Content | മദ്ധ്യ ചൈനയിലെ വുഹാൻ നഗരത്തിലെ ഒരു ചിത്രകാരിയായിരുന്നു യാൻക്സു. 2003-ൽ ചില പ്രത്യേക സാഹചര്യങ്ങളില്‍ തന്റെ ജോലി രാജി വെയ്ക്കേണ്ടി വന്നതോടെ, ശൂന്യമായ ഭാവി അവരെ തുറിച്ചു നോക്കി. "വേറൊന്നും ചെയ്യാനില്ലായിരുന്നു.അതു കൊണ്ട് ഞാൻ ഒരു സ്കെച്ച് ബുക്കും പേനയുമായി നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ പൗരാണിക മന്ദിരങ്ങൾ വരച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഞാൻ സെന്റ്. ജോസഫ്സ് കത്തീഡ്രലിൽ എത്തി". അവള്‍ പറയുന്നു.
ആ ദേവാലയത്തിന്റെ മനോഹരമായ അന്തരീക്ഷം യാൻക്സുവിനെ ആകർഷിച്ചു. അതിനു ശേഷം പല ദിവസങ്ങളിലും അവര്‍ ദേവാലയം സന്ദർശിച്ചു. ആ ദേവാലയം പൂര്‍ണ്ണമായും ചിത്രീകരിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. സ്ഥിരമായി വരുന്ന യാൻക്സുവിനെ കണ്ട് അവിടുത്തെ വികാരിയച്ചന്‍ 'കത്തോലിക്കാ വിശ്വാസത്തെറ്റി എന്ത് തോന്നുന്നു'വെന്ന് അവരോടു ചോദിച്ചു.
വർഷങ്ങളായി മതരഹിതയായി ജീവിച്ച താന്‍ കത്തോലിക്ക വിശ്വാസത്തെ പറ്റി കൂടുതല്‍ അറിയാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തോടു പറഞ്ഞു. കത്തോലിക്കാ വിശ്വാസിയല്ലെങ്കിലും പിന്നീട് അവർ ഞായറാഴ്ച്ച കുർബ്ബാനകളിൽ പങ്കെടുത്തു തുടങ്ങി. ഏഴു വർഷങ്ങൾക്കു ശേഷം അവർ ജ്ഞാനസ്നാനം സ്വീകരിച്ചു.
"ചൈനയിൽ മത വിശ്വാസം തിരിച്ചു വരികയാണ്. കൂടുതൽ ആളുകൾ ക്രിസ്തുവിനെ പറ്റിയും അവിടുത്തെ കരുണയുടെ വഴിയെ പറ്റിയും അറിയാൻ ആഗ്രഹിക്കുന്നുവെന്ന കാര്യം ഏറെ സന്തോഷമുളവാക്കുന്നതാണ്. റോം വളരെ അകലെയാണ്. പക്ഷേ മാർപാപ്പ ഒരിക്കൽ ഞങ്ങളുടെ രാജ്യം സന്ദർശിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു" യാൻക്സു പറഞ്ഞു.
#{blue->n->n-> യാൻക്സു വരച്ച ചിത്രം}#
ക്രൈസ്തവർ ചൈനയിൽ വളരെ ചെറിയ ഒരു വിഭാഗമാണ്. വുഹാൻ നഗരത്തിൽ 10 മില്യൺ ജനങ്ങളിൽ വെറും 30,000 മാത്രമാണ് ക്രിസ്ത്യാനികൾ. സോഷ്യലിസ്റ്റ് രാജ്യമായ ചൈനയിൽ ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും മതമില്ല. പക്ഷേ, ക്രൈസ്തവരായിട്ടുള്ളവർ അവരുടെ വിശ്വാസത്തില്‍ ആഴപ്പെട്ട് മനോഹരമായി ജീവിക്കുന്നു. ഈ കത്തീട്രല്‍ ദേവാലയം എന്നെ ഏറെ സ്വാധീനിച്ചു. ക്രിസ്തു എന്നെ ഒരു നല്ല വ്യക്തിയായി മാറ്റിയിരിക്കുന്നു" യാൻ കൂട്ടി ചേര്‍ത്തു.
"ഇവിടെ കത്തോലിക്കരുടെ വിശേഷ ദിവസങ്ങൾക്ക് അവധിയില്ലാത്തതു കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ധാരാളമുണ്ട്. ക്രിസ്തുമസ് ദിനങ്ങളിലും ദു:ഖവെള്ളിയാഴ്ച്ചയുമെല്ലാം ദിവ്യബലിയിൽ പങ്കെടുക്കാൻ അവധിയെടുക്കാൻ ക്രൈസ്തവർ നിർബ്ബന്ധിതരാകുന്നു. ദേവാലയത്തിനു പുറത്തുള്ള ആഘോഷങ്ങളും ആരാധനകളും ചൈനയില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. ഇന്റർനെറ്റിലൂടെയും EWTN-ലൂടെയും ക്രൈസ്തവ ആഘോഷങ്ങളിലും ദിവ്യബലിയിലും താൻ സ്ഥിരമായി പങ്കെടുക്കാറുണ്ട്", യാൻ തന്‍റെ വിശ്വാസം തുറന്നു പ്രകടിപ്പിച്ചു.
"ഈ വർഷം ക്രാക്കോയിൽ നടക്കാൻ പോകുന്ന ലോക കത്തോലിക്കാ യുവജന സംഗമത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളുടെ ഇടവകയിലെ ചെറുപ്പക്കാർ. ലോകത്തിൽ നടക്കുന്ന എല്ലാ കത്തോലിക്കാ ആഘോഷങ്ങളിലും ഞങ്ങൾ പങ്കെടുക്കാറുണ്ട്." യാൻ സന്തോഷത്തോടെ വിവരിച്ചു.
ചൈനയിലെ ക്രൈസ്തവർക്കുള്ള വിശുദ്ധ കവാടം യേശുവിലേക്കുള്ള കവാടം തന്നെയാണെന്ന് അവർ പറഞ്ഞു. റോമൻ കത്തോലിക്കാ സഭയോട് വിധേയത്വം പുലർത്തുന്നതു കൊണ്ട് ഓരോ മാസവും മെത്രാന്മാർ ഉൾപ്പടെ നിരവധി വൈദികർ, ജയിലിൽ അടയ്ക്കപ്പെടുന്നുണ്ടെന്ന് യാൻ വെളിപ്പെടുത്തി. യാൻ വരച്ച സെന്റ് തോമസ് അക്വിനാസിന്റെ ഒരു പോർടെയറ്റ് പെയിന്റിംഗിന് അവാർഡിനർഹമായിരിന്നു. "ക്രിസ്തീയമായ ചിത്രരചന തന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രാർത്ഥന തന്നെയാണെന്ന്" യാൻ അഭിമാനപൂർവ്വം പറഞ്ഞു. |