category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസാമൂഹിക പ്രതിബദ്ധതയോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Contentലോക രാജ്യങ്ങള്‍ക്കു മുമ്പില്‍ ഭാരതത്തിന്‍റെ മഹിമ ഉയര്‍ത്തുന്നതാണു നമ്മുടെ ശക്തമായ ജനാധിപത്യ വ്യവസ്ഥിതി. പരിമിതികള്‍ക്കു നടുവിലും ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പ്രാഭവം ഭാരതത്തിനും ഭാരതീയര്‍ക്കും തീര്‍ച്ചയായും അഭിമാനകരമാണ്. ലോകം പരീക്ഷിച്ച ഭരണ സമ്പ്രദായങ്ങളില്‍ ജനാധിപത്യമാണ് ഏറ്റവും സ്വീകാര്യമായി മാറിയത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം. എന്നാല്‍, പ്രായോഗികതലത്തില്‍ ജനങ്ങള്‍ക്ക് അര്‍ഹമായ തങ്ങളുടെ അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന ആക്ഷേപം ഉയരാറുണ്ട്. എങ്കിലും ജനക്ഷേമം മറന്നു പ്രവര്‍ത്തിക്കുന്നവരെ അധികാരത്തില്‍ നിന്നു നീക്കാനും ജനോപകാരപ്രദമായ നിലപാടുകള്‍ സ്വീകരിക്കുമെന്നു കരുതുന്നവരെ പ്രതിഷ്ഠിക്കാനും ജനങ്ങള്‍ക്ക് അവസരമുണ്ട്. അത്തരം അവസരമാണല്ലോ തെരഞ്ഞെടുപ്പ്. കേരളം ഒരു തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. സാമൂഹിക പ്രതിബദ്ധതയോടും മൂല്യാധിഷ്ഠിത ചിന്തകളോടും കൂടിയാവണം നാം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടത്. കക്ഷിരാഷ്ട്രീയങ്ങള്‍ക്കപ്പുറത്തു പൊതുനന്മയാണു സഭ എന്നും ആഗ്രഹിക്കുന്നത്. പൗരബോധത്തിന്‍റെ പരോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ സഭയുടെ ദൗത്യത്തിന്‍റെ ഭാഗമാണ്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ ജനാധിപത്യ ഭരണക്രമത്തില്‍ അംഗീകരിച്ചേ മതിയാവൂ. രാഷ്ട്രീയ നേതാക്കന്മാര്‍ മുന്നണി വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെയാണെന്നും അവരില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അതുകൊണ്ട് വോട്ടു ചെയ്യുന്നില്ല എന്നും ചിന്തിക്കുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്. സമകാലിക രാഷ്ട്രീയത്തിന്‍റെ പ്രയോഗ തലങ്ങളിലെ അസ്വസ്ഥതകള്‍ കണ്ടാണ്‌ ഇത്തരം അരാഷ്ട്രീയ വാദത്തിലേക്കും നിസംഗതയിലേക്കും നിഷ്ക്രിയത്വത്തിലേക്കും ചിലരെങ്കിലും പോകുന്നത്. യുവജനങ്ങളും അഭ്യസ്തവിദ്യരും രാഷ്ട്രീയത്തോടു വൈമുഖ്യം പുലര്‍ത്തുന്നതു ഗൗരവമായി പരിശോധിക്കപ്പെടണം. 