Content | ഡെട്രോയിറ്റ്: ആരാധന പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്ന വിശ്വാസി സമൂഹങ്ങളുടെ വളക്കൂറുള്ള മണ്ണായി അമേരിക്ക മാറുകയാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. പരമ്പരാഗത ലത്തീന്‍ ആരാധനാക്രമത്തെ മുറുകെപ്പിടിക്കുന്ന വിശ്വാസികളുടേയും, ഇടവകകളുടേയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടെന്നാണ് ആരാധനാപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന അപ്പസ്തോലിക പൗരോഹിത്യ സമൂഹമായ ‘പ്രീസ്റ്റ്ലി ഫ്രറ്റേര്‍ണിറ്റി ഓഫ് സെന്റ് പീറ്റര്‍’ (എഫ്.എസ്.എസ്.പി) പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അമേരിക്കയിലെ എഫ്.എസ്.എസ്.പിയുടെ നേതൃത്വത്തിലുള്ള ഇടവക ദേവാലയങ്ങളില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചില ദേവാലയങ്ങള്‍ മുന്‍പത്തെ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലേറെ വര്‍ദ്ധനവാണ് കാഴ്ചവെച്ചിരിക്കുന്നത്.
കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോയിലെ സെന്റ് വിറ്റൂസ് കത്തോലിക്ക ദേവാലയമാണ് കണക്കുകള്‍ പ്രകാരം മുന്നിട്ട് നില്‍ക്കുന്നത്. 2018-നെ അപേക്ഷിച്ച് സെന്റ് വിറ്റൂസ് ദേവാലയത്തില്‍ വരുന്ന വിശ്വാസികളുടെ എണ്ണം 250-ല്‍ നിന്നും 500 ആയി വര്‍ദ്ധിച്ചു. സാന്‍ ഡിയഗോയിലെ സെന്റ് ആന്നെ കത്തോലിക്കാ ദേവാലയത്തില്‍ വരുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 800 ആയിരുന്നത് ഈ വര്‍ഷം ആയിരത്തിലധികമായി ഉയര്‍ന്നുവെന്നത് ശ്രദ്ധേയമാണ്. എഫ്.എസ്.എസ്.പി അപ്പോസ്തലേറ്റിന്റെ വടക്കേ അമേരിക്കയിലെ ആദ്യത്തെ ദേവാലയമായ മാറ്റര്‍ ഡേയി കത്തോലിക്കാ ഇടവകയിലെ വിശ്വാസികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 1,250 ആയിരുന്നത് ഈ വര്‍ഷം 1,550 ആയും, അറ്റ്ലാന്റയിലെ സെന്റ് ഫ്രാന്‍സിസ് കത്തോലിക്കാ ദേവാലയത്തില്‍ 460 ആയിരുന്നത് 600 ആയും ഉയര്‍ന്നു.
ഫ്ലോറിഡയിലും സമാനമായ വര്‍ദ്ധനവാണ് എഫ്.എസ്.എസ്.പി അപ്പസ്തോലേറ്റ് കാഴ്ചവെച്ചിരിക്കുന്നത്. നേപ്പിള്‍സില്‍ അപ്പസ്തോലേറ്റ് ആരംഭിച്ച് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിശ്വാസികളുടെ എണ്ണത്തില്‍ ഇരുപതു ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. എഫ്.എസ്.എസ്.പി പോലെ തിരുസഭ പാരമ്പര്യ ആരാധനക്രമത്തെ മുറുകെ പിടിക്കുന്ന മറ്റ് സഭകള്‍ക്കും സമാനമായ വര്‍ദ്ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. തങ്ങളുടെ പരമ്പരാഗത അപ്പസ്തോലേറ്റിന്റെ ഫലഭൂയിഷ്ടമായ മണ്ണാണ് അമേരിക്കയെന്നു മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെറും 13 അപ്പസ്തോലേറ്റുമായി പ്രവര്‍ത്തനമാരംഭിച്ച ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രൈസ്റ്റ് ദി കിംഗ് സോവറിന്‍ പ്രീസ്റ്റ്’ (ഐ.സി.കെ.എസ്.പി) പറയുന്നു.
|