Content | ബൈസാന്‍ത്തീന്‍ കാലത്തു 'കാപ്പിറ്റല്‍' എന്ന സ്ഥലത്ത് നിത്യകന്യകയുടെ പേരിലുള്ള ഒരു പ്രതിമയുണ്ടായിരിന്നുവെന്ന് എ.ഡി. 454 തൊട്ടുള്ള അതിപുരാതന പാരമ്പര്യ ചരിത്രത്തില്‍ കാണുന്നുണ്ട്. പില്‍ക്കാലത്ത്, വര്‍ദ്ധിച്ചുവന്ന വിശ്വാസികള്‍ മുമ്പ് 'കാപിറ്റല്‍' ആയിരുന്ന സ്ഥലത്ത് ഒരു ചെറിയ പള്ളി സ്ഥാപിച്ചു.
ഒരു പുഴയിലൂടെ നടന്ന് കുറുകെ കടക്കാവുന്ന ആഴമില്ലാത്ത കടവില്‍ 657 ലാണ് ഈ പള്ളി സ്ഥാപിച്ചത്; അതിനാല്‍ തന്നെ ഈ പള്ളിയെ ''കരക്കടവിലെ വിശുദ്ധ മറിയത്തിന്റെ പള്ളി'' എന്ന് നാമകരണം ചെയ്യുകയുണ്ടായി. 500 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കൊച്ചുപള്ളിയിലാണ്, ഏവരെയും അതിശയിപ്പിച്ച് കൊണ്ട് ദിവ്യകാരുണ്യാത്ഭുതം സംഭവിച്ചത്.
അന്ന് 1171 മാര്‍ച്ച് 28-ലെ ''ഉയര്‍പ്പ് ഞായര്‍'' ആയിരുന്നു. പോര്‍ച്ചുയെന്‍സി സഭക്കാരായ ഫാ. ബോണോ, ഫാ. ലിയണാര്‍ഡോ, ഫാ. ഐയിമോണ്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തില്‍ ഫാ. പെയിട്രോ ഡി വെറോണായാണ് ഉയര്‍പ്പ് തിരുന്നാള്‍ ദിവ്യബലിയുടെ മുഖ്യകാര്‍മ്മികത്വം വഹിച്ചത്. വാഴ്ത്തിയ ഓസ്തി രണ്ടായി മുറിച്ച നിമിഷത്തില്‍, ഓസ്തിയില്‍ നിന്നും രക്തം ചീറ്റുന്ന അമ്പരപ്പിക്കുന്ന കാഴ്ചയാണ് അവിടെയുണ്ടായിരുന്നവര്‍ കണ്ടത്. അള്‍ത്താരയുടെ പുറകിലും മുകളിലുമായി സ്ഥിതി ചെയ്തിരുന്ന അര്‍ത്ഥ വൃത്താകൃതിയിലുള്ള കവാടത്തിന്റെ ഭിത്തിയില്‍ തെറിച്ചു വീഴത്തക്കവിധം അതിശക്തവും ഘനമുള്ളതുമായിരുന്നു ആ രക്തപ്രവാഹം. രക്തം മാത്രമല്ല, ഓസ്തി മാംസമായി മാറുന്നതും അവിടെയുള്ളവര്‍ സാക്ഷ്യം വഹിച്ചു.
പള്ളിയ്ക്കുള്ളില്‍ മാത്രമല്ല, ഇടവകയില്‍ ഉടനീളവും, ചുറ്റുമുള്ള പ്രദേശങ്ങളിലും ഉടനടി ഈ മഹാത്ഭുതത്തിന്റെ വാര്‍ത്ത പരന്നു; അവിശ്വസനീയമായ ആവേശം എല്ലാവരിലും ഉയര്‍ന്നുപൊങ്ങി. ഫെറാറെയിലെ ബിഷപ്പ് അമത്തോയും, റവന്നായിലെ ആര്‍ച്ച് ബിഷപ്പ് ഗെറാര്‍ഡോയും തല്‍ക്ഷണം സംഭവസ്ഥലത്തെത്തി. അത്ഭുതത്തിന്റെ തെളിവുകളായ, രക്തവും മാംസവും കണ്ട് അത് യേശുവിന്‍റെ ശരീര രക്തമാണെന്ന് അവര്‍ക്ക് ബോധ്യമായി. ഇത് 'നമ്മുടെ കര്‍ത്താവിന്റെ ദിവ്യാത്ഭുത രക്ത'മാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തി.
ഗെറാള്‍ഡോ കാംബ്രന്‍ഡ് 1197-ല്‍ രചിച്ച ''ഗെമാ എക്‌സിയാസ്റ്റിക്കാ'' എന്ന പുസ്തകമാണ് അത്ഭുതത്തിന്റെ വിശദവിവരങ്ങടങ്ങിയ ആദ്യകാലരേഖയെന്ന്‍ പറയാവുന്നത്. ഫെറാറയില്‍ ജീവിച്ചിരുന്ന മോണ്‍സിജ്ഞോര്‍ ആന്റോണിയോ സമരിത്താനിയാണ് 1981-ല്‍ ഈ കൈയ്യെഴുത്ത് രേഖ കണ്ടെത്തിയത്. ഇതിന്‍റെ രേഖ ഇപ്പോള്‍ ലണ്ടനിലും, ഒരു പ്രതി വത്തിക്കാനിലും സൂക്ഷിച്ചിരിക്കുകയാണ്.
