Content | അസ്മാര: ക്രൈസ്തവ വിശ്വാസം അടിച്ചമര്‍ത്തുന്ന വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയായില്‍ രണ്ടു മാസത്തിനിടെ അറസ്റ്റ് ചെയ്തത് നൂറ്റിഅന്‍പതോളം ക്രൈസ്തവര്‍. ഇവരില്‍ പലരും തുരങ്കങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഭൂഗര്‍ഭ ജയിലുകളിലാണെന്ന്‍ സന്നദ്ധ സംഘടനയായ വേള്‍ഡ് വാച്ച് മോണിറ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനെട്ടിനായിരുന്നു ഏറ്റവും ഒടുവിലത്തെ അറസ്റ്റ്. തലസ്ഥാന നഗരമായ അസ്മാരയിലെ വിമാനത്താവളത്തിനു സമീപമുള്ള ഗൊഡായെഫ് മേഖലയില്‍ നിന്നും എണ്‍പതോളം ക്രിസ്ത്യാനികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുകൊണ്ട് പോയത്. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ഭയന്ന്‍ വിശ്വാസികളില്‍ പലരും ഇപ്പോള്‍ ഒളിവിലാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കെരെനിലെ ഫെയിത്ത് മിഷന്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ദേവാലയത്തിലെ 70 അംഗങ്ങളെ ഇക്കഴിഞ്ഞ ജൂണ്‍ 23-ന് അറസ്റ്റ് ചെയ്തുകൊണ്ടാണ് സമീപകാല അറസ്റ്റുകള്‍ക്ക് ആരംഭമായത്. ദേവാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ അടച്ചു പൂട്ടിയതായി പ്രദേശവാസികള്‍ പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 35 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടുന്നു. ഇവരെ നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള അഷുഫെര ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാറിന് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കെരെനില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരായ ആറ് ക്രൈസ്തവരെ അസ്മാരയിലെ കോടതിയില്‍ ഹാജരാക്കി.
ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാനാണ് അവരോട് ജഡ്ജി ആവശ്യപ്പെട്ടത്. എന്നാല്‍ തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാന്‍ അവര്‍ തയ്യാറായില്ല. ആറ് പേരും ഇപ്പോള്‍ ജഡ്ജിയുടെ വിധിക്കായി കാത്തിരിക്കുകയാണ്. അതേസമയം ഭൂഗര്‍ഭ തുരങ്ക ജയിലില്‍ വളരെ കഠിനമായ സാഹചര്യത്തിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നും തടവ് പുള്ളികളെകൊണ്ട് തുരങ്കം നിര്‍മ്മിപ്പിക്കുന്ന പതിവ് ഇവിടെയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കത്തോലിക്ക ആശുപത്രികള്‍ അടച്ചുപൂട്ടിയതിന്റെ പേരില്‍ വിവാദത്തിലായ രാജ്യമാണ് എറിത്രിയ. രാജ്യത്തു മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നു ഐക്യരാഷ്ട്രസഭയുടെ ഒരു നിരീക്ഷക സംഘടന മെയ് മാസത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യത്തില്‍ യുഎന്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു. കത്തോലിക്ക ആശുപത്രികള്‍ അടച്ചുപൂട്ടുകയും ഓര്‍ത്തഡോക്സ് പുരോഹിതരെ അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ മതസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുവാനും, അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ക്രിസ്ത്യാനികളെ വിട്ടയക്കുവാനും എറിത്രിയയിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക മനുഷ്യാവകാശ റിപ്പോര്‍ട്ടറായ ഡാനിയേല ക്രാവെറ്റ്സ് സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഓപ്പണ്‍ഡോഴ്സ് പുറത്തുവിട്ട ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ എറിത്രിയ ഏഴാം സ്ഥാനത്താണ്. |