Content | റേയ്ക്ക്ജാവിക്: ലൂഥറൻ ഭൂരിപക്ഷ യൂറോപ്യന്‍ രാജ്യമായ ഐസ്‌ലാൻഡിലെ കത്തോലിക്കരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1994ൽ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമായിരുന്നു കത്തോലിക്കാ വിശ്വാസികളെങ്കിൽ ഒക്ടോബർ 2019 ലെ കണക്കുകൾ പ്രകാരം കത്തോലിക്ക വിശ്വാസികൾ നാലു ശതമാനമായി വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കത്തോലിക്ക ഭൂരിപക്ഷ രാഷ്ട്രമായ പോളണ്ട് അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ആളുകളുടെ കുടിയേറ്റമാണ് ശതമാന വര്‍ദ്ധനവിനു കാരണമായി വിലയിരുത്തപ്പെടുന്നത്.
ഐസ്‌ലാൻഡിലെ ജീവിക്കുന്ന 40% വിദേശികളും പോളിഷ് വംശജരാണ്. രണ്ടാംസ്ഥാനത്ത് ലിത്വാനിയക്കാരും. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തുന്ന ആളുകളുടെ എണ്ണം വലിയ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുന്നത് റേയ്ക്ക്ജാവിക്കിലുളള ക്രിസ്തുരാജന്റെ നാമധേയത്തിലുള്ള ബസിലിക്കയിലാണ്. ചില സമയത്ത്, വിശ്വാസികളുടെ ബാഹുല്യം നിമിത്തം മൂലം ദേവാലയത്തിൽ പ്രവേശിക്കാൻ പോലും സാധിക്കാറില്ലായെന്ന് ഐസ്‌ലാൻഡിലെ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം രാജ്യത്തെ ലൂഥറൻ വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 1990ൽ രാജ്യത്തെ 90% ആളുകളും ലൂഥറൻ സഭയിലെ അംഗങ്ങളായിരുന്നു. ഇപ്പോഴത് 64 ശതമാനം മാത്രമാണ്. |