Content | ഇറ്റലി: 'പുഞ്ചിരിക്കുന്ന പാപ്പ' എന്നറിയപ്പെടുന്ന ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ ജനിച്ചു വളര്‍ന്ന വീട് ചരിത്രത്തിലാദ്യമായി സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുന്നു. ഓഗസ്റ്റ് 2 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 5 മണിക്കാണ് ഈ ഭവനം സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. വടക്കന്‍ ഇറ്റലിയില്‍ സമുദ്രനിരപ്പില്‍ നിന്നും 976 മീറ്റര്‍ ഉയരത്തില്‍ ഡോളോമൈറ്റ് പര്‍വ്വതനിരയിലെ കനാലെ ഡി അഗോര്‍ഡോ ഗ്രാമത്തിലാണ് ഭവനം സ്ഥിതി ചെയ്യുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഒപ്പുവെക്കപ്പെട്ട ഉടമ്പടിയിലൂടെയാണ് ഭവനം രൂപതയുടെ ഉടമസ്ഥതയിലായത്. ലുച്ചിയാനി എന്ന ജോണ്‍ പോള്‍ ഒന്നാമന്‍ ജനിക്കുകയും, മാമോദീസ മുങ്ങുകയും ചെയ്ത ഭവനത്തിന്റെ ഭൂനിരപ്പിലുള്ള നിലയും, ഒന്നാം നിലയും സന്ദര്‍ശിക്കത്തക്ക രീതിയിലുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി വിറ്റോറിയോ വെനെറ്റോയിലെ മെത്രാനായ കോറാഡോ പിസിയോള പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
ആല്‍ബിനോ ലുച്ചിയാനി മ്യൂസിയ സന്ദര്‍ശനവും, ഇടവക ദേവാലയ സന്ദര്‍ശനവും സന്ദര്‍ശന പരിപാടിയുടെ ഒരു ഭാഗമാണ്. ഈ ഭവനം സന്ദര്‍ശിക്കുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുവാന്‍ പോപ്പ് ലുച്ചിയാനി ഫൗണ്ടേഷന്‍ എന്ന പേരിലുള്ള സംഘടന തയ്യാറായി കഴിഞ്ഞു. 1978 ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 28 വരെ വെറും 33 ദിവസം മാത്രം ആഗോള കത്തോലിക്കാ സഭയെ നയിച്ച മാര്‍പാപ്പയാണ് ജോണ്‍ പോള്‍ ഒന്നാമന്‍. വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തുന്നതിന് വേണ്ട നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
ഓഗസ്റ്റ് രണ്ടിന് ഉച്ചകഴിഞ്ഞ് ഡേവിഡെ ഫിയോക്കോയുടേയും, ചരിത്രകാരന്‍ മൌറോ വെലാറ്റിയുടേയും സഹായത്തോടെ ജോണ്‍ പോള്‍ ഒന്നാമന്റെ വിശുദ്ധീകരണ നടപടികളുടെ ഡെപ്യൂട്ടി പോസ്റ്റുലേറ്ററായ സ്റ്റെഫാനിയ ഫാലെസ്ക രചിച്ച ആല്‍ബിനോ ലുച്ചിയാനിയുടെ സമ്പൂര്‍ണ്ണ ജീവചരിത്രം വിശുദ്ധീകരണ നടപടികളുടെ പോസ്റ്റുലേറ്ററായ കര്‍ദ്ദിനാള്‍ ബെനിയാമിനോ സ്റ്റെല്ല പ്രകാശനം ചെയ്യും. പോപ്പ് എമരിറ്റസ് ബെനഡിക്ട് XVI, ലുച്ചിയാനിയുടെ മരണം ഉറപ്പിച്ച ഡോ. റെനാറ്റോ ബുസോണേറ്റി, പേപ്പല്‍ അപ്പാര്‍ട്ട്മെന്റില്‍ സേവനം ചെയ്തിരുന്ന സിസ്റ്റര്‍ മാര്‍ഗെരിറ്റാ മാരിന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ നൂറ്റിയെന്‍പത്തിയെട്ടോളം പേരുടെ സാക്ഷ്യങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ജീവചരിത്രം. |