Content | വത്തിക്കാന്‍ സിറ്റി: രക്തസാക്ഷിത്വം, വീരോചിത ജീവിതം, മദ്ധ്യസ്ഥതയിൽ നടന്ന അത്ഭുതം തുടങ്ങിയവയെ അടിസ്ഥാനമാക്കി ഇരുപത്തിയാറു പേരുടെ നാമകരണ നടപടികൾക്കു ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി. ഇറ്റലി, സ്പെയിൻ പോളണ്ട്, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ നാമകരണ നടപടികളുമായി മുന്നോട്ടുപോകാനായി വിശുദ്ധരുടെ നാമകരണ നടപടികൾക്കായുളള വത്തിക്കാൻ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ആഞ്ചലോ ബെച്ചുവിനോട് മാർപാപ്പ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. സിസ്റ്റേഴ്സ് ഓഫ് ദി പൂവർ, പലാസോളോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും ഇറ്റാലിയൻ വൈദികനുമായിരുന്ന ഫാ. ലൂയിജി മരിയ പലാസോളോയുടെ മദ്ധ്യസ്ഥതയിൽ നടന്ന അത്ഭുതത്തിന് അംഗീകാരം ലഭിച്ചു.
ഇതോടുകൂടി ലൂയിജി മരിയ പലാസോളോ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള നാമകരണ നടപടികള്‍ക്ക് അവസാനമായി. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. ഒലിൻറ്റോ മരേല എന്ന മറ്റൊരു ഇറ്റാലിയൻ വൈദികന്റെ മദ്ധ്യസ്ഥതയിൽ നടന്ന അത്ഭുതത്തിനും അംഗീകാരം ലഭിച്ചു. വാഴ്ത്തപ്പെട്ട പദവിയിലേക്കു ഫാ. ഒലിൻറ്റോ മരേല ഉയർത്തപ്പെടും. 1936-ല്‍ നടന്ന സ്പാനിഷ് ആഭ്യന്തര കലാപത്തിൽ വിശ്വാസത്തിന്റെ പേരിൽ ജീവത്യാഗം ചെയ്ത പതിനഞ്ചോളം വൈദികരുടെയും, അല്‍മായരുടെയും രക്തസാക്ഷിത്വവും വത്തിക്കാൻ അംഗീകരിച്ചു. ഇവരെയും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തും. |