category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍
Contentകൊച്ചി: ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം മതപഠന ക്ലാസുകള്‍ക്കും മറ്റ് ആരാധനാ ശുശ്രൂഷകള്‍ക്കും പ്രാധാന്യമേറിയ ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍. ദേശീയ മെറിറ്റ് കം മീന്‍സ് പരീക്ഷകള്‍, നീറ്റ് പരീക്ഷകള്‍, സംസ്ഥാന സര്‍ക്കാരിന്റെ പിഎസ്സി പരീക്ഷകള്‍, സാക്ഷരത തുല്യ പരീക്ഷകള്‍, ഉപജില്ല, ജില്ല, സംസ്ഥാന ശാസ്ത്ര പ്രവൃത്തിപരിചയ, കായിക, കലാമേളകള്‍, ഐടി അറ്റ് സ്‌കൂളിന്റെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പരിശീലന പരിപാടികള്‍, പ്രധാനാധ്യാപകര്‍ക്കായി സീമാറ്റ് നടത്തുന്ന പരിശീലനങ്ങള്‍, കെടെറ്റ് പരീക്ഷകള്‍ എന്നിവ ഞായറാഴ്ചകളില്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഖേദകരമാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിഒസിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വരുന്ന ക്രിസ്മസ് അവധിയിലെ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ 68 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു ത്രിദിന ഗണിത സഹവാസ ക്യാമ്പുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം മതപഠന ക്ലാസുകള്‍ക്കും മറ്റ് ആരാധനാ ശുശ്രൂഷകള്‍ക്കും തടസം സൃഷ്ടിക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു സമാന നിലപാടാണെന്നു സംശയമുണ്ടെന്നും മാര്‍ താഴത്ത് പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയം തിരിച്ചുവരുന്നതിനു നിയമപരിരക്ഷ നല്‍കുന്ന പുതിയ നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ഉത്കണ്ഠാജനകമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകളും, പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ് കോളജുകളിലും പ്രിന്‍സിപ്പല്‍മാരെ അപമാനിച്ചതും കണ്ടില്ലെന്നു നടിക്കാനാവില്ല. അഭിമന്യു ഉള്‍പ്പെടെയുള്ള കുട്ടികളെ മാതാപിതാക്കന്മാര്‍ക്കു നഷ്ടമായി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വെള്ള പൂശാനുള്ള ശ്രമങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം. അക്രമങ്ങളും രാഷ്ട്രീയവും കൊണ്ടു സമാധാനപരമായ പഠനസാഹചര്യം നഷ്ടമാകുന്നതും സംസ്ഥാനത്തു നിന്നു വിദ്യാര്‍ഥികള്‍ പുറത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നതിനു കാരണമാണ്. കലാലയ രാഷ്ട്രീയത്തിനായി നിയമനിര്‍മാണം നടത്തിയാല്‍ അതിനെതിരേ കോടതിയെ സമീപിക്കും. മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട അധ്യാപകര്‍ നടത്തുന്ന ധാര്‍മിക സമരങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. 2016ലെ കെഇആര്‍ ഭേദഗതിയിലൂടെ അധിക തസ്തികകളിലെ നിയമനങ്ങളില്‍ 1:1 (പ്രൊട്ടക്ടഡ് അധ്യാപകരും, മാനേജ്മെന്റ് നിയമിക്കുന്ന അധ്യാപകരും) എന്ന അനുപാതം പാലിക്കണമെന്ന സര്‍ക്കാര്‍ നിലപാടാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാനം. 1979നു ശേഷം സ്ഥാപിതമായ വിദ്യാലയങ്ങളില്‍ ഒരു തസ്തിക വീതം സര്‍ക്കാരിനു വിട്ടു കൊടുക്കണമെന്ന ഭേദഗതിയുമുണ്ടായി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണഘടന അവര്‍ക്ക് ഉറപ്പുനല്‍കുന്ന 30(1) അനുഛേദത്തിന്റെ ലംഘനമാണിത്. വേതനം ലഭിക്കാതെ വര്‍ഷങ്ങളായി ജോലി ചെയ്യേണ്ടി വരുന്ന ഈ സാഹചര്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. 2014-15 വര്‍ഷങ്ങളില്‍ അനുവദിച്ച കുറെയേറെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനിയും തസ്തിക നിര്‍ണയം നടത്തി അധ്യാപക നിയമനം നടത്തിയിട്ടില്ല. ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിലും സര്‍ക്കാര്‍ സമവായത്തിന്റെ മാര്‍ഗമല്ല സ്വീകരിക്കുന്നതെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂട്ടിച്ചേര്‍ത്തു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരുവേലിക്കല്‍, കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-12-05 09:13:00
Keywordsഞായ
Created Date2019-12-05 09:01:17