category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ആഫ്രിക്കയിലെ എം‌സി‌ബി‌എസ് മിഷ്ണറിമാരുടെ സേവനത്തിന് ഒരു പതിറ്റാണ്ട്
Content2009 ഡിസംബർ 19നു ആണ് ആഫ്രിക്കയിലേക്ക് എം‌സി‌ബി‌എസ് മിഷ്ണറിമാർ ആദ്യമായി കടന്നുവന്നത്. കൃത്യം പത്തു വർഷങ്ങൾക്ക് മുൻപ്. സുവിശേഷ സന്ദേശവുമായി നാലു എം‌സി‌ബി‌എസ് വൈദികർ ഈസ്റ്റ്‌ ആഫ്രിക്കയിലെ ടാൻസാനിയ എന്ന രാജ്യത്ത് കാലുകുത്തിയപ്പോൾ അത് വലിയ ഒരു മിഷൻ യാത്രയുടെ തുടക്കം കൂടിയായിരുന്നു. രണ്ട് ഇടവകകകളിൽ ശുശ്രൂഷചെയ്തുകൊണ്ടാരംഭിച്ച ആ മിഷൻ യാത്ര ഇന്ന് പത്താം വർഷത്തിൽ എത്തി നിൽക്കുമ്പോൾ, പൂർവാധികം ശക്തിയോടെ തുടരുമ്പോൾ പറയാൻ ദൈവപരിപാലനയുടെ ഒരുപാട് അനുഭവങ്ങൾ ഉണ്ട്. ഏറ്റവും വലിയ അനുഭവം ഞങ്ങളിലൂടെ പടർന്നുപന്തലിക്കുന്ന ദൈവവചനത്തിന്റെ എത്തിപ്പെടലുകൾ ആണ്. ഇന്ന് ടാൻസാനിയയിൽ അഞ്ച്‌ രൂപതകളിലായി ഇരുപതു എം‌സി‌ബി‌എസ് വൈദികർ സേവനം ചെയ്യുന്നു. എട്ട് ഇടവകകളിലും അതിന്റെ എഴുപതോളം സബ്സ്റ്റേഷനുകളിലും ദൈവജനത്തെ ആത്‌മീയമായും, ഭൗതികമായും വളർത്തുന്നതിനായി സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. എം‌സി‌ബി‌എസ് വൈദികർ പ്രധാനമായും സേവനം ചെയ്യുന്നത് മൂന്ന് മേഖലകളിൽ ആണ്. ഇടവകാതലത്തിൽ ഉള്ള പ്രവർത്തനങ്ങൾ, വിദ്യാഭ്യാസതലത്തിലുള്ള പ്രവർത്തനങ്ങൾ, സാമൂഹിക തലത്തിലുള്ള പ്രവർത്തനങ്ങൾ. തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തെ വിശുദ്ധ കുർബാനയുടെ മക്കളാക്കാൻ, പലരീതിയിലുള്ള പ്രവർത്തനങ്ങൾ ഇടവകയിൽ നടത്തുന്നു. ഒരു പ്രധാനപ്പെട്ട സവിശേഷത എന്ന് പറയുന്നത് നമ്മൾ ചെയ്യുന്ന, ആമുഖമായി ചെയ്ത് ആരംഭിക്കുന്ന പലതും ഇവർക്ക് പുതിയതാണ്, പുതിയ അനുഭവമാണ്. അതുകൊണ്ട്തന്നെ വളരെ സജീവമായി ആളുകൾ എല്ലാത്തിലും പങ്കെടുക്കുന്നു. ഉദാഹരണമായി കുട്ടികൾക്ക് ഇവിടെ ഞായറാഴ്ച വേദപാഠ പരിശീലനം എന്നൊരു പരിപാടി ഇല്ലായിരുന്നു. എന്നാൽ നമ്മുടെ അച്ചൻമാർ ഉള്ളടത്തെല്ലാം അത് ആരംഭിക്കുകയും നമ്മുടെ നല്ല മാതൃക കണ്ട് ആഫ്രിക്കൻ അച്ചന്മാർ അവരുടെ ഇടവകകളിലും അതാരംഭിക്കുകയും ചെയ്തു. അതുപോലെ ക്രിസ്തുമസ്സ് കരോൾ നമ്മൾ ആരംഭിച്ചു. പുൽക്കൂടിന്റെ ചരിത്രം ഒക്കെ പറഞ്ഞു മനസിലാക്കി. അതുപോലെ ദിവ്യകാരുണ്യ ആരാധനകൾ, ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ, കൊന്തമാസത്തിൽ നടത്തുന്ന ഭക്തിനിർഭരമായ ജപമാല റാലികൾ, മാസത്തിലെ ആദ്യ വ്യാഴാഴ്ചകളിൽ നടത്തുന്ന നൈറ്റ് വിജില്‍ ഇവയൊക്കെ ഇടവകയെ ദൈവത്തോടും സഭയോടും ചേർത്ത് നിർത്തുന്നു. ഇത് കൂടാതെ കുടുംബങ്ങളുടെ നവീകരണം