Content | ട്വെർ: മദ്യപാനവും വ്യഭിചാരവും കൊണ്ട് ആത്മീയ കെട്ടുറപ്പ് നഷ്ട്ടപ്പെട്ട റഷ്യന്‍ പട്ടണത്തെ വിശുദ്ധീകരിക്കാന്‍ ശ്രദ്ധേയമായ ഇടപെടലുമായി ഓര്‍ത്തഡോക്സ് വൈദികർ. തിന്മയുടെ സ്വാധീനത്തിലായ ട്വെർ എന്ന പട്ടണത്തിൽ വിമാനത്തിൽ നിന്നും വിശുദ്ധജലം തളിച്ചാണ് വൈദികര്‍ പ്രാര്‍ത്ഥിച്ചത്. സെപ്റ്റംബർ പതിനൊന്നാം തീയതി പ്രത്യേകം വെഞ്ചിരിച്ച 70 ലിറ്റർ വിശുദ്ധജലം, റഷ്യൻ ഓർത്തഡോക്സ് വൈദികർ വിമാനത്തിൽ നിന്നും താഴെയുള്ള പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തളിച്ചു. മദ്യപാനവും, വ്യഭിചാരവും തടയുകയെന്ന ലക്ഷ്യമായിരുന്നു വൈദികരുടെ നടപടിക്ക് പിന്നിലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മദ്യ വിരുദ്ധ ദിവസം എന്നറിയപ്പെടുന്ന സെപ്റ്റംബർ പതിനൊന്നാം തീയതി റഷ്യയിൽ ഒരു അനൗദ്യോഗിക അവധി ദിവസമായിരുന്നു. വിമാനം 800 അടി ഉയരത്തിലെത്തിയപ്പോൾ, പ്രാർത്ഥനയോടെ വിശുദ്ധജലം തളിക്കാൻ വൈദികര്‍ ആരംഭിക്കുകയായിരിന്നു. കടുത്ത മദ്യപാനത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരാള്‍, ഭാര്യക്കൊപ്പം വിമാനത്തിലുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായിരിന്നു. മദ്യ വിരുദ്ധ പ്രചാരണങ്ങൾ റഷ്യയിൽ മദ്യ ഉപയോഗത്തിന്റെ അളവ് വലിയതോതിൽ കുറക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. |