'വോട്ട് ചെയ്തിട്ടു കാര്യമില്ല. അല്ലെങ്കില്‍ ഇവര്‍ക്കാര്‍ക്കും വോട്ടുചെയ്തിട്ടു ഫലമില്ല' എന്നെല്ലാമുള്ള മനോഭാവങ്ങള്‍ നിലവിലെ സംവിധാനങ്ങളോടുള്ള പ്രതിഷേധത്തിന്റെ അടയാളമാകുമെങ്കിലും ജനാധിപത്യത്തെ ദുര്‍ബലമാക്കാനും സ്ഥാപിത താത്പര്യക്കാര്‍ക്കു തങ്ങളുടെ നയങ്ങള്‍ എതിര്‍പ്പില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുമാണു സാഹചര്യമൊരുക്കുക. രാജ്യത്തെയും സമൂഹത്തെയും സ്നേഹിക്കുന്നവര്‍ വോട്ടു ചെയ്യുക എന്ന അടിസ്ഥാനപരമായ പൗരധര്‍മം വിനിയോഗിച്ചു ജനാധിപത്യ തെരഞ്ഞെടുപ്പു പ്രക്രിയകളോടു സഹകരിക്കേണ്ടതുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കാന്‍ ഏവരും ശ്രദ്ധിക്കണം. ഓരോ കാലഘട്ടത്തിലേയും ജനത്തിന് അവര്‍ക്ക് അനുയോജ്യരായ നേതാക്കന്മാരെ ലഭിക്കുന്നുവെന്നു പറയാറുണ്ടല്ലോ. വോട്ടു വഴി നാടു ഭരിക്കാനുള്ള അധികാരം നാം ഏല്‍പ്പിച്ചു കൊടുക്കുന്നവരെക്കുറിച്ചും അവരുടെ ആശയസംഹിതകളെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും പൗരന്മാരായ നമുക്ക് അറിവുണ്ടാവണം. പഠനവും ചര്‍ച്ചയും വിവേകവും പ്രാര്‍ത്ഥനയും നല്ല നേതാക്കന്മാരെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആവശ്യമാണ്‌. രാഷ്ട്രീയമേഖലയിലുള്‍പ്പെടെ സഭയ്ക്കു വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുകളുണ്ട്. രാഷ്ട്രീയക്കാരില്‍ സഭയുടെ കാഴ്ചപ്പാടുകളോട് ഒത്തുപോകുന്നവരും അല്ലാത്തവരുമുണ്ട്. പൊതുവേ ഒത്തുപോകുന്നവരെന്നു കരുതപ്പെടുന്നവരും ചില കാര്യങ്ങളില്‍ ഒത്തുപോകണമെന്നില്ല. ഒത്തുപോകാത്തവരെന്നു തോന്നുന്നവരും ചില കാര്യങ്ങളില്‍ സഭയുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കുന്നവരായിരിക്കാം. സഭാ വിശ്വാസികളില്‍തന്നെ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും അനുഭാവികളും പ്രവര്‍ത്തകരുമുണ്ട്. എല്ലാവരുടെയും സ്വാതന്ത്ര്യത്തെ സഭ മാനിക്കുന്നു. സഭ ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാനമൂല്യങ്ങള്‍ സമൂഹത്തിന്‍റെ ക്ഷേമത്തിനും കെട്ടുറപ്പിനും ഉതകുന്നതാണ്. ഈശ്വരവിശ്വാസം, സത്യം, നീതി, മതേതരത്വം, പാവപ്പെട്ടവരോടുള്ള പ്രതിബദ്ധത, മതങ്ങളോടും മതാത്മക പ്രസ്ഥാനങ്ങളോടുമുള്ള ആദരവ്, ഭരണഘടനയോടും കോടതിയോടുമുള്ള ബഹുമാനം, ജനാധിപത്യ-മാനവിക മൂല്യങ്ങളോടുള്ള ആഭിമുഖ്യം, സഹിഷ്ണുത എന്നിവ സഭയുടെ സാമൂഹികപ്രബോധനത്തിന്‍റെ അന്തസാരമാണ്. രാജ്യത്തിന്‍റെ വികസനവും കെട്ടുറപ്പും നിലനില്‍പ്പും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലാണെന്നു സഭ വിശ്വസിക്കുന്നു. സഭ വിശ്വസിക്കുന്ന മൂല്യങ്ങളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമുള്ള നിലപാടുകളേയും വിലയിരുത്തി വേണം സഭാംഗങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍. ജനാധിപത്യത്തോടു നിസംഗമായ മനസ് സമൂഹത്തില്‍ രൂപപ്പെടാതിരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാരുകളും നയങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. സമൂഹജീവിതത്തെ നശിപ്പിക്കുന്ന അഴിമതി, വര്‍ഗീയത, സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍, മദ്യത്തിന്‍റെയും മറ്റു ലഹരിവസ്തുക്കളുടെയും ഉപഭോഗം ഇവയ്ക്കെല്ലാമെതിരെ രാഷ്ട്രീയകക്ഷികള്‍ക്കു വ്യക്തമായ നിലപാടുകള്‍ ഉണ്ടാവണം. അക്രമരാഷ്ട്രീയം ജനാധിപത്യ സമൂഹത്തിന് തീരാകളങ്കമാണ്. അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധമായ കാഴ്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപേക്ഷിക്കണം. സമൂഹത്തിലെ എല്ലാവിഭാഗങ്ങള്‍ക്കും ഉപകരിക്കുന്ന വികസന പരിപാടികള്‍ വേണം സര്‍ക്കാരുകള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കേണ്ടത്. കര്‍ഷകര്‍, ദളിതര്‍, മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍, ആദിവാസികള്‍, സംഘടിതരും അസംഘടിതരുമായ തൊഴിലാളികള്‍ ഇങ്ങനെ എല്ലാവര്‍ക്കും അര്‍ഹമായ നീതി ഉറപ്പുവരുത്തേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തു സര്‍ക്കാര്‍ മേഖലയ്ക്കൊപ്പം സ്വകാര്യ മേഖലയ്ക്കും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ രംഗത്ത് എല്ലാ ന്യൂനപക്ഷവിഭാഗ‍ങ്ങള്‍ക്കും ന്യായമായ അവകാശങ്ങള്‍ ഉറപ്പാക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ അവലംബിക്കേണ്ടത്. തെരഞ്ഞെടുപ്പിലൂടെ നാടിന്‍റെ ഭരണം ഏതാനും വ്യക്തികളില്‍ ഏല്‍പ്പിച്ചു കൊടുക്കുന്നതോടെ ഉത്തരവാദിത്വം കഴിഞ്ഞു എന്നു ചിന്തിക്കരുത്. ജനപ്രതിനിധികള്‍ തങ്ങളുടെ കടമ എപ്രകാരമാണു നിര്‍വഹിക്കുന്നതെന്നു വിശകലനം ചെയ്യപ്പെടണം. അവര്‍ക്ക് ആവശ്യമായ പിന്തുണയും തിരുത്തലുകളും നല്‍കുമ്പോഴാണു ജനാധിപത്യ വ്യവസ്ഥയിലെ ജനങ്ങളുടെ അധികാരം പൊതുനന്മയ്ക്കായി വിനിയോഗിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പുകാലത്തു രാഷ്ട്രീയപാര്‍ട്ടികള്‍ ഉന്നയിക്കുന്ന താത്ക്കാലികമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും എന്നതില്‍ മാത്രമൊതുങ്ങരുത് നമ്മുടെ രാഷ്ട്രീയവിശകലനവും പൗരബോധവും. നാടിന്‍റെ സുസ്ഥിര താത്പര്യങ്ങളും സമൂഹനന്മയും ദൈവിക - മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണസംവിധാനം നിലവില്‍ വരാന്‍ പ്രതിബദ്ധതയോടുകൂടി തെരഞ്ഞെടുപ്പു പ്രക്രിയയില്‍ നമുക്കു പങ്കു ചേരാം. അര്‍ഹരും യോഗ്യരുമായ ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടാന്‍ സഭാംഗങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. (മേയ് 16-നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പള്ളികളില്‍ വായിക്കാനായി അയച്ച സര്‍ക്കുലര്‍).
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-04-13 00:00:00
Keywords
Created Date2016-04-13 13:11:56