Content | ലോസ് ആഞ്ചലസ്: കഴിഞ്ഞ ദിവസം അമേരിക്കയിൽ നടന്ന ലോസ് ആഞ്ചലസ് ചാര്‍ജേഴ്സും ഡെട്രോയിറ്റ് ലയണ്‍സും തമ്മിലുള്ള മത്സരം ലോസ് ആഞ്ചലസിന്റെ ക്വാര്‍ട്ടര്‍ ബാക്കായ ഫിലിപ് റിവേഴ്സിന്റെ പരസ്യ വിശ്വാസ പ്രഘോഷണത്തിന്റെ വേദിയായി മാറിയിരിക്കുകയാണ്. മത്സരം ആരംഭിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ മുന്‍പ് ഫോര്‍ഡ് ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്കിടയില്‍ ഉണ്ടായിരുന്ന മിഷിഗനിലെ ആന്‍ ആര്‍ബറിലെ ഡൊമിനിക്കന്‍ സിസ്റ്റേഴ്സ് ഓഫ് മേരി സഭാംഗങ്ങളായ കന്യാസ്ത്രീമാരെ അവരുടെ അടുത്തെത്തി ഹസ്തദാനം ചെയ്തും അഭിവാദ്യം അർപ്പിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തിയാണ് ഇപ്പോൾ മാധ്യമ ശ്രദ്ധ ആകർഷിക്കാൻ കാരണമായിരിക്കുന്നത്.
തീക്ഷ്‌ണതയുള്ള കത്തോലിക്കാ വിശ്വാസിയായ റിവേഴ്സിന് ഡൊമിനിക്കന്‍ സഭയുമായി അടുത്ത ബന്ധമാണുള്ളത്. 2012 മുതല്‍ ഭാര്യ ടിഫാനിക്കൊപ്പം റിവേഴ്സ് ഈ സമർപ്പിത സമൂഹത്തിന് പിന്തുണ നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ ദൈവ വിശ്വാസവും, മാതൃകാപരമായ ജീവിതവും, അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങൾക്ക് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് അവക്കുള്ള അംഗീകാരമായി 2015-ലെ മെഡല്‍ ഓഫ് ഡൊമിനിക്ക് പുരസ്കാരം നല്‍കി സിസ്റ്റേഴ്സ് റിവേഴ്സിനെ ആദരിച്ചിരിന്നു.
ഓരോ മത്സരത്തിനും മുന്‍പ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന പതിവും റിവേഴ്സിനുണ്ട്. പ്രോലൈഫ് ചിന്താഗതിയുള്ള റിവേഴ്സ് ദമ്പതികള്‍ക്കു ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് തങ്ങളുടെ ഒൻപതാമത്തെ കുട്ടി പിറന്നത്. വിശ്വാസം, കുടുംബം, ഫുട്ബോള്‍ എന്നീ ഗണത്തിലാണ് തന്റെ ജീവിതത്തില്‍ താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് റിവേഴ്സ് തന്നെ പറഞ്ഞിട്ടുണ്ട്.
1997-ല്‍ നാലു സിസ്റ്റേഴ്സ് ചേര്‍ന്നാണ് ഡൊമിനിക്കന്‍ ആശ്രമജീവിത പാരമ്പര്യത്തോടെ അടുത്ത് നില്‍ക്കുന്ന ഡൊമിനിക്കന്‍ സിസ്റ്റേഴ്സ് ഓഫ് മേഴ്സി സന്യാസിനീ സഭക്ക് ആരംഭം കുറിച്ചത്. 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ശരാശരി 32 വയസ്സ് പ്രായമുള്ള 140 കന്യാസ്ത്രീമാരുടെ സമൂഹമായി ഇത് വളര്‍ന്നു. അവരുടെ വിശ്വാസവും പ്രവര്‍ത്തനങ്ങളും പ്രമുഖ ടി.വി ഷോ അവതാരികയായ ഓപ്രായെപ്പോലും സ്വാധീനിക്കുകയുണ്ടായി. രണ്ടു പ്രാവശ്യം ഓപ്ര ഇവരെ ചേർത്തുവെച്ച് പരിപാടി നടത്തിയിരുന്നു. |