Content | ഒഹിയോ: അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തെ മാക്സിമില്യൻ കോൾബെ ഇടവകയിൽ ശുശ്രൂഷ ചെയ്യുന്ന ഡീക്കന്‍ പങ്കുവെച്ച അനുഭവവും, അതോടൊപ്പമുള്ള ചിത്രവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറല്‍. മൈക്ക് ഹിൻഞ്ചർ എന്ന ഡീക്കനാണ് വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ നിറസാന്നിധ്യത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പ്രഭാത ബലിക്കിടയിലെ ദിവ്യകാരുണ്യ സ്വീകരണ സമയത്ത് ഡീക്കൻ മൈക്ക് ഹിൻഞ്ചറിന്റെ കൈകളിൽ നിന്നും അല്പം തിരുരക്തം താഴെ വീഴുകയായിരിന്നു. ആരും അതിന്മേൽ ചവിട്ടാതിരിക്കാനായി ഉടനെ തന്നെ ഒരു ചെറിയ തുണിയെടുത്തു മൈക്ക് ഹിൻഞ്ചർ അവിടെ വിരിച്ചു.
വിശുദ്ധ കുര്‍ബാനക്ക് ശേഷം തിരുരക്തം വീണുകിടന്നിടം ശുചിയാക്കാനായി വെള്ളവുമായി അദ്ദേഹം പള്ളി മുറിയിൽ നിന്നും വരവേ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരിന്നുവെന്ന് പോസ്റ്റില്‍ പറയുന്നു. 'ദി ചിൽഡ്രൻ ഓഫ് മേരി' സന്യാസിനി സഭയിലെ മൂന്നു സന്യാസിനികൾ യേശുവിന്റെ തിരുരക്തത്തിന് മുൻപിൽ തലകുമ്പിട്ട് ആരാധിച്ച് വണങ്ങുകയായിരിന്നു. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തിയവരായിരുന്നു അവരും. വിശുദ്ധ കുർബാനയിലെ യേശുവിന്റെ സാന്നിധ്യത്തിലുളള വിശ്വാസത്തിന് വലിയ സാക്ഷ്യമാണ് ആ സന്യാസിനികൾ അവരുടെ പ്രവർത്തി വഴി നൽകിയതെന്ന് ഡീക്കൻ മൈക്ക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കുർബാനയ്ക്കെത്തിയ ഒരു വിശ്വാസിയാണ് ഇതിന്റെ ചിത്രവും പകർത്തിയത്. ഇത്തരമൊരു സാഹചര്യത്തില്‍ എത്ര വിശ്വാസികൾ ഇങ്ങനെ മുട്ടുകുത്തി നിൽക്കുമായിരുന്നവെന്ന ചോദ്യമുന്നയിച്ചാണ് മൈക്ക് ഹിൻഞ്ചർ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ആയിരകണക്കിനാളുകളാണ് ഈ ചിത്രം നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഡീക്കന്‍ മൈക്ക് ഹിൻഞ്ചറിന്റെ പേജില്‍ നിന്നു മാത്രം ഏഴായിരത്തിലധികം ഷെയര്‍ ഈ പോസ്റ്റിന് ലഭിച്ചു. |