ലക്ഷ്യം വച്ച് കൊണ്ടുള്ള വിവിധ പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. ടാൻസാനിയയിലെ പ്രത്യേക സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക സവിശേഷതകളും, യൂറോപ്യൻ അധിനിവേശത്തിന്റെ അലയൊലികളും ഇവിടത്തെ കുടുംബങ്ങളെയും തെല്ലൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. അതിന്റെയൊക്കെ ഫലമായി വിവാഹജീവിതത്തിനും കുടുംബങ്ങൾക്കും ഒന്നും പ്രാധാന്യം നൽകാതെ, വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരാണ് യുവതിയുവാക്കൾ അധികവും. അങ്ങനെയുള്ളവരെയൊക്കെ കണ്ട് കുടുംബജീവിതത്തിന്റെ ധാർമികവശങ്ങളെയും മാഹാത്മ്യത്തെയും പ്രാധാന്യത്തെയും കുറിച്ച് പഠിപ്പിക്കുകയും പള്ളിയിൽ വന്നു നിയമപരമായി വിവാഹം കഴിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കമാണ് ടാൻസാനിയയിലെ പല പ്രദേശങ്ങളും. പ്രത്യേകിച്ച് ഗ്രാമങ്ങളിൽ. നല്ല സ്കൂളുകളോ, കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യങ്ങളൊ ഇല്ല, പഠിപ്പിക്കാൻ ഉള്ള സാമ്പത്തിക സ്ഥിതി പല മാതാപിതാക്കൾക്കും ഇല്ലതാനും. അന്നന്നു വേണ്ട ആഹാരത്തിനുള്ള വക അന്നന്നു കണ്ടെത്തി അരവയർ നിറവയറാക്കാൻ രാവെളുക്കുവോളം അധ്വാനിക്കുന്ന പാവങ്ങൾക്ക് കുട്ടികളെ പഠിപ്പിക്കാൻ ഉള്ള, നല്ല വിദ്യാഭ്യാസം കൊടുക്കാൻ ഉള്ള ആഗ്രഹമുണ്ടെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സാധിക്കുന്നില്ല. അതിനാൽ തന്നെ മിക്കവാറും കുട്ടികൾ പ്രാഥമികവിദ്യാഭ്യാസം കൊണ്ട് അവരുടെ സ്കൂൾ എന്ന സ്വപ്നം അവസാനിപ്പിക്കാറാണ് പതിവ്. അങ്ങനെയുള്ള സാഹചര്യത്തിൽ ഗ്രാമീണ മേഖലയിൽ ഉള്ള കുട്ടികളെയും മാതാപിതാക്കളെയും വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസിലാക്കി കൊടുത്തുകൊണ്ട് വില്ലേജുകളിൽ സ്കൂളുകൾ തുടങ്ങുകയും തുടർ വിദ്യാഭ്യാസം നൽകിവരുകയും ചെയ്യുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കുവാനായി വില്ലേജുകളിൽ ഈവനിംഗ് ട്യൂഷന്‍ സെന്‍റര്‍ തുടങ്ങുകയും അതിലൂടെ കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുവാൻ സാധിക്കുകയും ചെയ്യുന്നു. ദൂരെയുള്ള, തീരെ പാവപ്പെട്ട കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുകയും ചെയ്യുന്നു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി സെന്‍റ് ബെര്‍നാര്‍ഡ് സെന്റർ എന്നൊരു സ്ഥാപനവും ആരംഭിക്കാൻ കഴിഞ്ഞു. തമ്പുരാന്റെ കാരുണ്യത്തിന്റെ മറ്റൊരു മുഖമായി മാറുവാൻ ഇത്തരം സ്ഥാപനങ്ങളിലൂടെ നമുക്ക് കഴിയുന്നു. വില്ലേജുകൾ കേന്ദ്രീകരിച്ചുകൊണ്ടാണ് നമ്മുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ. പല തരത്തിലുള്ള ക്ഷേമപ്രവർത്തനങ്ങൾ വില്ലേജുകളിൽ നടത്തിവരുന്നു. ജലക്ഷാമം രൂക്ഷമായ മേഖലകളിൽ പല വില്ലേജുകളിലായി ഇരുപതോളം കിണറുകൾ കുഴിച്ചു കൊടുക്കാൻ സാധിച്ചു. കേരളത്തിലെ അയൽക്കൂട്ടം, കുടുംബശ്രീ ഒക്കെ പോലെ സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍ ഇപ്പോൾ വില്ലേജുകളിൽ പ്രവർത്തിക്കുന്നു. കൃഷി പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച ഒരു പദ്ധതി ആയിരുന്നു “ഒരു ചാക്ക് വളത്തിനു ഒരു ചാക്ക് ചോളം”പദ്ധതി. അതായത് നമ്മൾ ആളുകൾക്ക് ചോളം കൃഷി ചെയ്യാൻ വളം കൊടുക്കും. വിളവെടുപ്പ് കഴിയുമ്പോൾ ഒരു ചാക്ക് ചോളം നമുക്ക് അവർ തരണം. അങ്ങനെ കിട്ടുന്ന ചോളം ഹോസ്റ്റലിൽ ഉള്ള കുട്ടികൾക്കും സ്കൂളിലെ കുട്ടികൾക്കും ഭക്ഷണം കൊടുക്കാൻ ആയി ഉപയോഗിക്കുന്നു. തയ്യൽ പഠിപ്പിക്കുകയും തയ്യൽ മെഷിൻ മേടിക്കാൻ സഹായം കൊടുക്കുകയും ചെയ്തത് ഒരുപാട് സ്ത്രീകൾക്ക് സഹായകമായി. തേൻ ഒരുപാട് ഉള്ള ഒരു സ്ഥലമാണ് ടാൻസാനിയ. ഇവിടത്തെ ആളുകൾ സാധാരണ ഈച്ചയെ കത്തിച്ചാണ് തേൻ എടുക്കുന്നത്. അവരെ ശാസ്ത്രീയമായ രീതിയിലുള്ള തേൻ സംസ്കരണത്തെക്കുറിച്ച് പഠിപ്പിക്കുകയും തേനീച്ച പെട്ടികൾ സ്ഥാപിക്കാൻ പഠിപ്പിക്കുകയും ചെയ്തു. തേനീച്ച വളർത്തലും തേൻ സംസ്കരണവും വളരെ വിജയകരമായി മുന്നോട്ടു പോകുന്നു. വില്ലേജുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് കോഴി, ആട്,പന്നി ഒക്കെ വളർത്താനുള്ള സാമ്പത്തിക സഹായങ്ങൾ നൽകുന്നു. ഇങ്ങനെ പലവിധ ക്ഷേമപ്രവർത്തനങ്ങളിലൂടെ ആളുകളെ സ്വയം തൊഴിലെടുത്തു ജീവിക്കാൻ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ, പലവിധത്തിൽ പരിശ്രമിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ “വിശക്കുന്നവനു എല്ലാ ദിവസവും മീൻ മേടിച്ചുകൊടുക്കാതെ, പതുക്കെ പതുക്കെ അവനു മീൻ പിടിക്കാൻ ചൂണ്ട മേടിച്ചു കൊടുക്കുന്നു”. ഇനിയും ഒരുപാട് കാര്യങ്ങൾ ഇവർക്കായി ചെയ്യാൻ ഉണ്ട്. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ, തുടങ്ങിവയ്ക്കുന്ന മിഷൻ പ്രവർത്തനങ്ങൾ എല്ലാം തമ്പുരാൻ വിജയത്തിൽ എത്തിക്കുന്നു. തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ, ആത്‌മാവിൽ പുത്തനാക്കപ്പെട്ടു മുന്നോട്ടു പോകുവാൻ ദൈവം എന്നും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥന മാത്രം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-12-20 13:19:00
Keywordsആഫ്രിക്ക
Created Date2019-12-20 12:58:44