category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനന്മ നിറയുന്ന നട്ടുച്ചകൾ
Contentഎന്നും നട്ടുച്ച പൊരിയുമ്പോൾ തിരുവനന്തപുരം നഗരഹൃദയത്തിലൂടെ മധ്യവയസ്കനായ ഒരു മനുഷ്യൻ തന്റെ പഴയ സൈക്കിളുരുട്ടി കടന്നു പോകുന്നതു കാണാം. കാലം ചുളിവുകൾ വീഴ്ത്തിയ മെല്ലിച്ച ശരീരം മുഴുവൻ വിയർപ്പു പൊടിഞ്ഞ് അയാൾ നന്നേ ക്ഷീണിതനായി കാണപ്പെട്ടിരുന്നുവെങ്കിലും അതൊന്നും അയാളുടെ ജോലിയെ ഒട്ടും ബാധിച്ചിരുന്നില്ല. ഇരുപത്തിയേഴു കൊല്ലമായി അയാൾ ആ ജോലി ചെയ്യുന്നു. അതിൽ കഴിഞ്ഞ പതിനാലു കൊല്ലവും തലസ്ഥാന നഗരിയിൽ! ഈ കാലയളവിൽ നഗരം വല്ലാതെ മാറിക്കഴിഞ്ഞിരുന്നു. പുതിയ റോഡുകൾ, നടപ്പാതകൾ, കെട്ടിടങ്ങൾ, മേൽപ്പാലങ്ങൾ, ഗതാഗത പരിഷ്കാരങ്ങൾ... അങ്ങനെ ഒരുപാടു മാറ്റങ്ങൾ. പക്ഷെ അയാൾക്കൊരു മാറ്റവുമില്ല. സഹപ്രവർത്തകരൊക്കെ ടൂവീലറുകളും ഫോർ വീലറുകളുമൊക്കെ ഉപയോഗിക്കാൻ തുടങ്ങിയിട്ടും അയാൾ തന്റെ ശീലങ്ങളുപേക്ഷിച്ചില്ല. കാലപ്പഴക്കം കൊണ്ടു കിരുകിരാ ശബ്ദമുണ്ടാക്കുന്ന തന്റെ പഴഞ്ചൻ സൈക്കിളുമായി അയാളങ്ങനെ വന്നുപൊയ്ക്കൊണ്ടേയിരുന്നു. മഴയോ വെയിലോ ആ യാത്ര മുടക്കിയിട്ടില്ല. ഇതിനിടയിൽ ആരുമയാളെ ശ്രദ്ധിച്ചിട്ടില്ല. ആരെങ്കിലും ശ്രദ്ധിക്കാൻ വേണ്ടി അയാൾ എവിടെയും കാത്തു നിന്നിട്ടുമില്ല. ഒരു നന്ദിവാക്കിനു വേണ്ടിപ്പോലും അയാൾ പിന്തിരിഞ്ഞൊന്നു നോക്കിയിട്ടില്ല. തന്റെ കർമ്മം ചെയ്ത് അയാളങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഇതാരാണെന്നല്ലേ? ഇത് ഹരിശ്ചന്ദ്രൻ ചേട്ടൻ! തപാൽ ജീവനക്കാരനാണ്. പട്ടം പോസ്റ്റോഫീസിലെ മുതിർന്ന പോസ്റ്റുമാൻ. കല്ലമ്പലത്താണ് വീട്. ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം. ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിക്കാൻ ഇനി രണ്ടു വർഷം കൂടി മാത്രം. തിരുവനന്തപുരത്തു വന്നിട്ട് പതിനാലു കൊല്ലം. ഇന്നലെ ആ മനുഷ്യന്റെ ജീവിതത്തിലെ സന്തോഷമുള്ള ഒരു ദിവസമായിരുന്നു. ഇന്നലെയും പതിവുപോലെ പൊരിവെയിലത്ത് കത്തുകളുമായി അയാൾ പട്ടം സെന്റ് മേരീസ് ക്യാമ്പസിലേക്ക് കടന്നുവന്നു. സെന്റ് മേരീസ് സ്കൂളും സെന്റ് മേരീസ് കത്തീഡ്രലും, കാതോലിക്കേറ്റ് സെന്ററും മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയും ഒക്കെയുള്ള ഒരു ബൃഹദ് ക്യാമ്പസാണത്. സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മുറ്റത്ത് അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് ബാവാ തിരുമേനി ചില സന്ദർശകരുമൊത്ത് ഔദ്യോഗിക ചർച്ചകളിൽ മുഴുകി തിരക്കിട്ടു നിൽക്കുന്നുണ്ട്. അതിനിടയിലാണ് കാക്കി വേഷധാരിയായി തന്റെ സൈക്കിളുരുട്ടി അയാൾ വന്നത്. പതിവു തിരക്കുകൾക്കിടയിൽ അയാൾ ആരുടെയും ശ്രദ്ധിയിൽപ്പെട്ടില്ല. ആരുമയാളെ ശ്രദ്ധിച്ചില്ല എന്നു പറഞ്ഞാൽ അതു നുണയാകും. തിരക്കുകൾക്കിടയിലും ഒരാൾ, ഒരാൾ മാത്രം അയാളെ ശ്രദ്ധിച്ചു. അതു ബാവാ തിരുമേനിയായിരുന്നു. തിരക്കുകളിൽ മുഴുകി നിന്നിട്ടും അയാളുടെ രൂപം തിരുമേനിയുടെ കണ്ണിലുടക്കി. തുരുമ്പിച്ച സൈക്കിളിന്റെ മുരൾച്ച ആ കാതുകളിൽ പ്രതിധ്വനിച്ചു. വെയിലേറ്റു കരുവാളിച്ച മുഖവും, കണ്ണുകളിൽ തെളിയുന്ന നിസംഗതയും, പരിക്ഷീണ ഭാവവും, നഗരച്ചൂടിൽ വാടിയ ശരീരഭാഷയുമൊക്കെ ആ വലിയ ഇടയന്റെ ഹൃദയത്തിൽ പതിഞ്ഞു! മറ്റാരും കാണാത്ത ചില നോവുകളൊക്കെ അദ്ദേഹം കണ്ടു. മുറിവേറ്റ കുഞ്ഞാടുകൾ ഒരിക്കലും നല്ലിടയൻമാരുടെ കണ്ണിൽ പെടാതെ പോകരുതല്ലോ! സത്യത്തിൽ ആ മനുഷ്യൻ സൈക്കിളുരുട്ടി വന്നു കയറിയത് തിരുമേനിയുടെ ഹൃദയത്തിലേക്കു തന്നെയായിരുന്നു. തിരക്കുകളൊക്കെ മാറ്റിവച്ച്, സന്ദർശകരിൽ നിന്നു പിൻവാങ്ങി തിരുമേനി സ്നേഹപൂർവ്വം അയാളെ അടുത്തു വിളിച്ചു. വാത്സല്യത്തോടെ കുശലം ചോദിച്ചു. കാര്യങ്ങൾ തിരക്കി. ഒരുപാടു കാര്യങ്ങൾ അയാൾക്കു പറയാനുണ്ടായിരുന്നു. വീടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മക്കളെക്കുറിച്ചും, ജോലിയെക്കുറിച്ചും തന്റെ പഴയ സൈക്കിളിനേക്കുറിച്ചും പിന്നെ കഴിഞ്ഞയാഴ്ച പട്ടം സെന്റ് മേരീസ് സ്കൂളിലെ കുട്ടികൾ നൽകിയ ആദരത്തെക്കുറിച്ചുമൊക്കെ വാതോരാതെ പറഞ്ഞു. അതു പറയുമ്പോൾ ആ കണ്ണുകൾ തിളങ്ങി. വാക്കുകളിൽ അഭിമാനവും കൃതജ്ഞതയും നിറഞ്ഞു. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയും ആത്മാഭിമാനവുമുള്ള ഒരു നല്ല മനുഷ്യൻ! അങ്ങനെയുള്ള മനുഷ്യരെ കാണുന്നതു തന്നെ എത്ര സന്തോഷകരമാണ്! ഹരിശ്ചന്ദ്രൻ ചേട്ടന്റെ പതിനാലു വർഷത്തെ നിശബ്ദ സേവനത്തെ മനസ്സുനിറഞ്ഞ് തിരുമേനി അഭിനന്ദിച്ചു. കൃത്യതയോടെ ചെയ്ത സേവനങ്ങൾക്കെല്ലാം ഒരു പുഞ്ചിരിയോടെ നന്ദിപറഞ്ഞു. ദീർഘകാലത്തെ ശുശ്രൂഷകൾക്കുള്ള അംഗീകാരമായി ഒരു ചെറിയ സമ്മാനം വാഗ്ദാനം ചെയ്തു - ഒരു പുതുപുത്തൻ സൈക്കിൾ! പിന്നെ അനുഗ്രഹിച്ചു യാത്രയാക്കി. ഒരു പുതിയ സൈക്കിൾ ഒരുപക്ഷേ ഒരു വലിയ കാര്യമല്ലായിരിക്കാം. എന്നാൽ അപ്രതീക്ഷിതമായി വച്ചുനീട്ടപ്പെട്ട സ്നേഹപൂർവ്വമുള്ള ഒരു വാക്കിൽ, ഒരു ചെറിയ കരുതലിൽ, ഒരു ചെറുപുഞ്ചിരിയിൽ ആ പാവം മനുഷ്യന്റെ ഹൃദയം അടിമുടി പൂത്തുലഞ്ഞിട്ടുണ്ടാവും. മരണം വരെയും അയാളതു മറക്കാനിടയില്ല. വിനയപൂർവ്വം ആ സ്നേഹം സ്വീകരിച്ച് അയാൾ മടങ്ങുമ്പോൾ ഒപ്പം നിന്നവരുടെ കണ്ണുകളും മനസ്സും ഒരുപോലെ നിറഞ്ഞിരുന്നു! വന്ദ്യപിതാവേ, ചെറിയ ചെറിയ നന്മകൾ പോലും നമ്മുടെ ലോകത്തെ എത്രമാത്രം സുന്ദരമാക്കുന്നു എന്നു കാട്ടിത്തന്നതിന് ഒരായിരം നന്ദി!
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-07-09 12:14:00
Keywordsനന്മ
Created Date2019-07-09 11:58:42