Content | ഡബ്ലിന്‍: 45 വര്‍ഷക്കാലം കൊല്‍ക്കത്തയിലെ തെരുവോരങ്ങളില്‍ ജീവിച്ചു നിരവധി അനാഥാലയങ്ങള്‍ നിര്‍മ്മിക്കുകയും അവിടെ അനേകം കുഞ്ഞുങ്ങള്‍ക്കു വിദ്യാഭ്യാസംനല്‍കി കൈപിടിച്ചുയര്‍ത്തുകയും ചെയ്ത ഐറിഷ് സന്യാസിനി സിസ്റ്റര്‍ പാസ്‌കല്‍ ഇനി ഓര്‍മ്മ. കഴിഞ്ഞ നാലു വര്‍ഷമായി ഡബ്ലിനിലെ കോണ്‍വന്റില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അവര്‍. പ്രസന്റേഷന്‍ സഭാംഗമായിരുന്ന അവര്‍ എട്ടു വര്‍ഷം മുന്‍പു ഒരു അനാഥാലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അയര്‍ലന്‍ഡില്‍നിന്നു സമാഹരിച്ച തുകയുമായി സിസ്റ്റര്‍ കൊല്‍ക്കത്തയില്‍ എത്തിയിരിന്നു.
മദര്‍ തെരേസയോടൊത്തു സിസ്റ്റര്‍ നിരവധി പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്. ഭാരതത്തെ ഏറെ സ്‌നേഹിച്ചിരുന്ന സിസ്റ്റര്‍ പാസ്‌കല്‍ തൊണ്ണൂറ്റി ഒന്‍പതാം ജന്മദിനത്തില്‍ കിട്ടിയ സമ്മാനത്തുകയും ഇന്ത്യയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. ഏതാനും വര്‍ഷം മുന്പ് ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സിസ്റ്റര്‍ നേരിട്ടെത്തിയത് മലയാളികള്‍ക്ക് ആഹ്ലാദം പകര്‍ന്നിരുന്നു. 2009ല്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഉദ്ഘാടന വേളയില്‍ മലയാളി സമൂഹം സിസ്റ്ററിനെ ആദരിച്ചു. സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 11ന് അയര്‍ലണ്ടിലെ ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടക്കും.
|