Content | വത്തിക്കാന്‍ സിറ്റി: ആഗോള സഭയിലെ വിശുദ്ധരുടെ പട്ടികയിലേക്ക് കേരളത്തില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ചു അതുല്യ വ്യക്തിത്വങ്ങളുടെ പേരു ചേര്‍ക്കപ്പെടാന്‍ ഇനി ഒരു ദിവസം ബാക്കി. ഒക്ടോബര്‍ 13 ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10.15 (ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 01.45) നാണ് ചടങ്ങുകള്‍ ആരംഭിക്കുക. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പൊതുവേദിയില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേ കര്‍ദ്ദിനാള്‍ ഹെന്‍റി ന്യൂമാന്‍, വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ജുസെപ്പീന വന്നീനി, ബ്രസീലിലെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ഡൂള്‍ചെ ലോപെസ് പോന്തെസ്, സ്വിറ്റ്സര്‍ലണ്ടിലെ അല്‍മായ സ്ത്രീയും ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാഗവുമായിരുന്ന മാര്‍ഗരറ്റ് ബെയ്സ് എന്നിവരാണ് മറിയം ത്രേസ്യയെ കൂടാതെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
കര്‍ദ്ദിനാള്‍ ഹെന്‍റി ന്യൂമാന്‍ ലണ്ടനിലെ ആംഗ്ലിക്കന്‍ സഭയില്‍ വൈദികനായിരുന്നെങ്കിലും, പിന്നീട് കത്തോലിക്ക സഭയിലേയ്ക്കു ചേര്‍ന്ന് അജപാലനജീവിതം ആരംഭിക്കുകയായിരിന്നു. വാഗ്മിയും, ദൈവശാസ്ത്രപണ്ഡിതനും, കവിയും ആത്മീയഗ്രന്ഥ കര്‍ത്താവുമായിരുന്നു അദ്ദേഹം. 1845-ലാണ് അദ്ദേഹം കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. 1879-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി. 1890-ല്‍ ബര്‍മിങ്ഹാമില്‍ അന്തരിച്ചു. മുന്‍പാപ്പാ ബെനഡിക്ട് 16-മനാണ് തന്‍റെ ഇംഗ്ലണ്ട് അപ്പസ്തോലിക യാത്രയ്ക്കിടെ 2016-ല്‍ കര്‍ദ്ദിനാള്‍ ന്യൂമാനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. “നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ...!” (Lead kindly light) വിഖ്യാതമായ കവിത കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ രചനയാണ്.
വിശുദ്ധ കമിലസിന്‍റെ സഹോദരിമാരുടെ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയാണ് (Congregation of the Daughters of St. Camillus) ഇറ്റലിയില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ജുസെപ്പീന വന്നീനി. 1859-ല്‍ റോമിലായിരുന്നു ജനനം. ചെറുപ്പത്തിലേ അനാഥയായി മാറിയ അവള്‍ റോമിലെ ഒരു മഠത്തിലാണ് വളര്‍ന്നത്. അവിടെ രോഗീപരിചരണം തന്‍റെ ദൈവവിളിയായി ഉള്‍ക്കൊണ്ട അവള്‍ വിശുദ്ധ കമിലസിന്‍റെ രോഗീശുശ്രൂഷയുടെ ആത്മീയത ഉള്‍ക്കൊണ്ട് സന്ന്യാസിനീ സമൂഹത്തിന് രൂപം നല്കി. 1891-ല്‍ സമൂഹത്തിനു വത്തിക്കാന്‍റെ അംഗീകാരം ലഭിച്ചു. അനേകായിരങ്ങള്‍ക്ക് കൈത്താങ്ങായി മാറിയ സിസ്റ്റര്‍ ജുസെപ്പീന സുപ്പീരിയര്‍ ജനറലായി സേവനം ചെയ്യുന്നതിനിടെ 1911-ല്‍ അന്തരിച്ചു. 1994-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ജുസെപ്പീന വന്നീനിയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.
സ്പെയിനില്‍ ജനിച്ചു ബ്രസീല്‍ പ്രവര്‍ത്തനമണ്ഡലമായി തിരഞ്ഞെടുത്ത വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ഡൂള്‍ചെ ലോപെസ് പോന്തെസ് ദൈവമാതാവും അമലോത്ഭവയുമായ കന്യകാനാഥയുടെ സന്ന്യാസിനീ സമൂഹത്തില്‍ അംഗമായിരിന്നു. ബ്രസീലിലെ ചേരിപ്രദേശങ്ങള്‍ തന്‍റെ പ്രേഷിതമേഖലയാക്കി മാറ്റിക്കൊണ്ടായിരിന്നു അവര്‍ തന്റെ ശുശ്രൂഷ വ്യാപിപ്പിച്ചത്. “പാവങ്ങളുടെ അമ്മ”യെന്ന് ജനങ്ങള്‍ സിസ്റ്റര്‍ പോന്തെസിനെ വിളിച്ചിരുന്നു. സിസ്റ്റര്‍ പോന്തെസിന്‍റെ അഗതികള്‍ക്കായുള്ള പ്രേഷിത സമര്‍പ്പണത്തിന്‍റെ തീക്ഷ്ണത കണ്ട്, വാഴ്ത്തപ്പെട്ട പദപ്രഖ്യാപന സമയത്ത് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വിശേഷിപ്പിച്ചത് “ഈ സ്ത്രീരത്നം മാനവികതയ്ക്കൊരു മാതൃക”യാണെന്നായിരിന്നു.
സ്വിറ്റ്സര്‍ലണ്ടിലെ അല്‍മായ വനിതയായിരിന്നു ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാഗവുമായിരുന്ന മാര്‍ഗരറ്റ് ബെയ്സ്. ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭയില്‍ വ്രതമെടുത്ത് കന്യകയായി ജീവിച്ച അവര്‍ ജീവിതത്തിന്‍റെ ശാരീരികവും മാനസികവുമായ സഹനങ്ങളെ ക്ഷമയോടെ ഏറ്റുവാങ്ങി. പഞ്ചക്ഷതങ്ങള്‍ ഈ വിശുദ്ധയില്‍ പ്രകടമായിരിന്നു. പാവങ്ങളുടെ ശുശ്രൂഷ, മതബോധനം, ദേവാലയശുശ്രൂഷ എന്നിവയില്‍ തീക്ഷ്ണമതിയായിരുന്നവള്‍, ചെറിയ കാര്യങ്ങളിലുള്ള വിശ്വസ്തതയും ത്യാഗസമര്‍പ്പണവും ജീവിതവ്രതമാക്കി മാറ്റി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1995-ല്‍ മാര്‍ഗരറ്റ് ബെയ്സിനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തി.
{{ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ പൂര്‍ണ്ണജീവചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1603 }}
വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഈ അഞ്ചുപേരുടെയും ചിത്രങ്ങള്‍ വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ സ്ഥാപിച്ചിട്ടുണ്ട്. |