Content | വത്തിക്കാന്‍ സിറ്റി: കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെ മെത്രാന്മാര്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അഡ് ലിമിന സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെയും ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെയും നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച നടത്തിയത്. സെപ്റ്റംബര്‍ 11നു റോമിലെത്തിയ മെത്രാന്മാര്‍ 18 വരെ നീണ്ട വിവിധ പരിപാടികളില്‍ സംബന്ധിച്ചു. കേരളത്തിലെ പ്രളയക്കെടുതികളെക്കുറിച്ചു മെത്രാന്മാരോടു ചോദിച്ചറിഞ്ഞ മാര്‍പാപ്പ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ശാന്തിയും സമാധാനവും ആശംസിച്ചു.
വിഭാഗീയതയും അസമത്വവും സമൂഹത്തിലെ അസമാധാനത്തിനു കാരണങ്ങളാകുന്‌പോള്‍ സംവാദത്തിന്റെയും സൗഹൃദഭാഷണത്തിന്റെയും ദൗത്യമേറ്റെടുക്കണമെന്നു മാര്‍പാപ്പ മെത്രാന്മാരോട് ആഹ്വാനം ചെയ്തു. അനുരഞ്ജനത്തിന്റെ പ്രവാചകരാകാനും നാഗരികതയുടെ ദുരവസ്ഥകളെ കാരുണ്യത്താല്‍ പവിത്രീകരിക്കാനും കഴിഞ്ഞാലേ ഇക്കാലത്തു സംഘര്‍ഷങ്ങളെ ഒഴിവാക്കാനാവൂ. അക്രമത്തെ സ്‌നേഹത്തിന്റെ സുവിശേഷംകൊണ്ടു പ്രതിരോധിക്കാന്‍ കഴിയണമെന്നും മാര്‍പാപ്പ പറഞ്ഞു. സന്ദര്‍ശനത്തിനിടെ പിതാക്കന്മാരുടെ മുഖ്യകാർമികത്വത്തിൽ റോമിലെ പ്രസിദ്ധ ബസലിക്കയായ സാന്‍ ജിയോവാന്നീ ഡെല്‍ ഫിയോറെന്‍റീന ദേവാലയത്തില്‍ മലയാളത്തിൽ ദിവ്യബലി അർപ്പിച്ചു. ഇറ്റലിയിലെ പ്രവാസി മലയാളികളുമായി സംവാദം നടത്താനും പിതാക്കന്മാര്‍ സമയം കണ്ടെത്തി.
കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ (കൊച്ചി), സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ (കോഴിക്കോട്), ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍ (നെയ്യാറ്റിന്‍കര), ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല (കണ്ണൂര്‍), ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി (കൊല്ലം), ബിഷപ്പ് ഡോ. ജെയിംസ് ആനാപറന്പില്‍ (ആലപ്പുഴ), ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ (ആലപ്പുഴ), ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ (വിജയപുരം), ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി (കോട്ടപ്പുറം), ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ (പുനലൂര്‍), ബിഷപ്പ് ഡോ. ക്രിസ്തുദാസ് (തിരുവനന്തപുരം) എന്നിവരാണ് പരിശുദ്ധ സിംഹാസനത്തില്‍ സന്ദര്‍ശനം നടത്തിയത്. |