Content | ഒരു രാജ്യത്ത് ഒരു കൊലപാതകമുണ്ടായാൽ അത് മാധ്യമങ്ങൾ എപ്രകാരമാണ് റിപ്പോർട്ട് ചെയ്യണ്ടത് എന്നതിന് പല രാജ്യങ്ങളിലും നിയമങ്ങൾ നിലവിലുണ്ട്. കാരണം ഒരു കൊലപാതകത്തെക്കുറിച്ചുള്ള പക്വതയില്ലാത്ത റിപ്പോർട്ടുകൾ മറ്റൊരു കൊലപാതകത്തിനുള്ള പുതിയ ആശയങ്ങൾ സമ്മാനിക്കുന്നതിനു കാരണമായേക്കാം. അതിനാൽ തന്നെ സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന മാധ്യമങ്ങൾ ഇത്തരം വാർത്തകളിലെ ഓരോ വാക്കുകളും വളരെ സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാറുള്ളു. എന്നാൽ ഇന്ന് കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങൾ പോലും ഈ കൊലപാതകങ്ങൾ വിറ്റ് എങ്ങനെ കാശാക്കാം എന്ന രീതിയിൽ മത്സരിക്കുന്ന കാഴ്ച്ചയാണ് അടുത്തകാലത്ത് കണ്ടുവരുന്നത്.
കേരളത്തിൽ ഇപ്പോൾ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടമരണകേസിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ ചെറുതും വലുതുമായ മാധ്യമങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ അവരവരുടെ ഭാവനക്കനുസരിച്ചു റിപ്പോർട്ടു ചെയ്യുമ്പോൾ അത് സമൂഹത്തിൽ വിതയ്ക്കുന്ന തിന്മയുടെ വിഷവിത്തുകൾ ഇവിടുത്തെ ഭരണകൂടവും, സാംസ്കാരിക നായകന്മാരും തിരിച്ചറിയാതെ പോകരുത്.
#{red->none->b->പുതിയ അറിവുകൾ നൽകുന്ന റിപ്പോർട്ടുകൾ }#
ഒരു കൊലപാതകം റിപ്പോർട്ട് ചെയ്യുമ്പോൾ, ആ കൊലപാതകം രൂപകൽപന ചെയ്തതും, അതു നടപ്പിൽ വരുത്തിയ രീതിയും, പിന്നീട് തെളിവുകൾ നശിപ്പിക്കാൻ കുറ്റവാളികൾ അവലംബിച്ച മാർഗ്ഗങ്ങളും വിശദമായി പ്രതിപാദിക്കുമ്പോൾ, ഇത്തരം പുതിയ അറിവുകൾ പിന്നീട് നടക്കുന്ന പല കുറ്റകൃത്യങ്ങൾക്കും സഹായകമായിട്ടുണ്ട് എന്ന് പല കുറ്റവാളികളും സമ്മതിച്ചിട്ടുള്ള ഒരു വസ്തുതയാണ്.
ഏതാനും നാളുകൾക്ക് മുൻപ് പുറത്തിറങ്ങിയ ഒരു മലയാള സിനിമയിൽ നിന്നും ആശയം ഉൾക്കൊണ്ട് കേരളത്തിൽ നടത്തിയ കൊലപാതകങ്ങൾ പോലീസ് തെളിവു സഹിതം കണ്ടെത്തിയിട്ടും, ഇക്കാര്യം കുറ്റവാളികൾ തന്നെ സമ്മതിച്ചിട്ടും, ഇത്തരം സിനിമകൾക്കെതിരെ ശബ്ദിക്കാൻ ഇവിടുത്തെ സാംസ്കാരിക നായകന്മാർ ആരും തയാറായില്ല എന്നത് നാം ഗൗരവമായി കാണേണ്ടതാണ്.
