Content | ലാ ക്രോസെ: ഗര്‍ഭഛിദ്ര, സ്വവര്‍ഗ്ഗ വിവാഹ വിഷയങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവര്‍ക്കു ദിവ്യകാരുണ്യമില്ലായെന്ന് തുറന്നടിച്ച് അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിറ്ററി ഓര്‍ഡര്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ക്രിസ്തീയ ധാര്‍മ്മികതയില്‍ നിന്നു അകന്നു കഴിയുന്നവര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണത്തിന് അര്‍ഹരല്ലെന്ന് പ്രസ്താവിച്ചത്. ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ്ഗ വിവാഹത്തേയും പോലെയുള്ള സാമൂഹ്യ തിന്മകളെ പിന്തുണയ്ക്കുന്ന ജോ ബേഡനെപ്പോലെയുള്ള കത്തോലിക്കാ രാഷ്ട്രീയക്കാര്‍ ദിവ്യകാരുണ്യം സ്വീകരിക്കരുതെന്നു കര്‍ദ്ദിനാള്‍ ബുര്‍ക്കെ പറഞ്ഞു. കത്തോലിക്കാ സഭയുടെ ഉന്നത നീതിപീഠമായ അപ്പസ്തോലിക സിഗ്നാച്ചുറായിലെ സുപ്രീം ട്രിബ്യൂണലിന്റെ തലവനായി സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം തിരുസഭയുടെ പാരമ്പര്യം ശക്തമായി മുറുകെ പിടിക്കുന്നയാളാണ്.
‘ദിവ്യകാരുണ്യ സ്വീകരണത്തിന് വരരുത്’ എന്ന് പറയുന്നത് ഒരു ശിക്ഷയല്ല, മറിച്ച് അവര്‍ക്ക് ചെയ്യുന്ന ഒരുപകാരമാണ്. കാരണം അവര്‍ ദിവ്യകാരുണ്യം സ്വീകരിച്ചാല്‍ അതൊരു ദൈവനിന്ദയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാപ്പിറ്റോള്‍ ഹില്ലില്‍ ഇത്തരം നിയമങ്ങളെ നിരന്തരം പിന്തുണക്കുന്ന നിരവധി കത്തോലിക്കാ നേതാക്കള്‍ ഉണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നിരവധി പ്രതിസന്ധികള്‍ ഉണ്ടെങ്കിലും യുവതലമുറയില്‍ വിശ്വാസികളായ കത്തോലിക്കര്‍ ഉള്ളതിനാല്‍ സഭയുടെ ഭാവിയെക്കുറിച്ച് തനിക്ക് ശുഭപ്രതീക്ഷകളാണ് ഉള്ളതെന്ന് പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാള്‍ തന്റെ അഭിമുഖമവസാനിപ്പിച്ചത്. കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്സുമായുള്ള അടുപ്പത്തിന്റെ പേരില്‍ ബ്രിയാന്‍ ബ്യൂഷെറിനെ വിമര്‍ശിച്ച കാലിഫോര്‍ണിയ പ്രതിനിധി കമല ഹാരിസ് മാപ്പ് പറയണമെന്ന്‍ കര്‍ദ്ദിനാള്‍ ബുര്‍ക്കെ ആവശ്യപ്പെട്ടതു അടുത്തകാലത്തു വാര്‍ത്തയായിരിന്നു. |