Content | മെക്സിക്കോ സിറ്റി: നവംബർ ഇരുപത്തിമൂന്നിന് നടന്ന പ്രത്യേക ദിവ്യബലി മധ്യേ മെക്സിക്കോയിലെ പതിനായിരത്തോളം വരുന്ന വിശ്വാസികൾ ക്രിസ്തുരാജന് തങ്ങളെ തന്നെ പുനഃപ്രതിഷ്ഠിച്ചു. സിലാവോയിലെ ബൈസൻന്റേനിയേൽ പാർക്കിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്രിസ്തുരാജന്റെ ശില്പത്തിന് ചുവട്ടിലാണ് പുനഃപ്രതിഷ്ഠ ചടങ്ങുകൾ നടന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മെക്സിക്കൻ ആഭ്യന്തര യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട അനാക്ലീറ്റസ് ഗോൺസാലസ് ഫ്ലോറസ് എന്ന രക്തസാക്ഷിയെ ചടങ്ങിൽ പ്രത്യേകം സ്മരിച്ചു. മെക്സിക്കോയിലെ വത്തിക്കാൻ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് ഫ്രാങ്കോ കൊപ്പോള വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകി.
നിരവധി വൈദികരും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു. തിരുക്കര്‍മ്മത്തോട് അനുബന്ധിച്ച് നടന്ന ശുശ്രൂഷകളോടൊപ്പം നിരവധിയാളുകളുടെ സാക്ഷ്യങ്ങളും ചടങ്ങിന് നിറം പകർന്നു. ജീവനും, കുടുംബത്തിനും, സ്വാതന്ത്ര്യത്തിനുമുണ്ടാകുന്ന ഭീഷണികളുടെ രൂപത്തിൽ മരണ സംസ്കാരത്തെ നേരിടുന്ന മെക്സിക്കൻ ജനതയ്ക്ക് ക്രിസ്തുരാജന് പുനപ്രതിഷ്ഠ നടത്താൻ സാധിക്കുന്നത് അർത്ഥവത്തായ ഒന്നാണെന്ന് സംഘാടകർ പറഞ്ഞു. രാജ്യത്തെ വൈദികരുടെ കൊലപാതകങ്ങളുടെയും, ദേവാലയ ആക്രമണങ്ങളുടെയും പാപ പരിഹാരവും തിരുക്കര്‍മ്മങ്ങളിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതായും അവർ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ വൈദിക നരഹത്യ നടക്കുന്ന രാജ്യമാണ് മെക്സിക്കോ. |