Content | വത്തിക്കാൻ സിറ്റി: ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായ സുഡാൻ സന്ദർശിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഞായറാഴ്ച ത്രികാല ജപ പ്രാര്‍ത്ഥനയ്ക്ക് ശേഷം നൽകിയ സന്ദേശത്തില്‍, സുഡാനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച പാപ്പ രാജ്യം സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നതായി സൂചനകള്‍ നല്‍കി. ദക്ഷിണ സുഡാൻ റിപ്പബ്ലിക് പ്രസിഡന്‍റ് സൽവ ഖീറുമായി കൂടികാഴ്ച്ച നടത്തിയവസരത്തിലും പാപ്പ ഈ ആഗ്രഹം പ്രകടിപ്പിച്ചെന്ന് വത്തിക്കാന്‍ റേഡിയോയും റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തിന്‍റെ നന്മയ്ക്കായി നിരന്തരമായ സമഗ്ര സംഭാഷണത്തിനുള്ള പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരെ ഉദ്ബോധിപ്പിച്ച പാപ്പ, ദേശീയ അനുരഞ്ജനത്തിലേക്കുള്ള പാതയിൽ ദക്ഷിണ സുഡാനെ അനുയാത്ര ചെയ്യുന്നതില്‍ അന്താരാഷ്ട്ര സമൂഹം അവഗണന പ്രകടിപ്പിക്കുകയയില്ലെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വത്തിക്കാനിലെത്തിയ സൗത്ത് സുഡാൻ പ്രസിഡന്റ് സൽവാ ഖീർ, പ്രതിപക്ഷ നേതാവ് റെയ്ക് മച്ചാർ എന്നിവരുൾപ്പെടെ നാലു പേരുടെ പാദങ്ങളില്‍ വീണു പാപ്പ സമാധാന അഭ്യര്‍ത്ഥന നടത്തിയിരിന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഭരണപക്ഷവും പ്രതിപക്ഷവും പാപ്പയുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്നതിനാല്‍ പാപ്പ അടുത്ത വര്‍ഷം സുഡാന്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. |