category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ദൈവജനത്തെ വിഭാഗീയതയിലേക്കു നയിക്കാനുള്ള ശ്രമങ്ങള്‍ വേദനാജനകം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Contentകൊച്ചി: പരിശുദ്ധ പിതാവിന്റെ തീരുമാനങ്ങളെക്കുറിച്ചു തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചു ദൈവജനത്തെ വിഭാഗീയതയിലേക്കു നയിക്കാനുള്ള ശ്രമങ്ങള്‍ വേദനാജനകമാണെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നാളെ എറണാകുളം- അങ്കമാലി അതിരൂപതയില്‍ വായിക്കുവാന്‍ തയാറാക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. സഭാവിശ്വാസികള്‍ എല്ലാവരും വിഭാഗീയതകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും ഒരു വിധത്തിലും സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളോടു സഭാമക്കളായ ആരും സഹകരിക്കുകയോ അവയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. #{red->n->n->സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം }# 2019 ജൂണ്‍ 27നു നമ്മുടെ അതിരൂപതയെ സംബന്ധിക്കുന്ന ചില സുപ്രധാനമായ തീരുമാനങ്ങള്‍ പരിശുദ്ധ സിംഹാസനത്തില്‍നിന്നു ലഭിച്ച വിവരം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. കഴിഞ്ഞ രണ്ടു വര്‍ഷമായി നമ്മുടെ അതിരൂപതയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തീയ ചൈതന്യത്തിനു നിരക്കാത്തതും സഭയുടെ അച്ചടക്കത്തിനു ചേരാത്തതുമായ ചില സംഭവവികാസങ്ങള്‍ നമ്മെയെല്ലാം ഒത്തിരി വേദനിപ്പിക്കുന്നുണ്ടല്ലോ. അതിരൂപതയില്‍ നടന്ന ഭൂമി വില്പനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈ പ്രശ്‌നങ്ങളിലേക്കു വഴിതെളിച്ചത്. ഏതൊരു പ്രശ്‌നത്തിനും ക്രിസ്തീയ അരൂപിയിലുള്ള പരിഹാരമാര്‍ഗങ്ങളാണു ക്രിസ്തുശിഷ്യരായ നാം സ്വീകരിക്കേണ്ടത്. ലോകത്തിന്റെ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും പ്രതിഷേധങ്ങളും ഒന്നിനും പരിഹാരമാവുകയില്ല. ഈ പ്രശ്‌നങ്ങളോടെല്ലാം തുറന്ന മനോഭാവമാണ് അതിരൂപത അധ്യക്ഷനെന്ന നിലയില്‍ എന്നും ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണു വൈദികസമിതിയില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആശങ്കകള്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതു പഠിക്കാനായി വൈദികരുടെതന്നെ ഒരു കമ്മിറ്റിയെ നിയമിച്ചത്. അതിനുശേഷവും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ വന്നപ്പോള്‍ സിനഡിന്റെ നിര്‍ദേശപ്രകാരം ആവശ്യമായ അധികാരങ്ങള്‍ നല്‍കി അതിരൂപതയുടെ സാധാരണനിലയിലുള്ള ഭരണം സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ ഏല്പിക്കുകയുണ്ടായി. പ്രശ്‌നങ്ങള്‍ എന്നിട്ടും പരിഹരിക്കപ്പെടാതെ വന്ന സാഹചര്യത്തിലാണു റോമില്‍നിന്നു മാര്‍ ജേക്കബ് മനത്തോടത്ത് പിതാവിനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി മാര്‍പാപ്പ നിയമിച്ചത്. പ്രശ്‌നപരിഹാരത്തിനുവേണ്ടി റോമിന്റെ നിര്‍ദേശമനുസരിച്ചു മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് നിയമിച്ച ഇഞ്ചോടി കമ്മീഷനോട് ഞാന്‍ പൂര്‍ണമായി സഹകരിക്കുകയും വസ്തുവില്പനയുമായി ബന്ധപ്പെട്ടു സംഭവിച്ച കാര്യങ്ങളെല്ലാം അവരോടു തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. സ്ഥലം വില്പനയുമായി ബന്ധപ്പെട്ട് ഏറെ തെറ്റിദ്ധാരണകള്‍ പ്രചരിച്ചിട്ടുണ്ടെന്നു നമുക്കറിയാം. അതെല്ലാം ഈ സര്‍ക്കുലറില്‍ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഒരുകാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഭൂമിയിടപാടില്‍ അതിരൂപതയുടെ പൊതുനന്മയല്ലാതെ അതിരൂപതയ്ക്കു നഷ്ടം വരുത്തുന്ന ഒരു നടപടിയും ഞാന്‍ സ്വീകരിച്ചിട്ടില്ലെന്ന് എന്റെ മനഃസാക്ഷിയനുസരിച്ച് എനിക്കു പറയാന്‍ സാധിക്കും. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പരിശുദ്ധ സിംഹാസനത്തിനു സമര്‍പ്പിച്ചിട്ടുണ്ടല്ലോ. ഓഗസ്റ്റ് മാസം നടക്കുന്ന സിനഡില്‍ ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പഠനവിഷയമാക്കുന്നതാണ്. 