Content | ഇസ്താംബുള്‍: മിഷ്ണറി സ്വഭാവം വീണ്ടെടുക്കുവാന്‍ ആഗ്രഹിക്കുന്ന കത്തോലിക്ക സഭയ്ക്ക് തുര്‍ക്കി അവസരങ്ങളുടെ നാടാണെന്ന് തുര്‍ക്കിയിലെ അപ്പസ്‌തോലിക വികാരിയേറ്റായ അനാറ്റോളിയയുടെ അധ്യക്ഷനായ ബിഷപ്പ് പാവോലോ ബിസേതി. ക്രൈസ്തവവിശ്വാസം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പോലും ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന ഇസ്ലാം മതസ്ഥരുടെ സംഖ്യയും കുറവല്ലായെന്നും അദ്ദേഹം വ്യക്തമാക്കി. മിലാന്‍ ആസ്ഥാനമായുള്ള ഫാമിഗ്ലിയ ക്രിസ്റ്റിയാനാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുന്നതിനേക്കാള്‍ മരിക്കുവാന്‍ തയാറായിട്ടുള്ള നിരവധി കുടുംബങ്ങള്‍ രാജ്യത്തുണ്ടെന്നും എന്നാല്‍ ആവശ്യമായ ക്രൈസ്തവ രൂപീകരണം നല്‍കുന്നതിനോ അവരുടെ അജപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ വേണ്ട സംവിധാനം തുര്‍ക്കിയിലെ സഭയ്ക്കിന്നില്ലായെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രാദേശിക വിശ്വാസികളോടൊപ്പമുള്ള കുടിയേറ്റക്കാരുടെ സാന്നിധ്യം അവസരങ്ങളുടെ പുതിയ വാതായനം തുറന്നിട്ടിരിക്കുകയാണ്. എന്നാല്‍ ന്യൂനപക്ഷാവകാശങ്ങള്‍ പലപ്പോഴും നിരാകരിക്കപ്പെടുന്ന തുര്‍ക്കിയില്‍ കാര്യമായ മിഷന്‍ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും ബിഷപ്പ് പറഞ്ഞു. ഇസ്ലാമിക് ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയില്‍ കത്തോലിക്ക സഭയ്ക്ക് രാജ്യത്ത് 54 ഇടവകകള്‍ മാത്രമാണുള്ളത്.
|