ്ധ ലിഖിതങ്ങള്‍ ഉരുവിടുന്നതില്‍ റൂത്തിന് പ്രത്യേക കഴിവാണുള്ളത്. തന്റെ പ്രിയപ്പെട്ട ബൈബിള്‍ വാക്യത്തിന്റെ മൂല്യം കാണിച്ചു തരുവാനാണ് ജീവിതത്തിലെ 106 വര്‍ഷങ്ങളും ദൈവം ഉപയോഗിച്ചതെന്നാണ് റൂത്ത് വിശ്വസിക്കുന്നത്.
“അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ ഞാന്‍ അവനോട് ചേര്‍ന്ന് നില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും. ദീര്‍ഘായുസ്സ് നല്‍കി അവനെ ഞാന്‍ സംതൃപ്തനാക്കും; എന്റെ രക്ഷ ഞാന്‍ അവനു കാണിച്ചുകൊടുക്കും” (സങ്കീര്‍ത്തനങ്ങള്‍ 91:15-16) എന്നതാണ് റൂത്തിന്റെ ഇഷ്ട്ട വചനം. മകനേയും 3 പേരക്കുട്ടികളേയും, പേരക്കുട്ടിയുടെ കുട്ടിയേയും അതായത് മൂന്നു തലമുറയെ കാണാനുള്ള ഭാഗ്യം ദൈവം റൂത്തിന് നല്‍കി. 106 വയസ്സ് എന്ന നാഴികകല്ല് താണ്ടിയ റൂത്തിനെ ആദരിച്ചു കൊണ്ട് നോര്‍ത്ത് കരോലിന ഹൗസ് റെപ്രസന്റേറ്റീവ്സ് പ്രത്യേക സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം കൈമാറിയിരിന്നു.
|