category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരമാകാന്‍ ഒരു വര്‍ഷത്തെ പ്രാര്‍ത്ഥനയുമായി ഹെയ്തി മെത്രാന്‍ സമിതി
Contentപോര്‍ട്ട്-ഓ-പ്രിന്‍സ്: കരീബിയന്‍ ദ്വീപ്‌ രാജ്യമായ ഹെയ്തിയില്‍ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയും, അരക്ഷിതാവസ്ഥയും പരിഹരിക്കപ്പെടുന്നതിനായി ഒരു വര്‍ഷം നീളുന്ന പ്രാര്‍ത്ഥനക്കായി ഹെയ്തി മെത്രാന്‍ സമിതിയുടെ ആഹ്വാനം. സാമൂഹ്യ പദ്ധതികള്‍ക്കുള്ള ഫണ്ടില്‍ അഴിമതി നടത്തിയ ഹെയ്തി പ്രസിഡന്റ് ജുവനല്‍ മോയിസ് രാജിവെക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ ഹെയ്തിയിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് വിശ്വാസികളോട് ഒരുവര്‍ഷം രാഷ്ട്രത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ അഭ്യര്‍ത്ഥിച്ച് മെത്രാന്‍ സമിതി രംഗത്തെത്തിയിരിക്കുന്നത്. 2020 പെന്തക്കൂസ്ത തിരുനാള്‍ വരെ നീളുന്ന പ്രാര്‍ത്ഥനക്കാണ് മെത്രാന്‍സമിതി പദ്ധതിയിട്ടിരിക്കുന്നത്. ‘രാജ്യത്തെ ജനങ്ങളുടെ ദുരിതം ഏറ്റവും കഠിനമായ അവസ്ഥയിലാണ്. ഇപ്പോഴത്തെ അരക്ഷിതാവസ്ഥ കാരണം പ്രത്യാശയുടെ വൃക്ഷം നിലംപതിച്ചിരിക്കുകയാണ്. പ്രതീക്ഷയില്ലായ്മയും, അഴിമതിയും, ധാര്‍മ്മിക അധഃപതനവുമാണ് ഇപ്പോള്‍ രാജ്യത്തെ കീഴടക്കിയിരിക്കുന്ന മൂന്നു തിന്മകള്‍. അതിനാല്‍ ഈ തിന്മകള്‍ക്കെതിരെയാണ് 2020 വരെയുള്ള നമ്മുടെ പ്രാര്‍ത്ഥനയുടെ കേന്ദ്രബിന്ദുവെന്നും മെത്രാന്‍സമിതിയുടെ പ്രസ്താവനയില്‍ പറയുന്നു. തന്നോടു കരഞ്ഞപേക്ഷിച്ച മക്കളുടെ പ്രാര്‍ത്ഥന ദൈവം എപ്പോഴും ശ്രവിച്ചിട്ടില്ലേ? അതുപോലെ നാമും ദൈവത്തിന്റെ മക്കളും അവന്റെ കുഞ്ഞാടുകളുമല്ലേ? അതിനാല്‍ നമ്മുടെ പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കുമെന്നും പ്രസ്താവനയിലുണ്ട്. ഇതിനുപുറമേ, ഓരോ രൂപതാ മെത്രാന്മാരും തങ്ങളുടെ രൂപതയില്‍ പ്രത്യേക ആരാധനകള്‍ സംഘടിപ്പിക്കണമെന്നും, ഓരോ വിശ്വാസിയും, പ്രാര്‍ത്ഥന കൂട്ടായ്മകളും സമാധാന പുനഃസ്ഥാപനത്തിനും, രാജ്യത്തിന്റെ നന്മക്കുമായി തങ്ങളാല്‍ കഴിയുന്ന രീതിയില്‍ വ്യക്തിഗതമായി പ്രാര്‍ത്ഥിക്കണമെന്നും മെത്രാന്‍ സമിതിയുടെ ആഹ്വാനത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ മെയ് 31-ന് ഹെയ്തിയിലെ ഓഡിറ്റര്‍മാര്‍ സെനറ്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അഴിമതി പുറത്തുകൊണ്ടുവന്നത്. വന്‍ അഴിമതിയെ ചൊല്ലി ഉടലെടുത്ത പ്രക്ഷോഭങ്ങള്‍ പലപ്പോഴും അക്രമാസക്തമാവുകയാണ്. പ്രസിഡന്റ് ജൂവനൈല്‍ മോയിസിന്റെ വികലമായ രാഷ്ട്രീയ നയങ്ങള്‍ കാരണം ഉടലെടുത്ത അസ്ഥിരതയും, പ്രക്ഷോഭങ്ങളും, വിലവര്‍ദ്ധനവും കടുത്ത പട്ടിണിയാണ് ഹെയ്തിയിലെ ജനങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-07-17 19:06:00
Keywordsപ്രാര്‍ത്ഥന
Created Date2019-07-17 18:50:05