Content | ഡബ്ലിന്‍: അസാധാരണ മിഷന്‍ മാസം മിഷ്ണറി ജീനുകൾക്ക് പുതിയ ഉണർവ് നൽകാനും, ഹൃദയങ്ങൾ മിഷനു വേണ്ടി നവീകരിക്കാനുമായുളള സമയമാണെന്ന്‍ ഐറിഷ് മെത്രാൻ സമിതിയുടെ അധ്യക്ഷനും അര്‍മാഗ് അതിരൂപത ആർച്ച് ബിഷപ്പുമായ ഈമോൻ മാർട്ടിൻ. ഒക്ടോബർ ഒന്നാം തീയതി ആരംഭിച്ച ഐറിഷ് മെത്രാൻമാരുടെ പൊതുസമ്മേളനത്തിനു മുൻപ് വിശുദ്ധ കുർബാനയിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയിനൂത്തിലുളള സെന്റ് പാട്രിക് കോളേജിലെ സാന്താ മരിയ ഒറേട്ടറിയിലാണ് വിശുദ്ധ കുർബാനയർപ്പണം നടന്നത്. വിശുദ്ധ കുർബാനയോടുകൂടി അസാധാരണ മിഷ്ണറി മാസത്തിനും ആർച്ച് ബിഷപ്പ് ഈമോൻ മാർട്ടിൻ ഔദ്യോഗികമായി തുടക്കമിട്ടു.
മിഷൻ പ്രവർത്തനത്തിനും, മറ്റുള്ളവരെ ക്രിസ്തുവിനായി നേടുന്നതിനും, വചനം നൽകുന്നതിനും, സാക്ഷികളാകുന്നതിനും മാമോദീസ സ്വീകരിച്ച ഓരോ വ്യക്തിയും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന ബോധ്യം ക്രൈസ്തവ വിശ്വാസികളിൽ പുനര്‍ജീവിപ്പിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ അസാധാരണ മിഷ്ണറി മാസം പ്രഖ്യാപിച്ചതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. നിരവധി പേര്‍ പ്രത്യേകിച്ച് യുവജനങ്ങൾ, തങ്ങളുടെ ജീവിതത്തിൽ അർത്ഥങ്ങൾക്കും, പ്രതീക്ഷകൾക്കും മൂല്യങ്ങൾക്കും വേണ്ടി ആഗ്രഹിക്കുന്നുണ്ടെന്നും അത് ക്രിസ്തുവിനെ കൂടാതെയുള്ള ഒരു ജീവിതത്തിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. |