Content |
വാഷിംഗ്ടണ്‍ ഡിസി: അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ അമേരിക്കൻ പ്രസിഡന്റ് പദവി നിലനിർത്താനായുള്ള ഡൊണാൾഡ് ട്രംപിന്റെ ഇലക്ഷൻ പ്രചാരണം ആരംഭിച്ചത് യേശു നാമത്തില്‍. ട്രംപിന്റെ 'പേഴ്സണൽ പാസ്റ്റർ' എന്ന പേരില്‍ അറിയപ്പെടുന്ന പോള വൈറ്റാണ് ഫ്ലോറിഡയിൽ ആരംഭിച്ച ഇലക്ഷൻ പ്രചാരണത്തിന് പ്രാർത്ഥനയോടെ തുടക്കമിട്ടത്. തന്റെ പ്രാർത്ഥനയിൽ യേശുനാമത്തില്‍ പോള ട്രംപിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയായിരിന്നു. ട്രംപിന്റെ വിളിക്കെതിരെ ഒരുമിച്ചിരിക്കുന്ന പൈശാചിക ശൃംഖലകൾ യേശു നാമത്തിന്റെ ശക്തിയാൽ തകരുകയും കീഴ്പ്പെടുകയും ചെയ്യട്ടെയെന്ന് പോള വൈറ്റ് ട്രംപിനെ ഒപ്പംനിർത്തി പ്രാർത്ഥിച്ചു.
ശത്രുക്കളിൽ നിന്നും, നരകത്തിൽ നിന്നും തനിക്കെതിരെ രൂപപ്പെടുന്ന എല്ലാ പദ്ധതികളും ട്രംപ് മറികടക്കുമെന്നും അവർ പറഞ്ഞു. ട്രംപിന്റെ വിളിയും, ലക്ഷ്യങ്ങളും, കുടുംബവും, ഇലക്ഷൻ വിജയവും എല്ലാ നമ്മളെക്കാളും ഉപരിയായ യേശുക്രിസ്തുവിന്റെ നാമത്താൽ താൻ പൊതിയുന്നെന്നും പോള വൈറ്റ് തന്റെ പ്രാർത്ഥനയിൽ കൂട്ടിച്ചേർത്തു. 2016ൽ ട്രംപ്, ഇലക്ഷൻ വിജയത്തിനു ശേഷം നടത്തിയ സത്യപ്രതിജ്ഞയിലും പോള വൈറ്റ് പ്രാർത്ഥനയ്ക്കായി ക്ഷണിക്കപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ പിന്തുടരുന്ന ട്രംപിനെതിരെ ആഗോള തലത്തില്‍ നിരീശ്വരവാദികള്‍ അടക്കമുള്ളവര്‍ അസ്വസ്ഥരാണ്. |