Content | ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യമായ ഇന്തോനേഷ്യയില്‍ വീണ്ടും പൗരോഹിത്യ വസന്തം. മധ്യ ജാവ പ്രവിശ്യയിൽ പതിനൊന്ന് പേർ ഒരേ ദിവസമാണ് പൗരോഹിത്യ പട്ടം സ്വീകരിച്ചത്. അഭിഷിക്തരായവരിൽ എട്ടു ജസ്യൂട്ട് വൈദികരും മൂന്ന് രൂപത വൈദികരും ഉൾപ്പെടുന്നു. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിലാണ് ഇന്തോനേഷ്യക്ക് നവവൈദികരെ ലഭിച്ചത്. യോഗ്യകർത്തയിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ അന്തോണിസിന്റെ നാമധേത്തിലുള്ള ദേവാലയത്തിലാണ് ആദ്യത്തെ ചടങ്ങ് നടന്നത്. മധ്യ ജാവയിലായിരുന്നു രണ്ടാമത്തെ തിരുപ്പട്ട സ്വീകരണം. ഇന്തോനേഷ്യയിലെ കത്തോലിക്ക സമൂഹത്തിനിടയിൽ പൗരോഹിത്യം സ്വീകരിക്കാൻ യുവാക്കൾക്ക് ലഭിക്കുന്ന പ്രോത്സാഹനമാണ് പട്ടം സ്വീകരിക്കുന്നവരുടെ എണ്ണം ഉയർത്തിയത്.
കഴിഞ്ഞ മെയ് മാസത്തിന് ശേഷം 45 പൗരോഹിത്യ സ്വീകരണങ്ങളാണ് ഇന്തോനേഷ്യയിൽ നടന്നത്. ഈ മാസം പതിമൂന്ന് പേർ ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കാളികളാകും. ഇന്തോനേഷ്യൻ ജനസംഖ്യയുടെ 3% മാത്രമാണ് കത്തോലിക്കർ. ഒരു വശത്ത് ഇസ്ളാമിക തീവ്രവാദ സംഘടനകള്‍ ക്രൈസ്തവ സമൂഹത്തെ പീഡിപ്പിക്കുവാന്‍ ശക്തമായ ഇടപെടുമ്പോള്‍ മറുവശത്തു ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യത്തു നിന്ന്‍ ഓരോ മാസവും നിരവധി ദൈവവിളികള്‍ ഉണ്ടാകുന്നുവെന്നത് ശ്രദ്ധേയമാണ്. അതെ, രക്തസാക്ഷികളുടെ ചുടുനിണത്താല്‍ സഭ കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. |