category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ സന്യാസത്തെ ചോദ്യം ചെയ്യുന്നവരോട് ഒരു സന്യാസിനിക്ക് പറയാനുള്ളത്
Contentകേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം സഹോദരങ്ങൾ പ്രളയത്തിന്റെ ദുരന്തമുഖം കണ്ട് എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുന്നതിനിടയിലും ചില ചാനലുകൾ ക്രൈസ്തവ സന്യാസത്തെ തറയിലിട്ട് ചവിട്ടി തൂക്കാൻ കാട്ടുന്ന ഈ വെമ്പൽ കാണുമ്പോൾ ഒരു സമർപ്പിതയായ എനിക്ക് മൗനം പാലിയ്ക്കാൻ കഴിയുന്നില്ല. കുറച്ച് മാസങ്ങളായി പലപ്പോഴും ചാനൽ ചർച്ചകളിൽ ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് ചാനലുകാർക്കും ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന വ്യക്തികൾക്കും ഒരു നിഗമനത്തിൽ എത്താനോ സമർപ്പണ ജീവിതത്തിന്റെ കാതലായ കാര്യങ്ങൾ ഉൾക്കൊള്ളുവാനോ കഴിയാതെവരുമ്പോൾ വായിൽ വരുന്നതെല്ലാം വിളിച്ചുപറയുകയും പിന്നെ ചിലർ മായാലോകത്തിലിരുന്ന് പറയുന്ന പിച്ചും പേയും പോലും “വലിയ വാർത്തകൾ” ആക്കിക്കൊണ്ടിരിയ്ക്കുന്ന ചില ചാനലുകാരോടും: ഈ വിഡ്ഢിത്തങ്ങൾ കൊണ്ട് ഒന്നും സന്യാസം തകർന്ന് തരിപ്പണം ആകും എന്ന് കരുതരുത്. ക്രൈസ്തവ സന്യാസത്തെ നിന്ദിച്ചു കൊണ്ടുള്ള ട്രോളുകൾ ഇടുന്നവരോട് ഒന്നു രണ്ട് മറുചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എനിക്ക് അറിയാവുന്ന ചില യാഥാർത്ഥ്യങ്ങൾ വിശ്വാസികളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സാധാരണ ഒരു കുടുംബ ജീവിതം എടുത്താൽ പോലും അതിന് അതിന്റേതായ നിയമങ്ങളുണ്ട്. ഭർത്താവും ഭാര്യയും ജോലി ചെയ്ത് കുടുംബം പുലർത്തുന്നതിനിടയിൽ ഒരു സുപ്രഭാതത്തിൽ ഭാര്യ തന്റെ ഭർത്താവിനോട് പറയുകയാണ്; ഇന്നുമുതൽ എനിക്ക് കിട്ടുന്ന ശമ്പളം മുഴുവൻ ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ ചെലവാക്കും. എന്ന് പറഞ്ഞ് ബാങ്കിൽ പോയി ലോണെടുത്ത് സ്വന്തമായി ഒരു കാറ് വാങ്ങിയാൽ ഭർത്താവിന്റെ മനോഭാവം എന്തായിരിക്കും? ഭർത്താവിനോട് കോട്ടയത്തിന് പോകുന്നു എന്ന് പറഞ്ഞിട്ട് എറണാകുളത്ത് പോയി ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് ഭർത്താവിനും ഭർത്താവിന്റെ കുടുംബത്തിനുമെതിരെ സംസാരിച്ചിട്ട് പാതിരാത്രിയിൽ എപ്പോഴോ ഒന്നും സംഭവിയ്ക്കാത്ത മട്ടിൽ ചാനൽ ചർച്ചയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു ജേർണലിസ്റ്റിനെയും കൊണ്ട് ഭർത്താവിന്റെ കുടുംബത്തിലോട്ട് കയറിച്ചെന്നാൽ എന്തായിരിയ്ക്കും അവസ്ഥ? ഈ ഉദാഹരണം ഞാൻ മുകളിൽ പറയാൻ കാരണം ഈ ലോകത്തുള്ള ഏത് പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും അതിന്റേതായ നിയമങ്ങളും ചട്ടങ്ങളും ഉണ്ട് എന്ന് ഓര്‍മ്മിപ്പിക്കാനാണ്‌. ആ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ വരുമ്പോൾ അച്ചടക്കനടപടികൾ ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്. ഒരു ചെറിയ രാഷ്ട്രിയ പാർട്ടിയിൽ പോലും ഇത്തരം അച്ചടക്ക നടപടികൾ സ്വഭാവികം ആണ്. ഈ ചാനൽ ചർച്ച നടത്തുന്ന മഹാന്മാർക്ക് ധൈര്യമുണ്ടോ മറ്റേതെങ്കിലും ഒരു ചാനലിൽ പോയിരുന്ന് താൻ ജോലി ചെയ്യുന്ന ചാനലിന് എതിരായി എന്തെങ്കിലും ഒന്ന് സംസാരിക്കാൻ? ഒരു കാർ വാങ്ങുന്നത് ഇത്ര വലിയ തെറ്റാണോ എന്ന് ചോദിയ്ക്കുന്നവരോട് പറയാനുള്ളത് ഇതാണ്. കത്തോലിക്കാ സഭയുടെ പരമാധികാരിയായ ഫ്രാൻസിസ് പാപ്പ ഈശോ സഭയിലെ ഒരു അംഗമാണ്. ബെനഡിക് പാപ്പയെപ്പോലെ ഒരു ദിവസം തന്റെ സ്ഥാനം രാജിവച്ച് സ്വന്തം സന്യാസ സഭയിലേക്ക് തിരിച്ചു ചെല്ലുകയും അദ്ദേഹത്തിന് ഒരു വണ്ടി വാങ്ങാൻ ആഗ്രഹം തോന്നുകയും ചെയ്താൽ അദ്ദേഹത്തിന്റെ മേലധികാരിയുടെ അനുവാദം ചോദിച്ചു വാങ്ങിയാൽ മാത്രമേ അതിനു സാധിക്കുകയുള്ളൂ. കാരണം അദ്ദേഹം ഒരു സന്യാസിയാണ്. ഞാൻ പാപ്പായായിരുന്നു എന്ന് പറഞ്ഞിട്ട് അവിടെ കാര്യമില്ല. ഫ്രാൻസിസ് പാപ്പയെക്കാളും വലിയ വിശുദ്ധി, പ്രേഷിത പ്രവർത്തനത്തിനായ് എനിക്ക് സ്വന്തമായ് കാറു വേണം എന്ന് വാശി പിടിയ്ക്കുന്നവർക്കുണ്ടോ? ഫ്രാൻസിസ് പാപ്പ അർജന്റിനായിലെ ബോനോസൈറസ് എന്ന പട്ടണത്തിൽ വർഷങ്ങൾ കർദിനാളായി സേവനം ചെയ്തപ്പോൾ പോലും സ്വന്തമായ് ഒരു കാർ വാങ്ങിയ്ക്കാതെ ആ ദേശത്തെ പാവപ്പെട്ടവരെ പോലെ ബസ്സുകളിലും ട്രെയിനുകളിലും യാത്ര ചെയ്താണ് പ്രേഷിത പ്രവർത്തനം നടത്തിയിരുന്നത്. ഫ്രാൻസിസ് പാപ്പ കാട്ടിത്തന്ന മാതൃകയാണോ അതോ ഒരു കാർ ഉണ്ടെങ്കിൽ മാത്രമെ എനിയ്ക്ക് പ്രേഷിത പ്രവർത്തനം നടത്താൻ പറ്റുകയുള്ളു എന്ന മിടുക്കാണോ ഒരു യഥാർത്ഥ വിശ്വാസിയ്ക്ക് ഉചിതമായി തോന്നുന്നത്? അങ്ങനെയെങ്കിൽ ഇതുപോലത്തെ വികലമായ കാഴ്ച്ചപ്പാടനുസരിച്ച് ഇന്ത്യയിലെ എല്ലാ കന്യാസ്ത്രിമാരും സ്വന്തമായ് ഓരോ കാർ വാങ്ങിയാലത്തെ അവസ്ഥ എന്തായിരിയ്ക്കും? ചൂട് സഹിക്കാൻ പറ്റാതെ ഒരു ചുരിദാർ ഇട്ടാൽ എന്താ കുഴപ്പം? അത് ഇത്ര വലിയ തെറ്റാണോ? ഈ ചോദ്യത്തിന് ഞാൻ മറ്റൊരു ഉദാഹരണം എടുത്തുകാട്ടാം. ഇന്ത്യൻ ആർമിയിലെ ഒരു പട്ടാളക്കാരൻ ഒരു ദിവസം ഉറക്കമുണർന്നപ്പോൾ ഇങ്ങനെ ചിന്തിക്കുകയാണെങ്കിലോ? ഈ യൂണിഫോം ധരിച്ച് ഇനി എന്റെ രാജ്യത്തിനു വേണ്ടി സേവനം ചെയ്യാൻ എനിയ്ക്ക് ബുദ്ധിമുട്ടാണ് കാരണം എനിയ്ക്ക് ഈ ചൂട് സഹിയ്ക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഈ യൂണിഫോം മാറ്റി ബെനിയനും ബെർമുഡയും ആക്കാൻ നാളെ മുതൽ ഞാൻ ഒറ്റയാൻ സമരം തുടങ്ങുന്നു. കുറച്ച് ചാനൽ ചർച്ചകളും അല്പം സോഷ്യൽ മീഡിയകളും അങ്ങ് ഉപയോഗിക്കാം. കാരണം ഇത് ഇരുപത്തിഒന്നാം നൂറ്റാണ്ടാണ്. അതുകൊണ്ട് എന്റെ സ്വന്തം തലയിൽ ഉദിച്ച ഈ ആശയം ഇന്ത്യൻ ആർമ്മിയെ തന്നെ ഉടച്ചുവാർക്കാൻ ഒരു പക്ഷേ ഇടവരും!!! ഒറ്റ ഒരു തവണയെ ആ പട്ടാളക്കാരൻ ചാനൽ ചർച്ച നടത്തുകയുള്ളൂ. ആ ചർച്ചയുടെ പരിണിത ഫലം ഞാൻ പറയാതെ തന്നെ എല്ലാവർക്കും മനസ്സിലാകുമല്ലോ. ഇതുപോലെ ദൈവരാജ്യത്തിനു വേണ്ടി വേല ചെയ്യാൻ ഇറങ്ങി പുറപ്പെട്ടിരിയ്ക്കുന്ന വ്യക്തികൾ അംഗമായിരിയ്ക്കുന്ന സന്യാസസമൂഹങ്ങൾക്ക് ഒരു ഡ്രസ്സ് കോഡ് ഉണ്ട്. ആ വസ്ത്രത്തിൽ മാറ്റം വരുത്താൻ ഒരു കന്യാസ്ത്രി മാത്രം കിടന്ന് ഒച്ചപ്പാട് ഉണ്ടാക്കുകയോ ചാനൽ ചർച്ച നടത്തുകയോ ചെയ്താൽ വളരെപ്പെട്ടന്ന് ചുരിദാർ അല്ലെങ്കിൽ ജീൻസും ഷർട്ടും ആക്കികളയാം എന്ന് സഭാധികാരികൾ തീരുമാനം എടുക്കാറില്ല. കാരണം ഒരു സന്യാസ സഭയുടെ തുടക്കം മുതലുള്ള പരമ്പരാഗത വസ്ത്രത്തിൽ മാറ്റം വരുത്തണമെങ്കിൽ അതിന് അതിന്റേതായ ചില കടമ്പകൾ തന്നെ കടക്കണം. ആ സന്യാസസഭയുടെ ജനറൽ ചാപ്റ്ററിന് (അഞ്ച് അല്ലെങ്കിൽ ആറ് വർഷത്തിൽ ഒരു പ്രാവശ്യം കോൺഗ്രിഗേഷനിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗം) ഈ വിഷയം ചർച്ച ചെയ്ത് വോട്ടിന് ഇട്ടതിനുശേഷം ഭൂരിപക്ഷത്തോടെ ആ വിഷയം പാസായെങ്കിൽ മാത്രമെ തിരുസഭയുടെ അനുവാദത്തോടെ എന്തെങ്കിലും ഒരു മാറ്റം വരുത്താൻ സാധിയ്ക്കൂ. ഈ യാഥാർത്ഥ്യങ്ങൾ ഒന്നും അറിയാത്ത കുറെ പാവപ്പെട്ട ജന്മങ്ങൾ അതും “കന്യാസ്ത്രീകളുടെ രക്ഷയ്ക്കുവേണ്ടി” നിലകൊള്ളുന്ന ചില ചാനലുകാർ കന്യാസ്ത്രികൾ ചുരിദാർ ഇടാൻ പറ്റത്തക്കരീതിയിൽ നീയമം കൊണ്ടുവരണം എന്ന് വാശി പിടിയ്ക്കുന്നത്! എന്നാൽ അവരുടെ ചാനലിൽ ചുരിദാർ ഇട്ട് വന്ന കന്യാസ്ത്രിയോട് പോയി സന്യാസവേഷം ധരിച്ച് വരാൻ പറഞ്ഞ് മടക്കി അയച്ചത് കാണുമ്പോൾ എങ്ങനെ ചിരിയ്ക്കാതെ ഇരിക്കും? ക്രൈസ്തവ സന്യാസത്തെ കുറിച്ച് ഒന്നും അറിയത്തില്ലെങ്കിലും ഇങ്ങനെ ഒരു ചർച്ചയ്ക്ക് സന്യാസവേഷത്തിന് അല്പം വിലയുണ്ടെന്ന് ചാനലുകാർക്ക് അറിയാം അല്ലെങ്കിൽ കാഴ്ച്ചക്കാർ കറഞ്ഞുപോയാലോ? ചുരിദാറും സാരിയും ഒക്കെ ധരിക്കുന്ന ധാരാളം സന്യാസ സമൂഹങ്ങൾ ഇന്ത്യയിൽ തന്നെ ഉണ്ടെന്ന കാര്യം ആരും മറക്കരുത്. മദർ തെരേസ കൽക്കത്തയുടെ തെരുവുകളിലെ പാവങ്ങളുടെ ഇടയിലേയ്ക്ക് വെള്ളയിൽ നീലക്കരയുള്ള സാരി ഉടുത്ത് ഇറങ്ങി ചെന്നത് ചാനൽ ചർച്ച നടത്തിയോ അല്ലെങ്കിൽ സ്വന്തം സന്യാസ സഭയെയും സഹോദരങ്ങളെയും, പുരോഹിതരെയും ചീത്ത പറഞ്ഞുകൊണ്ടല്ലായിരുന്നു. ക്രൈസ്തവ സഭയുടെ കീഴിലുള്ള ഓരോ സന്യാസസഭയും തങ്ങളുടെ നിയമാവലിയുടെ അവസാന താളുകളിൽ കോറിയിട്ടിരിയ്ക്കുന്ന “എക്സ്ക്ലാവുസ്ട്രേഷൻ” എന്ന നിയമസംഹിതയിൽ ഒരു സന്യാസിനിയ്ക്ക് തന്റെ സഭയുടെ നീയമങ്ങളോടും ചട്ടങ്ങളോടും യോജിച്ച് പോകാൻ സാധിക്കാതെ വരുകയും കാലഘട്ടങ്ങൾക്കനുസരിച്ച് പുതു ചൈതന്യത്തോടെ ഒരു പുതുചുവടുവയ്പ്പ് നടത്താൻ ദൈവം പ്രചോദിപ്പിയ്ക്കുകയും ചെയ്താൽ സ്വന്തം അധികാരികളുടെയും തിരുസ്സഭയുടെയും അനുവാദത്തോടെ സഭയ്ക്ക് പുറത്ത് പോകാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നുണ്ട്. പാവങ്ങളുടെ അമ്മയായ വി. മദർ തെരേസ ഇതുപോലെ സ്വന്തം അധികാരികളുടെയും തിരുസ്സഭയുടെയും അനുവാദത്തോടെയാണ് ഇറങ്ങി തിരിച്ചത്. ഇങ്ങനെയുള്ള പുറത്തു പോകൽ ദൈവത്തിൽ നിന്നുള്ള ഒരു പ്രചോതനം ആണെങ്കിൽ അവരെ ദൈവം അനുഗ്രഹിച്ച് വളർത്തി വലുതാക്കും. പാവങ്ങളെ ശുശ്രൂഷിയ്ക്കണം എന്ന് മദർ തെരേസയ്ക്കുണ്ടായ ആ ഉൾവിളി ദൈവത്തിൽ നിന്നായിരുന്നു എന്നതാണ് കാലം