Content | വത്തിക്കാന്‍ സിറ്റി: അല്‍ഷിമേഴ്സ് കാന്‍സര്‍ രോഗങ്ങളെ തുടര്‍ന്നു വേദന അനുഭവിക്കുന്ന സ്ത്രീ-പുരുഷന്മാരെ പ്രത്യേകം സ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. ശനിയാഴ്ച (സെപ്തംബര്‍ 21) ലോക അല്‍ഷിമേഴ്സ് ദിനമായി ആചരിക്കുന്ന കാര്യം സ്മരിച്ച പാപ്പ ഓര്‍മ്മയും സംസാരശേഷിയും നഷ്ടമാകുന്ന അല്‍ഷിമേഴ്സ് രോഗികള്‍ പലപ്പോഴും മനുഷ്യാന്തസ്സിന് ഇണങ്ങാത്തവിധം ക്ലേശങ്ങള്‍ അനുഭവിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. രോഗീപരിചാരകരുടെ ഹൃദയ പരിവര്‍ത്തനത്തിനായും, അല്‍ഷിമിയേഴ്സ് രോഗികള്‍ക്കുവേണ്ടിയും, അവരെ സ്നേഹത്തോടെ ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ വത്തിക്കാനിലെത്തിയവരോടും ആഗോള വിശ്വാസികളോടും ആഹ്വാനം ചെയ്തു.
തന്റെ സന്ദേശത്തില്‍ കാന്‍സര്‍ രോഗികളെ കുറിച്ചും പാപ്പ പ്രത്യേകം പരാമര്‍ശം നടത്തി. കാന്‍സര്‍ രോഗത്തിന്‍റെ പിടിയില്‍ അമര്‍ന്നിരിക്കുന്നവര്‍ ലോകത്തിന്ന് നിരവധിയാണെന്നും അവര്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്നും, അങ്ങനെ അവര്‍ക്കു രോഗശമനം ലഭിക്കുവാനും, അവരുടെ ചികിത്സാക്രമം പൂര്‍വ്വോപരി മെച്ചപ്പെടുവാനും ഇടയാവട്ടെയെന്നും പാപ്പ ആശംസിച്ചു. ഇന്നലെ വത്തിക്കാനില്‍ നടന്ന പതിവുള്ള പ്രതിവാര കൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പാപ്പ രോഗികളെ സ്മരിച്ചത്. രാജ്യാന്തര അല്‍ഷിമേഴ്സ് സൊസൈറ്റിയാണ് (Alshiemer’s Disease International Society) സെപ്തംബര്‍ 21 ലോക അല്‍ഷിമേഴ്സ് ദിനമായി ആചരിക്കുന്നത്.
|