Content | കൊച്ചി: കത്തോലിക്ക സഭയിലെ സന്യസ്തരെ അവഹേളിക്കുന്ന പ്രവണതകൾക്കെതിരായും ചർച്ഛ് ആക്ടിന്റെ പരിണിത ഫലങ്ങളെ കുറിച്ച് സഭയിലെ അൽമായരിലേക്ക് എത്തിക്കുന്നതിനും വേണ്ടിയും കെസിവൈഎം സംസ്ഥാനതലത്തിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് കെസിവൈഎംന്റെ നേതൃത്വത്തിൽ കേരളത്തിലെ 32 രൂപത കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങളും ഡിസംബർ 15ന് കേരളത്തിലെ എല്ലാ കത്തോലിക്ക ദേവാലയങ്ങളിലും സഭയുടെ ഔദ്യോഗിക സംഘടനകളെയും വിശ്വാസികളെയും ഉൾപ്പെടുത്തിക്കൊണ്ട് പ്രതിഷേധ റാലിയും യോഗങ്ങളും നടത്തുന്നതിനും സംസ്ഥാന സമിതി ആഹ്വാനം ചെയ്തു.
സഭയ്‌ക്കെതിരെയുള്ള തിന്മ ശക്തികളെ ഒന്നായി നിന്ന് ചെറുക്കുമെന്നും അതിനുവേണ്ടി കെസിവൈഎം കർമ്മനിരതമായി നിലകൊള്ളുമെന്നും സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അഭിപ്രായപ്പെട്ടു. പ്രതിഷേധ റാലിക്കും യോഗങ്ങൾക്കും കെസിവൈഎം സംസ്ഥാന ഭാരവാഹികളും രൂപത സമിതി അംഗങ്ങൾ നേതൃത്വം നൽകും. ഫാ.സ്റ്റീഫൻ തോമസ് ചാലക്കര, ബിജോ പി ബാബു,ജോസ് റാൽഫ്, ഡെലിൻ ഡേവിഡ്, തേജസ് മാത്യു കറുകയിൽ, സന്തോഷ് രാജ്, റോസ് മോൾ ജോസ്, ടീന കെ എസ്, ഷാരോൺ കെ റെജി, സി.റോസ് മെറിൻ തുടങ്ങിയവർ സംസാരിച്ചു.
|