category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജപ്പാന്‍ സുവിശേഷവത്കരണത്തില്‍ പരാജയപ്പെടുന്നുവെന്ന് സമ്മതിച്ച് ടോക്കിയോ മെത്രാപ്പോലീത്ത
Contentടോക്കിയോ: ജപ്പാനിലെ സുവിശേഷവത്ക്കരണത്തില്‍ പരാജയപ്പെടുന്നുവെന്ന് തുറന്നു സമ്മതിച്ച് ടോക്കിയോ ആര്‍ച്ച് ബിഷപ്പ് ഇസാവോ കികുച്ചി. ജപ്പാന്‍ ജനതയെ സുവിശേഷവത്കരിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് നിരന്തരം മാര്‍ഗ്ഗതടസ്സങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിലും, സുവിശേഷം പ്രഘോഷിക്കുവാനുള്ള വഴികള്‍ തിരുസഭ തേടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിസ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ശേഷിക്കേ കാത്തലിക് ന്യൂസ് ഏജന്‍സിക്ക്‌ നല്‍കിയ അഭിമുഖത്തിലാണ് ജപ്പാന്റെ സുവിശേഷവത്കരണത്തിന് നേരിടുന്ന വിഷമതകളെക്കുറിച്ച് മെത്രാപ്പോലീത്ത വിവരിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ വംശഹത്യയേയും മതപീഡനത്തേയും നേരിട്ട രാജ്യത്തെ ക്രൈസ്തവ സഭയ്ക്കു ജപ്പാനിലെ മുഖ്യധാര സമൂഹത്തിലേക്ക് ഇറങ്ങിചെല്ലുവാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നു ടോക്കിയോ മെത്രാപ്പോലീത്ത വിവരിച്ചു. കഴിഞ്ഞ കാലങ്ങളില്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കല്‍, സാംസ്കാരിക ക്ലാസ്സുകള്‍ തുടങ്ങിയവയിലൂടെ സമൂഹത്തിലേക്കിറങ്ങി ചെല്ലുവാന്‍ വിദേശ മിഷ്ണറിമാര്‍ക്ക് കഴിഞ്ഞുവെങ്കിലും, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള സാംസ്കാരിക വ്യാപനത്തില്‍ വിദേശഭാഷ വിദ്യാഭ്യാസം സാമ്പത്തിക ലാഭമുള്ള കച്ചവട മേഖലയായി മാറിയതിനെ തുടര്‍ന്ന്‍ ഇത്തരം ക്ലാസ്സുകള്‍ ഇപ്പോള്‍ സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയുള്ള കച്ചവട സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. സുവിശേഷവത്കരണ ചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ച കത്തോലിക്ക സ്കൂളുകള്‍ക്കും ജപ്പാന്റെ സുവിശേഷവത്കരണത്തില്‍ കാര്യമായൊന്നും ഇപ്പോള്‍ ചെയ്യുവാന്‍ കഴിയുന്നില്ലെന്നും, സ്കൂള്‍ എന്ന പേര് മാത്രമാണ് ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസികളുടെ എണ്ണം ചുരുങ്ങിയതിനൊപ്പം ഇടവകകളുടേയും, പുരോഹിതരുടേയും എണ്ണത്തില്‍ വന്ന കുറവും, മതകാര്യങ്ങളിലുള്ള വിശ്വാസികളുടെ താല്‍പര്യകുറവും സുവിശേഷപ്രഘോഷണത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2011 മാര്‍ച്ചിലെ ഭൂമികുലുക്കം പോലെയുള്ള ദുരന്തമുഖങ്ങളില്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാനുള്ള അവസരങ്ങളായി സഭ കാണുന്നു. ഫിലിപ്പീന്‍സ് സ്വദേശികളെപ്പോലെ ജപ്പാനില്‍ താമസിക്കുന്ന വിദേശ ജനതയും സുവിശേഷവത്കരണത്തില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ടെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. സുവിശേഷത്തിന്റെ ആത്മാവ് ലഭിച്ചവര്‍ പതിയെ സഭയിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ജപ്പാന്‍ ജനസംഖ്യയിലെ 35 ശതമാനവും ബുദ്ധമത വിശ്വാസികളും, 3-4 ശതമാനം ഷിന്റോ മതത്തില്‍ വിശ്വസിക്കുന്നവരുമാണ്. ക്രൈസ്തവര്‍ 1-2 ശതമാനം മാത്രമാണുള്ളത്. ഇവരില്‍ പകുതിയും കത്തോലിക്കരാണ്. ജപ്പാന്‍ ജനതക്ക് സുവിശേഷത്തിന്റെ പുതുചൈതന്യം പകരാന്‍ നവംബര്‍ 23 മുതല്‍ 26 വരെ നടക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്നാണ് സഭാനേതൃത്വത്തിന്റെ പ്രതീക്ഷ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-11-06 12:48:00
Keywordsജപ്പാ
Created Date2019-11-06 12:27:10