Content | ന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ അംബാസഡര്‍ ഫോര്‍ പീസ് പുരസ്‌കാരം ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് ഡോ. തോമസ് മേനാംപറമ്പിലിന്. ഡിസംബര്‍ ഒന്പതിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയും ഈ പുരസ്‌കാരം നേടിയിട്ടുണ്ട്. മനുഷ്യാവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ മുന്‍നിര സ്വതന്ത്ര സംഘടനയാണ് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ്.
1996ല്‍ ആസാമിലെ ബോഡോ ലാന്‍ഡിലെ കോക്രോജാറില്‍ അരലക്ഷത്തോളം ആളുകളെ നിരാലംബരക്കിയ വെള്ളപ്പൊക്ക കാലത്ത് ദുരിതാശ്വാസ ക്യാന്പുകളിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മേനാംപറന്പില്‍ തന്റെ സാമൂഹ്യ സേവനങ്ങള്‍ ആരംഭിച്ചതെന്ന് അദ്ദേഹം തന്നെ ഓര്‍മിക്കുന്നു. അതിനുശേഷം സ്ഥിരം കലാപങ്ങള്‍ ഉണ്ടാകുന്ന പ്രദേശത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. തന്റെ സംഭാവന വളരെ ചെറുതാണെന്നും എന്നാല്‍, സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ തന്റെ പ്രവര്‍ത്തനങ്ങളെ വിലമതിച്ചു എന്നും അദ്ദേഹം പറഞ്ഞു.
1992ലാണ് ഗോഹട്ടിയിലെ ആദ്യ കത്തോലിക്കാ ബിഷപ്പായി ഡോ. മേനാംപറന്പില്‍ സ്ഥാനമേല്‍ക്കുന്നത്. അതിനുമുന്‍പ് പതിനൊന്ന് വര്‍ഷക്കാലം ദിബ്രുഗഡിയിലെ ബിഷപ്പായിരുന്നു. ഷില്ലോംഗിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലും സെന്റ് ആന്റണീസ് കോളജിലും പ്രവര്‍ത്തിച്ചു. വിദേശത്തും ഇന്ത്യയിലുമായി നിരവധി സര്‍വകലാശാലകളില്‍ സാമുദായിക ഐക്യത്തെക്കുറിച്ചും സമാധാന വിഷയങ്ങളിലും പ്രഭാഷണങ്ങള്‍ക്കും ക്ഷണിക്കപ്പെടാറുണ്ട്. കഴിഞ്ഞ വര്‍ഷം ബെയ്ജിംഗില്‍ നടന്ന വേള്‍ഡ് കോണ്ഗ്ര സ് ഓഫ് ഫിലോസഫേഴ്‌സിലും പങ്കെടുത്തിരുന്നു.
|