ഈ അപൂര്‍വ്വ അത്ഭുതം അംഗീകരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ മിഗ്‌ജ്യോയോരാട്ടി 1404 മാര്‍ച്ച് 6ന് എഴുതിയ മറ്റൊരു രേഖയെയും ഇതംഗീകരിച്ചുകൊണ്ട് 1442 ഏപ്രില്‍ 7ന് യുജീനിയോ നാലാമന്‍ മാര്‍പ്പാപ്പ പുറപ്പെടുവിച്ച ഔദ്യോഗിക കല്പനയുമുണ്ടെന്ന് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവയെക്കെല്ലാം പുറമേ, ബനഡിക്ട് പതിനാലാമന്‍ മാര്‍പ്പാപ്പായും (1740-1758) കര്‍ദ്ദിനാള്‍ നിക്കോളോ ഫെയ്ഷി 1519-ലും ഈ ദിവ്യാത്ഭുതത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
അത്ഭുതം നടന്ന അള്‍ത്താരയുടെ ദര്‍ശനം ലഭിക്കുവാനെത്തിയ സന്ദര്‍ശകരില്‍ ഏറ്റവും വിശിഷ്ടവ്യക്തി 1857-ല്‍ പള്ളിയില്‍ എത്തിയ പിയൂസ് ഒന്‍പതാമന്‍ പാപ്പായാണ്. രക്തത്തുള്ളികളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പരിശുദ്ധപിതാവ് പ്രസ്താവിച്ചത് ഇപ്രകാരമാണ്: ''ഓര്‍വിറ്റോയില്‍ ഈശോയുടെ തിരുശരീരത്തില്‍ പ്രത്യക്ഷപ്പെട്ട അത്ഭുത രക്തത്തുള്ളികള്‍ പോലെ തന്നെയാണ് ഈ തുള്ളികളും.''
1500-ലാണ് ഈ കൊച്ചുപള്ളി പുതുക്കിപ്പണിഞ്ഞ് ഇന്നുകാണുന്ന ബസിലിക്കയായി രൂപാന്തരപ്പെടുത്തിയത്. അഴിച്ചുപണി ആരംഭിച്ചപ്പോള്‍, അത്ഭുതസമയത്ത് രക്തം തെറിച്ചു വീണപാടുകള്‍ കാണാവുന്ന, ചുവപ്പുനിറമാര്‍ന്ന ആ മാര്‍ബിള്‍ കമാന വില്‍ഭിത്തി, കൊച്ചുപള്ളിയില്‍ നിന്നും വേര്‍പെടുത്തി ഒരു വശത്തായി ഒരു ചാപ്പലിനുള്ളിലാക്കി മനോഹരമായി അലങ്കരിച്ച ഒരു പശ്ചാത്തലത്തില്‍ സ്ഥാപിക്കപ്പെട്ടു. അതിന്നും അവിടെ കാണാന്‍ സാധിയ്ക്കും. രണ്ടു നിലയുള്ള ഈ ചാപ്പലിന്റെ തറനിരപ്പില്‍ അള്‍ത്താരയും, വില്‍കവാടം രണ്ടാം നിലയിലുമാണ്.
ഗോവണിപ്പടികള്‍ അള്‍ത്താരയുടെ ഓരോവശത്തു കൂടിയുമാകയാല്‍ സന്ദര്‍ശകര്‍ക്കു വില്‍ഭിത്തി അടുത്ത് നിന്ന് ഭയഭക്തിയോടെ പരിശോധിക്കുവാന്‍ സാധിക്കും. തിരുരക്തം ഇപ്പോഴും നഗ്നനേത്രം കൊണ്ട് കാണാന്‍ കഴിയുന്നത് കൊണ്ട് കാഴ്ചക്കാര്‍ ഇതിനെ ഒരപൂര്‍വ്വ പുരാവസ്തുവായി കണക്കാക്കി അകമഴിഞ്ഞ് ആദരിക്കുന്നു.
'The Blood of the Saviour' സഭയുടെ മഹാനായ അപ്പോസ്തലനായ വി. ഗാസ്പര്‍ ഡെല്‍ ബഫലോയുടെ ആത്മീയ മക്കളായ 'The Missionaries of the Most Precious Blood' എന്ന സംഘടനയുടെ സംരക്ഷണയിലാണ് 1930 മുതല്‍ ഈ ബസലിക്ക. ദിവ്യാത്ഭുതത്തിന്റെ എട്ടാം ശതാബ്ദി ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷപരിപാടികളുമായി 1970ല്‍ ആചരിച്ചു. |