Content | വത്തിക്കാന് സിറ്റി/ ബാഗ്ദാദ്: ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാഖിലെ ബാഗ്ദാദിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന കൂട്ടക്കുരുതിയില്‍ മരണം വരിച്ച രണ്ടു വൈദികര്‍ ഉള്‍പ്പെടെ 48 ദൈവദാസരുടെ രക്ഷസാക്ഷിത്വം സംബന്ധിച്ച പഠനം പ്രാദേശിക സഭ പൂര്‍ത്തിയാക്കി വത്തിക്കാന് കൈമാറി. ഒക്ടോബര്‍ 31 വ്യാഴാഴ്ചയാണ് ഇവരുടെ ജീവിതവിശുദ്ധി തെളിയിക്കുന്ന റിപ്പോര്‍ട്ടും, അതിനെ പിന്‍തുണയ്ക്കുന്ന തെളിവുകളും രേഖകളും വത്തിക്കാനു സമര്‍പ്പിച്ചതെന്ന് പോസ്റ്റുലേറ്റര്‍, ഡോ. ലൂയി എസ്കലാന്തെ പ്രസ്താവനയിലൂടെ അറിയിച്ചു. 2010 ഒക്ടോബര്‍ 31നാണ് ക്രൈസ്തവ കൂട്ടക്കുരുതി നടന്നത്.
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സ് ബാഗ്ദാദിലെ, വിമോചന നാഥയുടെ (Our Lady of Deliverance) നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയം ദിവ്യബലിമദ്ധ്യേ ആക്രമിക്കുകയായിരിന്നു. ദിവ്യബലി അര്‍പ്പിച്ചിരുന്ന ഫാ. തായര്‍ എന്ന വൈദികനും, കുമ്പസാര ശുശ്രൂഷ നല്‍കിക്കൊണ്ടിരിന്ന ഫാ. വാസിമും ആദ്യം കൊല്ലപ്പെട്ടു. തുടര്‍ന്ന് ദിവ്യബലിയില്‍ പങ്കെടുത്തിരുന്ന വിശ്വാസി സമൂഹത്തിലേയ്ക്ക് തീവ്രവാദികള്‍ പലവട്ടം ബോംബുകള്‍ വര്‍ഷിക്കുകയായിരിന്നു. അക്രമണ സമയത്ത് 150 പേര്‍ ദേവാലയത്തില്‍ ഉണ്ടായിരിന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 46 പേര്‍ അന്നു ദാരുണമായി കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരില്‍3 മാസംവരെ പ്രായമുള്ള കുട്ടിയും, ഗര്‍ഭിണിയായ അമ്മയും 11 വയസ്സുവരെയുള്ള കുട്ടികളും ഉള്‍പ്പെടുന്നു. 48 ദൈവദാസരുടെയും ജീവസമര്‍പ്പണം വിശ്വാസത്തെ പ്രതിയാണെന്നു തെളിയിക്കുന്ന റിപ്പോര്‍ട്ടുകളും വിശദാംശങ്ങളും വിവരണങ്ങളുമാണ് കൂട്ടക്കുരുതിയുടെ വാര്‍ഷികനാളില്‍ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന് സമര്‍പ്പിച്ചത്. തീവ്രവാദികള്‍ തിരഞ്ഞെടുത്തു കൊലചെയ്ത, ദിവ്യബലിയില്‍ പങ്കെടുക്കുകയായിരുന്ന വിശ്വാസികളെ വിശുദ്ധരുടെ ഗണത്തിലേയ്ക്കും സഭയിലെ രക്തസാക്ഷികളുടെ കൂട്ടായ്മയിലേയ്ക്കും ചേര്‍ക്കണമെന്ന് അപേക്ഷിച്ചുകൊണ്ടാണ് രേഖകള്‍ കൈമാറ്റം ചെയ്തത്.
|