Content | പഴയ നിയമത്തിലെ രാജാക്കന്മാരുടെ പുസ്തകത്തിൽ വിവരിക്കുന്ന നഥാൻ മെലേക്കുമായി ബന്ധപ്പെട്ട വിവരണം ചരിത്രസത്യമാണെന്ന് അടിവരയിട്ട് 2600 വർഷം പഴക്കമുള്ള പുരാവസ്തു ഇസ്രായേലിൽ കണ്ടെത്തി. ജെറുസലേമിലെ ദാവീദിന്റെ നഗരത്തിൽ കണ്ടെത്തിയ സ്റ്റാമ്പ് സീലാണ് ചരിത്ര സത്യത്തിലേക്ക് വെളിച്ചം വീശുന്നത്. നദാൻ മെലേക്ക് എന്ന പേരിന്റെ അർത്ഥമെന്നത് രാജാവിന്റെ ദാനമെന്നാണ്. ജെറുസലേം ദേവാലയത്തിന്റെ സമീപത്താണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു. സ്റ്റാമ്പ് സീൽ കണ്ടെത്തുന്നതുവരെ ബൈബിള്‍ വിശേഷണത്തിന് അപ്പുറം ചരിത്ര തെളിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു.
ക്രിസ്തുവിനു മുമ്പ് ഏഴാം നൂറ്റാണ്ടിലോ, എട്ടാം നൂറ്റാണ്ടിലോ ഒരു വലിയ കെട്ടിടം ജറുസലേമിൽ ഉയർന്നിരുന്നുവെന്നും അത് എഡി 586ൽ നടന്ന ബാബിലോണിയക്കാരുടെ ജെറുസലേം ആക്രമണത്തിൽ തകർന്നിരിക്കാമെന്നും പ്രസ്തുത നിർമ്മിതിയുടെ അവശിഷ്ടങ്ങൾ ലഭിച്ചാൽ കെട്ടിടത്തിനടിയിൽ സ്റ്റാമ്പ് സീൽ എങ്ങനെ മൂടപ്പെട്ടുവെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും ഇസ്രായേലി പുരാവസ്തുവകുപ്പിൽ അംഗമായ ഡോക്ടർ യിഫ്ത ഷാലിവ് പറയുന്നു. നിർമ്മിതിയുടെ വലുപ്പം വെച്ച് നോക്കുമ്പോൾ ഇത് ഒന്നെങ്കിൽ ഒരു വലിയ പണക്കാരന്റെയോ, അതുമല്ലെങ്കിൽ രാജഭരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഒരാളുടേതോ ആകനാണ് സാധ്യതയെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ ഇരുപത്തിമൂന്നാമത്തെ അധ്യായത്തിലാണ് നഥാൻ മെലേക്കിനേ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. |