2019 ജൂണ്‍ 27നു പരിശുദ്ധ സിംഹാസനത്തില്‍നിന്നു നല്‍കപ്പെട്ട കല്പനയിലൂടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ ശുശ്രൂഷ സമാപിച്ചതും നമ്മുടെ അതിരൂപതയിലെ രണ്ടു സഹായമെത്രാന്മാരെയും അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തിയതുമായ തീരുമാനങ്ങള്‍ അതേപടി സ്വീകരിക്കുന്നതിനു പലര്‍ക്കും പ്രയാസമുള്ളതായി മനസിലാക്കുന്നു. ഈ തീരുമാനം എന്റെ തീരുമാനമായാണു പലരും വ്യാഖ്യാനിക്കുന്നത്. എന്നാല്‍, ഇത് എന്റെ തീരുമാനമല്ല, മറിച്ച്, പരിശുദ്ധ പിതാവിന്റെ നേരിട്ടുള്ള തീരുമാനമാണെന്ന കാര്യം എല്ലാവരും മനസിലാക്കണം. പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനത്തിനുള്ള കാരണങ്ങള്‍ എന്താണെന്ന് എന്നെ അറിയിച്ചിട്ടില്ല.എങ്കിലും, ഇതേക്കുറിച്ചു ഞാന്‍ മനസിലാക്കുന്നതു നമ്മുടെ അതിരൂപതയിലുണ്ടായ പ്രശ്‌നങ്ങളെയും വിഭാഗിയതകളെയും കുറിച്ചു വിവിധതലങ്ങളിലും സ്രോതസുകളിലുംനിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെയും വത്തിക്കാന്‍ നടത്തിയ ചില അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കാം ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നാണ്. പരിശുദ്ധപിതാവിന്റെ തീരുമാനങ്ങളെക്കുറിച്ചു പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചു ദൈവജനത്തെ വിഭാഗിയതയിലേക്കു നയിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നതു വേദനാജനകമായ ഒരു വസ്തുതയാണ്. ഈ അവസരത്തില്‍, സഭാവിശ്വാസികള്‍ എല്ലാവരും ഈ വിഭാഗിയതകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് അതിരൂപതയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഒരു വിധത്തിലും സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളോടു സഭാമക്കളായ ആരും സഹകരിക്കുകയോ അവയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. യേശുവിന്റെ പ്രബോധനങ്ങള്‍ക്കു വിരുദ്ധമായുള്ള പ്രശ്‌നപരിഹാരമാര്‍ഗങ്ങളൊന്നും ക്രൈസ്തവമല്ല. അതിനാല്‍, യേശുവിന്റെ സ്‌നേഹത്തിന്റെയും ക്ഷമയുടെയും അനുസരണത്തിന്റെയും പ്രബോധനങ്ങള്‍ മുറുകെപ്പിടിച്ചു പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്താന്‍ എല്ലാ വൈദികരും സന്യസ്തരും വിശ്വാസികളും ഒരുമിച്ചുനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം. സഭയിലെ അഭിഷിക്തരായ വൈദികര്‍ ഏതു പ്രതികൂലസാഹചര്യങ്ങളിലും ഉദാത്തമായ െ്രെകസ്തവ ജീവിതമാതൃക നല്‍കാന്‍ വിളിക്കപ്പെട്ടവരാണ്. അതിനാല്‍, തങ്ങള്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന അജപാലന അധികാരം ഉപയോഗപ്പെടുത്തി സഭാനിയമങ്ങള്‍ക്കും സഭാസംവിധാനങ്ങള്‍ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ അവയ്ക്കു നേതൃത്വംകൊടുക്കുകയോ ചെയ്യരുതെന്നു വൈദികരെ സ്‌നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നു. അതിരൂപതയുടെ അജപാലനപരമായ നടത്തിപ്പിനു സഹായകമായ തീരുമാനങ്ങള്‍ അടുത്ത സിനഡില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നതാണ്. തീര്‍ച്ചയായും നമ്മുടെ അതിരൂപതയ്ക്കു നന്മയായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. പരിശുദ്ധ സിംഹാസനം നിര്‍ദേശിക്കുന്നതനുസരിച്ചു സഭയുടെ സ്ഥിരം സിനഡിനോട് ആലോചിച്ച് അതിരൂപതാഭരണം നടത്തുവാന്‍ ഞാന്‍ ആരംഭിച്ചുകഴിഞ്ഞു. ക്രമേണ സഭയുടെ നടപടിക്രമങ്ങള്‍ക്കനുസരിച്ചു പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ ഒരു മെത്രാനെ നിയമിച്ച് അതിരൂപതയുടെ വളര്‍ച്ചയും അജപാലന ഭദ്രതയും ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ്. അതിനാല്‍, അതിരൂപതയുടെ ഭാവിപ്രവര്‍ത്തനങ്ങളിലേക്കു ശ്രദ്ധതിരിച്ചു നമുക്ക് ഒന്നുചേര്‍ന്നു മുന്നോട്ടു പോകാം. ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന നമ്മുടെ അതിരൂപതയില്‍ സ്‌നേഹവും കൂട്ടായ്മയും വര്‍ധമാനമാക്കുവാന്‍ നമുക്കു പരിശ്രമിക്കാം. സമാധാനത്തിന്റെ ആത്മാവ് നമ്മുടെ മനസുകളെയും ഹൃദയങ്ങളെയും ഭരിക്കട്ടെ. തിരുഹൃദയനാഥന്റെ കാരുണ്യവും കൃപയും നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-07-13 07:40:00
Keywordsആലഞ്ചേ
Created Date2019-07-13 07:24:17