Content | ഇന്ത്യാന: ഇടയന്‍ അജഗണത്തെ തിരിച്ചറിയുന്നവനാകണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആവര്‍ത്തിച്ചുള്ള ആഹ്വാനം പൌരോഹിത്യ ജീവിതത്തില്‍ സ്വാംശീകരിച്ചിരിക്കുകയാണ് ഇന്ത്യാനയിലെ ഒരു വൈദികന്‍. ഇന്ത്യാനയിലെ സെന്റ് തോമസ് അക്വിനാസ് കത്തോലിക്ക ദേവാലയത്തിലെ വൈദികനായ ഫാ. പാട്രിക് ഒപി, വെസ്റ്റ് ലാറായെറ്റീ പ്യൂര്‍ഡൂ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ കുമ്പസാരിപ്പിക്കാനായി അദ്ദേഹം അവരെ തേടിച്ചെല്ലുകയാണ് പതിവ്. ഗോള്‍ഫ് കാര്‍ട്ടില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികളെ തേടിപ്പിടിച്ച് ചെന്ന് അവരെ മുഖാമുഖം ഇരുത്തിയാണ് അദ്ദേഹം കുമ്പസാരിപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
കുമ്പസാരം സഭയുടെ അതിപ്രധാനപ്പെട്ട കൂദാശയാണെന്നും സഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടതായിട്ടുണ്ടെങ്കിലും പാരമ്പര്യവാദികളാകേണ്ടതുമില്ലായെന്നും അദ്ദേഹം പറയുന്നു. കോളേജിലേക്ക് നേരിട്ടു ഇറങ്ങിയുള്ള ഫാ. പാട്രിക്കിന്റെ മിനിസ്ട്രി നിരവധി വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ആരംഭത്തില്‍ വൈദികന്റെ ആശയം കൌതുകമായി തോന്നിയെങ്കിലും ഇപ്പോള്‍ ഇത് ആത്മീയ ജീവിതത്തിന് ഏറെ സഹായകമാണെന്ന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പറയുന്നു. |