Content | തൃശൂര്‍: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുകയാണെന്നു തലശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. തൃശൂര്‍ അതിരൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംഘടിപ്പിച്ച അധ്യാപക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാര്‍ പാംപ്ലാനി. കഴിഞ്ഞ നാലുവര്‍ഷമായി നിയമന അംഗീകാരം പോലും ലഭിക്കാത്ത നൂറുകണക്കിന് എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ നമ്മുടെ വിദ്യാലയങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കിയാല്‍ അയ്യായിരം വിദ്യാര്‍ഥികള്‍ ഇല്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്ത അധ്യാപകസംഗമത്തില്‍ മോണ്‍. തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. അധ്യാപക അവാര്‍ഡ് നേടിയ സ്‌റ്റെയിനി ചാക്കോയെ യോഗത്തില്‍ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ 100 ശതമാനം വിജയം കൈവരിച്ച അതിരൂപതയിലെ 35 വിദ്യാലയങ്ങള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ആന്റണി ചെമ്പകശേരി, ജോഷി വടക്കന്‍, പി.ഡി. വിന്‍സന്റ്, ബിജു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
|