Content | ന്യൂയോര്‍ക്ക്: ഹാൾ ഓഫ് ഫെയിം പട്ടികയിലേക്ക് പേരു ചേര്‍ക്കപ്പെട്ടപ്പോള്‍ അത് ദൈവത്തിനുള്ള നന്ദി പ്രകാശനത്തിനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ് പ്രമുഖ എൻഎഫ്എൽ താരങ്ങൾ. ഹാൾ ഓഫ് ഫെയിം ലഭിച്ച എഡ് റീഡും, കെവിൻ മാവേയുമാണ് തങ്ങൾക്ക് കിട്ടിയ അവസരം ദൈവ നാമം മഹത്വപ്പെടുത്താൻ വേണ്ടി തുറന്ന അവസരമാക്കി ഉപയോഗിച്ചത്. തങ്ങൾക്ക് മികച്ച കരിയർ ഉണ്ടാക്കിയെടുക്കാൻ സാധിച്ചതും ഇപ്പോൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടം നേടാൻ സാധിച്ചതും സർവ്വശക്തനായ ദൈവം കാരണമാണെന്ന് ഇരുവരും അഭിമാനത്തോടെ സാക്ഷ്യപ്പെടുത്തി.
കായിക താരത്തിന് വേണ്ടിയുള്ള പ്രാർത്ഥനയോടുകൂടിയാണ് എഡ് റീഡ് തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാ ഞായറാഴ്ചയും ഈ പ്രാർത്ഥന ചൊല്ലിയിട്ടാണ് എഡ് റീഡ് ഗ്രൗണ്ടിൽ എത്തിയിരുന്നത്. ഇത്രയും വലിയ ഉയരങ്ങളിൽ തന്നെ എത്തിച്ച ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതായി റീഡ് പറഞ്ഞു. തന്റെ എല്ലാ നേട്ടങ്ങൾക്കു പിന്നിലും ദൈവമാണെന്ന്‍ സാക്ഷ്യപ്പെടുത്താന്‍ അദ്ദേഹം മടിക്കാണിച്ചില്ല. തന്റെ പരിശീലകനെ കുറിച്ച് പറഞ്ഞപ്പോൾ സുഭാഷിതങ്ങളുടെ പുസ്തകത്തിലുള്ള ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടും എന്ന ബൈബിൾ പദ പ്രയോഗമാണ് അദ്ദേഹം ഉപയോഗിച്ചത്. കെവിൻ മാവേയും ദൈവത്തിന് കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. |