Content | ജക്കാര്‍ത്ത: ക്രിസ്തുമസിനോട് അനുബന്ധിച്ച് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഇന്തോനേഷ്യയില്‍ മാത്രം സുരക്ഷയ്ക്കായി അധികാരികള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് ഒന്നര ലക്ഷത്തിലധികം പോലീസുകാരെ. രാജ്യത്തെ ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ 1,60,000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. രാജ്യത്തെ അമ്പതിനായിരത്തോളം വരുന്ന ക്രൈസ്തവ ദേവാലയങ്ങൾക്ക് സുരക്ഷയൊരുക്കാൻ കഴിഞ്ഞവർഷം തൊണ്ണൂറായിരം പോലീസുകാരെയായിരുന്നു നിയോഗിച്ചിരുന്നത്. സുരക്ഷ ഭീഷണിയുള്ളതിനാല്‍ ഇത്തവണ അത് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയായിരിന്നു.
രാജ്യത്ത് അടുത്തിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രാദേശിക ഭരണകൂടങ്ങൾ, ദേവാലയങ്ങൾക്ക് സുരക്ഷ നൽകാൻ വിസമ്മതിക്കരുതെന്ന് വെസ്റ്റ് ജാവ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി ഓഫ് ഇന്തോനേഷ്യയിൽ നിന്നുള്ള ഇന്റലിജൻസ് വിദഗ്ധൻ സ്റ്റാനിസ്ലോവ് റിയാന്ത പറഞ്ഞു. ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾക്കിടെ ആക്രമണം നടത്താനുള്ള സാധ്യത കൂടുതലാണെന്ന് സ്റ്റാനിസ്ലോവ് റിയാന്ത വിശദീകരിച്ചു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ സുരക്ഷാ ചുമതലയുള്ള മന്ത്രിയായ വിരാന്തോയ്ക്കെതിരെ നടന്ന കത്തി ആക്രമണമടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമുള്ള തീവ്രവാദി സംഘടനയായ ജമാ അൻഷാറുത്ത് ദൗള സംഘടനയാണ് അന്നത്തെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. |