Content | ബ്രിസ്ബെയിന്‍: പരിശുദ്ധ കന്യകാമറിയത്തെ അപമാനിക്കുന്ന ചിത്രത്തിനെതിരെ ബ്രിസ്ബെയിനിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയുടെ ചിത്ര പ്രദർശന ശാലയുടെ മുന്നിൽ വിശ്വാസികൾ പ്രാര്‍ത്ഥന കൂട്ടായ്മ സംഘടിപ്പിച്ചു. മൈക്കലാഞ്ചലോയുടെ പ്രശസ്ത ശിൽപ്പമായ പിയത്തയുടെ മാതൃകയിലുളള ചിത്രമാണ് ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന പേരില്‍ തീർത്തും അശ്ലീലമായ രീതിയിൽ ജുവാൻ ഡാവില എന്ന ചിത്രകാരൻ വരച്ചുവെച്ചിരിക്കുന്നത്.
എന്നാൽ ജുവാൻ ഡാവിലയുടെ ചിത്രം പ്രദർശനശാലയിൽ നിന്നും മാറ്റാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്ന ധാർഷ്ട്യ നിലപാടാണ് ഗ്രിഫിത്ത് യൂണിവേഴ്സിറ്റി സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രാര്‍ത്ഥന കൂട്ടായ്മ നടന്നത്. പൊതുവേദിയിൽ തന്നെ മാതാവിന്റെ അമലോൽഭവ ഹൃദയത്തിന് പാപപരിഹാര പ്രാര്‍ത്ഥന സമർപ്പിക്കുക, ക്രൈസ്തവ വിശ്വാസത്തിനും, മാതാവിനോടുള്ള ഭക്തിക്കും സാക്ഷ്യം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പ്രയർ വിജിൽ നടത്തിയതെന്ന് സംഘാടകരിലൊരാൾ പറഞ്ഞു. എൺപതോളം വിശ്വാസികളാണ് പ്രാര്‍ത്ഥിക്കുവാനായി എത്തിയത്.
യൂണിവേഴ്സിറ്റിയുടെ നിലപാടിനെ അപലപിച്ച് രാഷ്ട്രീയക്കാരും, ക്രൈസ്തവ നേതാക്കളും, പൊതുജനവും രംഗത്തുവന്നിരിക്കുകയാണ്. ചിത്രം നീക്കം ചെയ്യാൻ യൂണിവേഴ്സിറ്റി വിസമ്മതിക്കുന്നതു തീര്‍ത്തൂം നിരാശജനകമാണെന്നാണ് ബ്രിസ്ബെയിൻ ആർച്ച് ബിഷപ്പ് മാർക്ക് കോളറിഡ്ജിന്റെ പ്രതികരണം. പാർലമെന്റ് അംഗങ്ങളും ശക്തമായ പ്രതികരണങ്ങളാണ് നടത്തിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ സ്ത്രീയെ അപമാനിക്കുന്ന ചിത്രം ഒരു പബ്ലിക് യൂണിവേഴ്സിറ്റിയിൽ സൂക്ഷിക്കാന്‍ പാടില്ലെന്ന് ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി അഭിപ്രായപ്പെട്ടു. |