Content | സ്പെയിനിൽ സെവീലിൽ മൺ പാത്രങ്ങൾ ഉണ്ടാക്കി വിറ്റ് ഉപജീവനം കഴിച്ചിരുന്ന രണ്ട് ക്രിസ്തീയ വനിതകൾ ആണ് യുസ്തായും, റുഫീനായും. വിജാതീയ പൂജകൾക്ക് ഉപയോഗിക്കുവാനുള്ള പാത്രങ്ങൾ അവർ ആർക്കും വിറ്റിരുന്നില്ല. കുപിതരായ വിജാതീയർ ആ വനിതകൾ വില്ക്കാൻ വെച്ചിരുന്ന പാത്രങ്ങൾ എല്ലാം ഉടച്ചുകളഞ്ഞു. ഇതിനു പ്രതികാരമായി ഒരു ദേവിയുടെ വിഗ്രഹം അവർ തകർത്തു. വിജാതീയർ രോഷം പൂണ്ട് ഗവർണ്ണരോട് ആവലാതിപ്പെട്ടു.
പ്രിഫെക്ട് യുസ്തായോടും, റുഫീനായോടും നശിപ്പിച്ച വിഗ്രഹങ്ങൾ ഏതു ദേവന്മാരുടെയാണോ ആ ദേവന്മാർക്ക് ബലി ചെയ്യാൻ ആജ്ഞാപിച്ചു. അവർ അതിനു സന്നദ്ധരായില്ലയെന്ന് മത്രമല്ല തങ്ങളുടെ ഗുരു യേശുക്രിസ്തുവാണെന്ന് ഏറ്റുപറയുകയും ചെയ്തു. ഉടനടി അവരെ പീഡനയന്ത്രത്തിൽ കിടത്തി അവയവങ്ങൾ വലിച്ചു നീട്ടാനും, പള്ള മുള്ളുകൊണ്ട് കീറാനും പ്രിഫെക്ട് ഉത്തരവിട്ടു. ബലി സമർപ്പിക്കാൻ സന്നദ്ധരാകുകയാണെങ്കിൽ മോചിക്കാൻ വേണ്ടി ഒരു വിഗ്രഹം പീഡനോപകരണത്തിന്റെ അരികെ വെച്ചിരുന്നു. ഈ മർദ്ദനങ്ങൾ കൊണ്ടൊന്നും അവരൂടെ വിശ്വാസം ചഞ്ചലിച്ചില്ല .
യുസ്താ പീഡനയന്ത്രത്തിൽ കിടന്നു മരിച്ചു. റുഫിനായുടെ കഴുത്ത് ഞെക്കിക്കൊല്ലാനും രണ്ടുപേരുടെ ശരീരവും ദഹിപ്പിക്കാനും പ്രിഫെക്ട് ആജ്ഞ നല്കി.
വിചിന്തനം: “ദൈവത്തെ സ്നേഹിക്കാതെ ഒരു നിമിഷം ഞാൻ ജീവിക്കില്ല. സ്നേഹിക്കുന്നവൻ സഹിക്കുന്നില്ല: അഥവാ സഹിക്കുന്നെങ്കിൽ ആ സഹനത്തെ സ്നേഹിക്കുന്നു” (വി. അഗസ്റ്റിൻ).
ഇതര വിശുദ്ധർ:
1. അമ്പ്രോസ് ഔട്ട് പെർത്തൂസ്. +778 ഷാർൾമാൻ ചക്രവർത്തിയുടെ ഗുരു.
2. ആർസേനിയൂസ്. +449 റോമൻ ഡീക്കൺ. മെംഫിസ്സിന്നരികെ പാറക്കെട്ടിൽ ഏകാന്തതയിൽ ജീവിച്ചു മരിച്ചു.
3. ഔറയാ. +856 കൊർഡോവായിൽ ജനിച്ചു. സ്വന്തം കുടുംബക്കാർ ഒറ്റിക്കൊടുത്ത് തലവെട്ടപ്പെട്ടു.
4. ഫെലിച്ചീനസ്( വെറൊണയിലെ ഫെലിക്സ്).
5. പാവിയായിലെ ജെറോം. |