Content | വത്തിക്കാൻ സിറ്റി: വിശുദ്ധ മറിയം ത്രേസ്യ, കർദ്ദിനാൾ ന്യൂമാൻ ഉൾപ്പെടെ അഞ്ചുപേരെ വിശുദ്ധപദവിയിലേക്ക് കത്തോലിക്കാസഭ ഉയർത്തിയ ചടങ്ങിൽ ഭാഗഭാക്കാകാൻ മുൻ നിര രാജ്യങ്ങളിലെ ഭരണതലവന്മാർ നേരിട്ടെത്തിയത് ശ്രദ്ധേയമായി. തായ്‌വാൻ പ്രസിഡന്റിന്റെ പ്രതിനിധിയായി വൈസ് പ്രസിഡന്റ് ചെൻ ചീയൻ ജെൻ, ചാൾസ് രാജകുമാരൻ, ഇറ്റാലിയൻ പ്രസിഡന്റ് മറ്ററെല്ലാ, ബ്രസീലിയൻ വൈസ് പ്രസിഡന്റ് അന്റോണിയോ മൊറാരോ, അയർലൻഡ് വിദ്യാഭ്യാസ മന്ത്രി ജോയ് മക്ഹഗ്, സ്വിസ് ഫെഡറൽ കൗൺസിലർ കരിൻകെല്ലർ തുടങ്ങിയ പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയത്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ വകുപ്പിലെ മന്ത്രിമാരും ചടങ്ങിൽ ഭാഗഭാക്കായി.
ഇതിൽ തായ്‌വാൻ വൈസ് പ്രസിഡന്റിന്റെ സാന്നിധ്യമാണ് ശ്രദ്ധയാകർഷിക്കുന്നത്. 2016 മെയ് മാസം സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇത് മൂന്നാമത്തെ തവണയാണ് തായ്‌വാൻ വൈസ് പ്രസിഡന്റ് ചെൻ ചീയൻ ജെൻ, വത്തിക്കാൻ സന്ദർശിക്കുന്നത്. മദർ തെരേസയെയും, ജോൺ പോൾ രണ്ടാമൻ മാർപാപ്പയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങുകളിൽ ചെൻ ചീയൻ ജെൻ പങ്കെടുത്തിരുന്നു. ഈ രണ്ടു തവണയും അദ്ദേഹം രാജ്യം സന്ദർശിക്കാൻ ഫ്രാൻസിസ് മാർപാപ്പയെ ക്ഷണിച്ചുവെന്നത് ശ്രദ്ധേയമാണ്. തായ്‌വാൻ എന്ന രാജ്യത്തിന് യൂറോപ്പിൽ വത്തിക്കാനുമായി മാത്രമാണ് നയതന്ത്രബന്ധമുള്ളത്.
|