Content | വിർജീനിയ: പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് വീണ്ടും രംഗത്ത്. ഇന്‍റർനെറ്റിലല്ല, മുട്ടിന്മേൽ നിന്നുള്ള പ്രാർത്ഥനയിലാണ് കൂടുതൽ സമയം ചെലവഴിക്കേണ്ടതെന്ന് വൈസ് പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന ക്രിസ്തീയ സംഘടനയായ 'അലിയന്‍സ് ഡിഫൻറിംഗ് ഫ്രീഡം' (എ.ഡി.എഫ്) സംഘടനയുടെ സംഗമത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. രാഷ്ട്രീയത്തിന് അതീതമായി പെൻസ് ഉയര്‍ത്തിപ്പിടിക്കുന്ന ക്രിസ്തീയ മൂല്യങ്ങള്‍ക്കെതിരെ ഉയരുന്ന വിമർശനങ്ങളോടുള്ള പ്രതികരണമെന്തെന്ന എഡിഎഫ് പ്രസിഡന്റ് മൈക്കിൾ ഫാരിസിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പെൻസിന്റെ പ്രസ്താവന.
ക്രൈസ്തവരെന്ന നിലയില്‍ സ്നേഹിതരേയും ശത്രുക്കളെയും സ്നേഹിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് നാം. രാഷ്ട്രീയത്തില്‍ ഇതിനു വലിയ വ്യാപ്തിയാനുള്ളതെന്നും ക്ഷമയാണ് ഏറ്റവും വലിയ സമ്മാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ക്രിസ്തീയ വിശ്വാസം പൊതുവേദികളില്‍ പരസ്യമായി പ്രഘോഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് പെന്‍സ്. ഗര്‍ഭഛിദ്രം, ദയാവധം അടക്കമുള്ള ധാര്‍മ്മിക മൂല്യച്യുതികള്‍ക്ക് എതിരെ ശക്തമായി സ്വരമുയര്‍ത്തുന്ന അദ്ദേഹം ബൈബിള്‍ വാക്യങ്ങള്‍ തന്റെ പ്രസംഗങ്ങളില്‍ പരാമര്‍ശിക്കാറുണ്ടെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.
|