Content | 'സാങ്ങ്റ്റസ്' എന്ന ലത്തീൻ വാക്കിൽ നിന്നാണ് സെയിന്റ് അഥവാ വിശുദ്ധൻ എന്ന പദം ഉത്ഭവിക്കുന്നത്. 'പരിശുദ്ധി' എന്നാണ് ഈ വാക്കിന്റെ അർത്ഥം. സഭയുടെ ആദ്യകാലങ്ങളിൽ നന്മപൂരിതമായ ജീവിതം നയിച്ചിരുന്ന വ്യക്തികൾക്ക്, പ്രത്യേകിച്ച് രക്തസാക്ഷികളായവർക്ക് സെയിന്റ് എന്ന വിളിപ്പേര് സഭ നൽകിയിരുന്നു. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ നടപടി ക്രമങ്ങൾ കൃത്യവും, കാര്യക്ഷമവുമാക്കാനാണ് 1588-ൽ വത്തിക്കാൻ വിശുദ്ധരുടെ നാമകരണ നടപടികൾക്കു വേണ്ടിയുള്ള തിരുസംഘം ആരംഭിച്ചത്. വ്യക്തമായ കണക്കുകളില്ലെങ്കിലും, ഏതാണ്ട് ആയിരത്തിനും എണ്ണായിരത്തിനുമിടയിൽ വിശുദ്ധ പദവി നേടിയ മഹത് വ്യക്തിത്വങ്ങള്‍ തിരുസഭയിലുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ വിശുദ്ധരായി ഉയർത്തപ്പെട്ട അനേകം പേർ ചിലപ്പോൾ ഈ കണക്കിൽ ഉൾപ്പെട്ടിട്ടുണ്ടാവില്ല. ഉദാഹരണമായി 482 പേരെ ജോൺ പോൾ മാർപാപ്പയും, 45 പേരെ ബനഡിക്ട് മാർപാപ്പയും, 893 പേരെ ഫ്രാൻസിസ് മാർപാപ്പയും വിശുദ്ധപദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്. 2013 ൽ മാത്രം 800 ഇറ്റാലിയൻ രക്തസാക്ഷികളെ ഒരുമിച്ച് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ ഗണത്തിലേക്കുയർത്തി. എന്നാല്‍ സ്വർഗ്ഗത്തിലുളളവരെയെല്ലാം വിശുദ്ധരെന്ന് വിളിക്കാവുന്നതു കൊണ്ട്, വിശുദ്ധരുടെ എണ്ണത്തെ സംബന്ധിച്ച കണക്ക് അടിസ്ഥാനമില്ലാത്ത ചോദ്യമാണെന്നു അഭിപ്രായപ്പെടുന്ന അനേകം പണ്ഡിതരുണ്ടെന്നതും വസ്തുതയാണ്.
നൂറു ബില്യൺ ആളുകളെങ്കിലും ഈ ഭൂമിയിൽ ഇതുവരെ ജീവിച്ചിട്ടുള്ളതിനാൽ എത്രപേർ സ്വർഗ്ഗത്തിലാണെന്ന് പറയാൻ പ്രയാസമാണെന്ന് മറ്റു ചിലർ പറയുന്നു. എന്തായാലും, നമ്മള്‍ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം പരിശുദ്ധിയിൽ ജീവിക്കുക എന്നതും, വിശുദ്ധന്‍ അല്ലെങ്കിൽ വിശുദ്ധയാവുക എന്നതുമാണ്. ഏതുതരം ജോലി മേഖലയിലുള്ളവരാണെങ്കിലും, ഏതുതരം ദൈവവിളി ലഭിച്ചവരാണെങ്കിലും ക്രിസ്തുവുമായി ഒരു ഊഷ്മള ബന്ധം ആഗ്രഹിച്ചാൽ പരിശുദ്ധി നമുക്ക് നിഷ് പ്രയാസം എത്തിപ്പിടിക്കാൻ സാധിക്കും. എണ്ണമില്ലാത്ത വിശുദ്ധരുടെ ഗണത്തിലേക്ക് നമ്മുടെ പേരു കൂടി ചേര്‍ക്കുവാനുള്ള ശ്രമം ആരംഭിക്കുകയല്ലേ? |