Content | വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ശേഷിക്കേ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ വിവര്‍ത്തകനാകുന്നത് പാപ്പയുടെ മുൻ വിദ്യാർത്ഥി തന്നെ. ഈശോസഭ വൈദികനായ ഫാ. റെൻസോ ടി ലൂക്കയ്ക്കാണ് ചരിത്രപരമായ നിയോഗം ലഭിച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ മാതൃരാജ്യമായ അർജന്റീനയിലെ ജെസ്യൂട്ട് സെമിനാരിയിൽ റെക്ടറായിരുന്ന കാലഘട്ടത്തിലാണ് ഫാ. റെൻസോ ടി ലൂക്ക അവിടെ വിദ്യാഭ്യാസം നടത്തുന്നത്. പിന്നീട് അദ്ദേഹത്തെ മിഷ്ണറി പ്രവർത്തനങ്ങൾക്കായി ജപ്പാനിലേക്കയയ്ക്കുകയായിരിന്നു. 35 വർഷങ്ങൾക്കു ശേഷം ഫാ. റെൻസോ ടി ലൂക്ക ജപ്പാനിലെ ഈശോസഭ വൈദികരുടെ പ്രോവിൻഷ്യൽ സുപ്പീരിയർ സ്ഥാനം വഹിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി വിവർത്തനം ചെയ്യാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. പാപ്പയ്ക്കു വേണ്ടി വിവർത്തകനാകുന്നതിൽ സന്തോഷമുണ്ടെന്നും, ഇത് ഒരു ബഹുമതിയായി കാണുന്നുവെന്നും വത്തിക്കാന്‍ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫാ. റെൻസോ പറഞ്ഞു. കഴിഞ്ഞ തവണ തങ്ങൾ കണ്ടപ്പോൾ സുഹൃത്തുക്കളെ പോലെ ആലിംഗനം ചെയ്തിരിന്നു. അകത്തോലിക്കാ രാജ്യമായ ജപ്പാനിലെത്തുമ്പോൾ എന്ത് സന്ദേശമാണ് മാർപാപ്പ പറയാൻ പോകുന്നതെന്ന് വിശ്വാസികൾ ആകാംക്ഷയോടെ നോക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നവംബർ 23 മുതൽ 26 വരെയാണ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനം നടക്കുക.
|