കേരളത്തിൽ ഇപ്പോൾ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന കൂട്ടമരണകേസിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ കൂടാതെ, ഈ ദിവസങ്ങളിൽ കേരളത്തിലെ ഒരു പ്രമുഖ മാധ്യമം അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും നടന്ന വനിതാ സീരിയൽ കില്ലേഴ്‌സിനെക്കുറിച്ചുള്ള വാർത്തകൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്തുകൊണ്ട് അവർ കൊലപാതകം നടത്തിയ രീതികളും, തെളിവു നശിപ്പിക്കാൻ കണ്ടെത്തിയ മാർഗ്ഗങ്ങളും വിശദീകരിക്കുമ്പോൾ ഇത്തരം വാർത്തകൾ ഒരു സമൂഹത്തിന് ഒരു നന്മയും പ്രദാനം ചെയ്യുന്നില്ല എന്നു മാത്രമല്ല ചിലപ്പോഴൊക്കെ ഇതിലെ ആശയങ്ങൾ ഭാവിൽ മറ്റു കുറ്റവാളികൾക്ക് സഹായകമായി തീരുന്നു എന്നുള്ള വലിയ വിപത്തും നാം തിരിച്ചറിയാതെ പോകരുത്.
#{red->none->b-> കൊലപാതകം ആഘോഷമാക്കുന്ന സമൂഹ മാധ്യമങ്ങൾ }#
ഓരോ കൊലപാതകവും സമൂഹ മനസാക്ഷിയെ ആഴമായി മുറിവേൽപ്പിക്കുന്നു. എന്നാൽ ഇന്ന് ഇത്തരം വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഘോഷമാക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു. ഇത്തരം കൊലപാതകങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് ഒരു കൂട്ടർ കോമഡി പോസ്റ്റുകളും ട്രോളുകളുമിറക്കുമ്പോൾ, മറ്റൊരു കൂട്ടർ അത് ലൈക് ചെയ്തും ഷെയർ ചെയ്തും സാമൂഹ്യ മാധ്യമങ്ങളിലൂടെ കയ്യടിനേടാനും ശ്രമിക്കുന്നു. ഇത്തരം പ്രവണതകൾ ഇന്ന് സമൂഹത്തിൽ സംഭവിച്ചിരിക്കുന്ന മൂല്യച്യുതിയുടെ ചില ഉദാഹരണങ്ങളാണ്.
തിന്മയെ പ്രോത്സാഹിപ്പിക്കുന്ന സീരിയലുകൾ തുടർച്ചായി പ്രക്ഷേപണം ചെയ്ത് സമൂഹത്തിൽ കുറ്റവാളികളെ സൃഷ്ടിക്കുകയും അവസാനം ഇത്തരം കുറ്റവാളികളെയും കൊലപാതകങ്ങളേയും കുറിച്ചു വിശദമായ അന്തിചർച്ചകൾ നടത്തി മലയാളികളുടെ സായാഹ്നങ്ങളെ വീണ്ടും മലിനമാകുകയും, നിരവധി കുടുംബങ്ങളെ തകർക്കുകയും ചെയ്യുന്ന മലയാളം ചാനലുകളെ നിയമം മൂലം നിയന്ത്രിക്കുവാൻ ഇനിയും ഭരണകൂടത്തിനു കഴിയുന്നില്ലെങ്കിൽ അത് അവർ കേരള സമൂഹത്തോട് ചെയ്യുന്ന വലിയ ക്രൂരതയായിരിക്കും.
#{red->none->b->അൽപം ആത്മീയത ഇല്ലങ്കിൽ പിന്നെ എന്ത് രസം? }#
ആത്മീയ മേഖലയെയും ക്രൈസ്തവ വിശ്വാസത്തെയും എങ്ങനെയും ആക്രമിക്കുക എന്ന ലക്ഷ്യം വച്ചു മാത്രം ഓരോ പ്രഭാതത്തിലും ഉണരുന്ന നിരധിവ്യക്തികൾ ഇന്ന് നമ്മുക്കു ചുറ്റുമുണ്ട്. അതിന് ഒന്നും കിട്ടിയില്ലെങ്കിൽ, പിന്നെ സമൂഹത്തിൽ നടക്കുന്ന ഏതെങ്കിലും കുറ്റകൃത്യങ്ങളെ ആത്മീയതയുമായി ബന്ധിപ്പിക്കുക എന്നതാണ് ഇക്കൂട്ടരുടെ അടുത്ത നടപടി. ഇത്തരം നുണക്കഥകൾ ഏറ്റെടുത്തു പ്രചരിപ്പിക്കാൻ നിരവധി ക്രിസ്ത്യൻ നാമധാരികൾ സോഷ്യൽ മീഡിയയിൽ തയ്യാറായി നിൽക്കുന്നു എന്ന വസ്തുത യാഥാർത്ഥ ക്രൈസ്തവ സമൂഹം വേദനയോടെയാണ് നോക്കിക്കാണുന്നത്.
