Content | കൊച്ചി: ചര്‍ച്ച് ആക്ട് വിഷയത്തില്‍ കത്തോലിക്കാ മെത്രാന്മാര്‍ക്കും അല്മായ നേതാക്കള്‍ക്കും നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി പാലിക്കണമെന്നു കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ചില െ്രെകസ്തവവിരുദ്ധ സംഘടനകളും സഭാവിരുദ്ധരും ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെടുന്നത് അപലപനീയമാണ്. കേരളത്തിലെ 1.25 കോടിയോളം വരുന്ന കത്തോലിക്കാ വിശ്വാസികളെ അവഗണിച്ച് സഭാ വിരുദ്ധരുടെയും ക്രൈസ്തവ വിരുദ്ധരുടെയും നാമമാത്ര െ്രെകസ്തവസമൂഹങ്ങളുടെയും ആവശ്യം മാനിച്ചു ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകരുത്.
സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് യാക്കോബായ സഭയിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച് ആക്ട് ആവശ്യമാണെന്ന രീതിയില്‍ നടത്തുന്ന പ്രചാരണങ്ങള്‍ തെറ്റിദ്ധാരണാജനകമാണ്. സഭയുടെ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും കണക്കുകള്‍ സൂക്ഷിക്കുന്നതിനും നിയമമില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന പാരിഷ് കൗണ്‍സിലുകളും പാസ്റ്ററല്‍ കൗണ്‍സിലുകളും ട്രസ്റ്റിമാരുമുള്ള കത്തോലിക്കാ സഭയ്ക്കു സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കാനും സൂക്ഷിക്കാനും പള്ളികളിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനും ചര്‍ച്ച് ആക്ടിന്റെ ആവശ്യമില്ല.
കേരളത്തിലെ കെസിബിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മഹാഭൂരിപക്ഷം വരുന്ന സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളുടെ മെത്രാന്മാര്‍ക്കും അല്മായ നേതാക്കള്‍ക്കും 2018ല്‍ കേരള മുഖ്യമന്ത്രി നല്‍കിയിട്ടുള്ള ഉറപ്പുകള്‍ പാലിക്കാതെ ഒരു ന്യൂനപക്ഷത്തിന്റെയും സഭാവിരുദ്ധരുടെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിച്ചാല്‍ എതിര്‍ക്കും. ചര്‍ച്ച് ബില്ലിനെതിരേ കത്തോലിക്കാ കോണ്‍ഗ്രസ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, മലങ്കര കാത്തലിക് അസോസിയേഷന്‍ എന്നീ അല്മായ സംഘടന നേതാക്കളുമായി ആലോചിച്ച് സമരപരിപാടികള്‍ കെസിഎഫ് ആവിഷ്‌കരിക്കും. സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളായ അഡ്വ. വര്‍ഗീസ് കോയിക്കര, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഡേവീസ് തുളുവത്ത്, മേരി കുര്യന്‍, പ്രഷീല ബാബു, ഡോ. മേരി റെജീന, സജി ജോണ്‍, രാജു എരിശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.
|