Content | കൊളംബോ: ശ്രീലങ്കയിൽ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ചാവേർ സ്ഫോടനത്തിൽ ഭാഗികമായി തകർന്ന നെഗുംബോ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ പുനർനിർമാണം പൂർത്തിയാക്കി കൂദാശ ചെയ്തു. ദേവാലയ കൂദാശ കര്‍മ്മത്തെ തുടര്‍ന്നു പള്ളിയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 114 പേരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഫലകവും അനാഛാദനം ചെയ്തു. ശ്രീലങ്കൻ നാവികസേനയാണ് 3 മാസത്തിനുള്ളിൽ ദേവാലയം പുനർനിർമിച്ചത്.
ഈസ്റ്റര്‍ ദിന സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ അന്താരാഷ്ട്ര ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റ് ഇരകളും ചടങ്ങില്‍ പങ്കെടുത്തു. ഇസ്ലാമിക് സ്റ്റേറ്റ്സ് ബന്ധമുള്ള നാഷനൽ തൗഹീദ് ജമാഅത്ത്, 3 പള്ളികളിലും 3 ഹോട്ടലുകളിലുമായി നടത്തിയ സ്ഫോടനത്തിൽ ഇരുനൂറ്റിയറുപതിലേറെ പേരാണ് കൊല്ലപ്പെട്ടത്. |