കൂട്ടമരണകേസിലെ പ്രതി മതാധ്യാപികയായിരുന്നെന്നും, ദിവസവും പള്ളി തിരുകർമ്മങ്ങളിലും ധ്യാനങ്ങളിലും പങ്കെടുക്കുന്ന വ്യക്തിയായിരുന്നെന്നും, എല്ലാ ആഴ്ചയിലും കുമ്പസാരിച്ചിരുന്നുവെന്നും പ്രചരിപ്പിച്ചിട്ടും തൃപ്തിവരാതെ ഈ വ്യക്തി ധ്യാനഗുരുവായിരുന്നു എന്നു പോലും പ്രചരിപ്പിച്ചുകൊണ്ടാണ് ചിലർ ആശ്വാസം കണ്ടെത്തിയത്. എല്ലാ ആഴ്ചയിലും കുമ്പസാരിക്കുന്ന വ്യക്തിയായിരുന്നുവെങ്കിൽ ഈ വ്യക്തി ആ വൈദികനോട് എല്ലാം പറയുന്നുണ്ടായിരുന്നുവെന്നും അതിനാൽ വൈദികനെ അറസ്‌റ്റു ചെയ്യണമെന്നും മറ്റൊരു കൂട്ടർ. ക്രൈസ്തവ വിശ്വാസത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാത്ത ഇക്കൂട്ടരും "ക്രിസ്ത്യാനികൾ" എന്ന പേരിൽ അറിയപ്പെടുന്നു എന്നതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ.
ഓരോ കുറ്റകൃത്യങ്ങളും കണ്ടുപിടിക്കപ്പെടേണ്ടതും തെളിയിക്കപ്പെടേണ്ടതും കുറ്റവാളികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടതുമാണ്. എന്നാൽ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് പിന്നീട് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് തടയുന്നതിനു വേണ്ടിയായിരിക്കണം അല്ലാതെ അത് മറ്റു കുറ്റകൃത്യങ്ങൾക്ക് പ്രചോദനമാകരുത്. പല വിദേശ രാജ്യങ്ങളിലും ഇത്തരം കുറ്റവാളികൾ പിടിക്കപ്പെട്ടാൽ അവരെ അറസ്റ്റു ചെയ്തു എന്ന വാർത്ത മാത്രമാകും മാധ്യമങ്ങളിലൂടെ പുറത്തുവരിക. പിന്നീട് കോടതി വിചാരണയ്ക്കു ശേഷം അവരുടെ ശിക്ഷയെ കുറിച്ചുള്ള വിവരങ്ങളും. അല്ലാതെ അവർ കുറ്റകൃത്യം നടത്തിയ രീതികളോ, തെളിവു നശിപ്പിച്ച രീതികളോ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറില്ല.
സമൂഹത്തിൽ നന്മയുടെ വെളിച്ചം വിതറിയ വിശുദ്ധരുടെ കഥകൾ വായിച്ചു അവരുടെ പാത പിന്തുടർന്ന് നന്മ ചെയ്യുന്ന അനേകം മനുഷ്യർ ഈ ഭൂമിയിലുണ്ട്. എന്നാൽ കൊലപാതക കഥകൾ വായിച്ചു കൊലപാതകികളായി മാറിയ മനുഷ്യരും ഈ ഭൂമിയിലുണ്ട് എന്ന കാര്യവും നാം വിസ്മരിച്ചുകൂടാ. അതിനാൽ ഓരോ മാധ്യമങ്ങളും സമൂഹത്തിൽ നന്മയുടെ വിത്തു പാകുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യട്ടെ. അതിനു വിരുദ്ധമായി, വെറുതെ റേറ്റിങ്ങ് കൂട്ടുവാൻ വേണ്ടി മാത്രംവാർത്തകൾ റിപ്പോർട്ട് ചെയ്ത് സമൂഹത്തിൽ തിന്മയുടെ വിഷവിത്തുകൾ വിതക്കുന്ന ഓരോ മാധ്യമത്തെയും നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റി നിറുത്തേണ്ടത് ഒരോ മനുഷ്യസ്നേഹിയുടെയും കടമയാണ്. |