ലോകത്തിന് കാട്ടിത്തന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ആണ് നാം ജീവിയ്ക്കുന്നത് അതുകൊണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നിയമങ്ങൾ കന്യാസ്ത്രീകളെ അടിമകളെ പോലെയാക്കുന്നു എന്ന വാദത്തിന് ലോക സുഖങ്ങളിൽ മുഴുകി ജീവിയ്ക്കാൻ ആണെങ്കിൽ പിന്നെ എന്തിന് സന്യാസം തിരഞ്ഞെടുക്കുന്നു എന്നാണ് ഉത്തരം. മര്യാദയ്ക്ക് ലോകത്തിന്റെ സുഖഭോഗങ്ങളിൽ മുഴുകി അവിടെ അങ്ങ് ജീവിച്ചാൽ പോരെ? എന്തിന് ബാക്കിയുള്ളവരെ ശല്യം ചെയ്യുന്നു? ആരും ആരെയും നിർബന്ധിയ്ക്കുന്നില്ല. ഒരു ഇന്ത്യൻ പൗരന് സ്വന്തം ജീവിതാന്തസ്സ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന വ്യവസ്ത ചെയ്യുമ്പോൾ എന്തിന് ചിലർ സന്യസ്തരുടെ ജീവിതം ശരിയല്ലെന്ന് വാദിയ്ക്കുന്നു? അങ്ങനെയെങ്കിൽ ഹിമാലയത്തിൽ ജീവിയ്ക്കുന്ന ഹിന്ദു സന്യാസിനികളുടെയും ഒപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ബുദ്ധ സന്യാസികളുടെയും ജീവിതം ക്രൈസ്തവ സന്യാസത്തേക്കാൾ ഒത്തിരി വ്യത്യാസം ഇല്ലല്ലോ? എന്തുകൊണ്ട് അതിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല? അവനവനെ അളക്കുന്ന അളവു കൊണ്ട് മറ്റുള്ളവരെയും അളക്കാൻ ശ്രമിയ്ക്കരുത്. ഒരു സമർപ്പിതയുടെ ജീവിതത്തിൽ എന്തെങ്കിലും മോശമായ അനുഭവം ഉണ്ടായെങ്കിൽ ഇന്ത്യയിൽ ഉള്ള സകലമാന സമർപ്പിതരുടെയും അനുഭവം ആ വ്യക്തിയുടെ അനുഭവം പോലെ ആണെന്ന് ധരിച്ചാൽ തെറ്റി. ഓരോ സന്യാസിനിയും സമർപ്പിതജീവിതത്തിലേയ്ക്ക് കാലുകൾ എടുത്തു വയ്ക്കുമ്പോൾ അവർ ഓരോരുത്തരും പഠിക്കുന്ന ഒന്നുണ്ട്, “നിന്റെ ജീവനെക്കാൾ വലുതാണ് നിന്റെ ചാരിത്രശുദ്ധി” എന്നത്. ഇറ്റലിയിലെ നൊത്തുർണോ എന്ന സ്ഥലത്ത് മരിയ ഗെരേത്തി എന്ന 12 വയസ്സുള്ള ഒരു ബാലിക ( എഴുതാനും വായിക്കാനും അറിയാത്തവൾ) അലക്സാണ്ടർ എന്ന യുവാവിന്റെ കാമമോഹങ്ങൾക്ക് കീഴ്പ്പെടാതെ “പാപത്തെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് മരണമാണ്” എന്നുപറഞ്ഞു കൊണ്ട് ധീരമായ് രക്തസാക്ഷിത്ത്വം വരിച്ചത് ആരും മറന്നു പോയിട്ടില്ല എന്ന് കരുതുന്നു. അതുപോലെ അനേകായിരം സമർപ്പിതരും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തിന്മയോട് ‘നോ പറയാൻ ധൈര്യം കാട്ടാറുണ്ട്. ഏത് ജീവിതവും അതിന്റെ പരിപൂർണ്ണതയിലും വിശുദ്ധിയിലും ദൈവത്തോട് ചേർന്ന്‌ ജീവിക്കുമ്പോൾ അതിന്റേതായ മഹത്ത്വം ഉണ്ട്. തീർച്ചയായും ദൈവത്തിന് സമർപ്പിയ്ക്കപ്പെട്ടവർ എന്നും സമൂഹത്തിന് നല്ല മാതൃക കാട്ടിത്തരാൻ കടപ്പെട്ടവർ ആണ്. അവരുടെ ഒരു ചെറിയ തെറ്റു പോലും സമൂഹത്തിന് വിലിയ ഉതപ്പ് നൽകാൻ കാരണമാകുന്നു. ഒരു വലിയ വെള്ളതുണിയിൽ നാലഞ്ചു കറുത്ത കറകൾ ഉണ്ടെങ്കിൽ പെട്ടന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധ ആ കറകളിലേയ്ക്ക് ആയിരിക്കും. എല്ലാവരുടെയും സംസാരവിഷയവും ആ കറകളെപ്പറ്റിയായിരിയ്ക്കും. ആരും കറകൾ ഇല്ലാത്ത ബാക്കി ഭാഗങ്ങൾ നോക്കാറുപോലുമില്ല. ഈ അവസ്ഥയാണ് ഇന്ന് സന്യാസത്തിന്റെയും. എല്ലാവരും വാതോരാതെ വീണുപോയ ചില ജീവിതങ്ങളെ എടുത്ത് കാട്ടി എല്ലാ സമർപ്പിതരും ഒരുപോലെ ആണെന്ന് വരുത്തി തീർക്കാൻ തത്രപ്പെടുമ്പോൾ എനിക്ക് പറയാനുള്ളത് ഇത്രമാത്രം: പഴയ നിയമത്തിൽ രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിൽ ഏലിയ പ്രവാചകൻ ജെസബെൽ രാജ്ഞിയെ ഭയന്ന് കര്‍ത്താവിന്റെ മലയായ ഹോറെബിലെത്തി ഒരു ഗുഹയിൽ ഇരിയ്ക്കുമ്പോൾ ഏലിയ ദൈവമായ കർത്താവിനോട് പരാതി പറയുന്നത് ഇങ്ങനെയാണ്: “ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവര്‍ അങ്ങയുടെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങയുടെ പ്രവാചകന്‍മാരെ വാളിനിരയാക്കുകയും ചെയ്‌തു. ഞാന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. എന്റേയും ജീവന്‍ അവര്‍ വേട്ടയാടുന്നു.” അപ്പോൾ കർത്താവ് ഏലിയായോട് ഇങ്ങനെ പറഞ്ഞു: “എന്നാല്‍, ബാലിന്റെ മുന്‍പില്‍ മുട്ടുമടക്കുകയോ അവനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാന്‍ ഇസ്രായേലില്‍ അവശേഷിപ്പിക്കും” എന്ന്. ക്രൈസ്തവ സഭയുടെ ആരംഭം മുതൽ ഇന്നുവരെ ചിലരൊക്കെ വഴിതെറ്റി പോയാലും ആ വഴി തെറ്റിയവരുടെ മദ്ധ്യത്തിൽ ദൈവമായ കർത്താവിനോട് വിശ്വസ്ഥത പുലർത്തി ജീവിയ്ക്കുന്ന അനേകായിരങ്ങൾ അന്നും ഇന്നും ഉണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-08-22 11:26:00
Keywordsസന്യാസ, സമര്‍പ്പി
Created Date2019-08-22 11:08:13